ജോഹന്നസ്ബര്‍ഗ്: ഡെല്‍റ്റ, ബീറ്റ വേരിയന്റുകളെ അപേക്ഷിച്ച് ഒമിക്രോണിന് മൂന്നിരട്ടി വ്യാപനശേഷിയെന്ന് പഠനം. ദക്ഷിഫ്രിക്കന്‍ ശാസ്ത്രജ്ഞരാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്. രാജ്യത്ത് ലഭ്യമായ സാമ്പിളുകള്‍ ഉപയോഗിച്ചായിരുന്നു പഠനം. പഠനം മെഡിക്കല്‍ പ്രീപ്രിന്റില്‍ അപ് ലോഡ് ചെയ്തിട്ടുണ്ടെങ്കിലും വിദഗ്ധരുടെ മേല്‍നോട്ടത്തിന് ഇതുവരെ വിധേയമായിട്ടില്ല.
ദക്ഷിണാഫ്രിക്കയില്‍ നവംബര്‍ 27 വരെ 28 ലക്ഷം കോവിഡ് ബാധിതരില്‍ 35670 പേര്‍ക്ക് വീണ്ടും അണുബാധയുണ്ടായതായി സംശയമുണ്ട്. മൂന്നു തരംഗങ്ങളിലും ആദ്യം അണുബാധ റിപ്പോര്‍ട്ട് ചെയ്ത വ്യക്തികളില്‍ സമീപകാലത്ത് വീണ്ടും വൈറസ് ബാധയുണ്ടായിട്ടുണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ എപിഡെമോളജിക്കല്‍ മോഡലിങ് ആന്‍ഡ് അനാലിസിസ് ഡയറക്ടര്‍ ജൂലിയറ്റ് പിള്ള്യം ട്വീറ്റ് ചെയ്തു.
വാക്‌സിന്‍ സ്വീകരിച്ചവരുമായി ബന്ധപ്പെടുത്തി പഠനം നടന്നിട്ടില്ലാത്തതിനാല്‍ വാക്‌സിനെടുത്തവരെ ഒമിക്രോണ്‍ എങ്ങനെ ബാധിക്കുമെന്ന് അറിയില്ലെന്നും ജൂലിയറ്റ് പിള്ള്യം ട്വീറ്റ് ചെയ്തു.
നേരത്തെ, ഒമിക്രോണ്‍ കേസുകളില്‍ വന്‍ വര്‍ധനയുണ്ടാകുമെന്ന് ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ നിലവിലുള്ള കോവിഡ് വാക്സിനുകള്‍ പുതിയ വകഭേദത്തിനെതിരെ ഫലപ്രദമാണ് എന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയടക്കം 24 ലേറെ രാഷ്ട്രങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.