വാഷിങ്ടണ്‍ ഡി.സി: യു.എസില്‍ ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയാളിലാണ് ജനിതക വകഭേദം സംഭവിച്ച വൈറസ് കണ്ടെത്തിയത്. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചയാള്‍ക്കാണ് രോഗബാധ.
നവംബര്‍ 22നാണ് ഈ വ്യക്തി ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരികെയെത്തിയത്. നേരിയ ലക്ഷണങ്ങളെ തുടര്‍ന്ന് വിശദ പരിശോധന നടത്തിയപ്പോഴാണ് ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ചത്. മൊഡേണ വാക്‌സിന്റെ രണ്ട് ഡോസുകള്‍ സ്വീകരിച്ച ഈ വ്യക്തി ബൂസ്റ്റര്‍ ഡോസ് എടുത്തിരുന്നില്ലെന്ന് ആരോഗ്യ അധികൃതര്‍ വ്യക്തമാക്കി.
ലോകത്തേറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത യു.എസില്‍ കഴിഞ്ഞ ദിവസം മാത്രം ലക്ഷത്തിലേറെ കേസുകളാണ് സ്ഥിരീകരിച്ചത്. ഒരിടവേളക്ക് ശേഷം കേസുകള്‍ വന്‍ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ആകെ 4.95 കോടി പേര്‍ക്ക് യു.എസില്‍ കോവിഡ് ബാധിച്ചു.
ലോകത്തെ ആശങ്കയിലാക്കിക്കൊണ്ട് കൂടുതല്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. കഴിഞ്ഞ ദിവസം സൗദി അറേബ്യയിലും യു.എ.ഇയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി തിരിച്ചറിഞ്ഞ ഒമിക്രോണ്‍ വകഭേദം 23 രാജ്യങ്ങളില്‍ ഇതുവരെ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.