കൂടുതല്‍ നേരം കിടന്ന് ഉറങ്ങുന്നതും മനുഷ്യന്റെ ധാരണാശേഷി കുറച്ച് അല്‍ഷിമേഴ്‌സ് അടക്കമുള്ള പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് അമേരിക്കയില്‍ നടന്ന ഗവേഷണ പഠനം വെളിപ്പെടുത്തുന്നു. ബ്രെയിന്‍ ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.
മോശം ഉറക്കവും അല്‍ഷിമേഴ്‌സ് രോഗവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതായി നിരവധി പഠനങ്ങള്‍ ഇതിനു മുന്‍പും ചൂണ്ടിക്കാട്ടിയിരുന്നു. ശരാശരി 75 വയസ്സ് പ്രായമുള്ള 100 പേരിലാണ് പുതിയ പഠനം നടത്തിയത്. ഇവരുടെ ഉറക്കത്തിന്റെ
ദൈര്‍ഘ്യവും ഗുണനിലവാരവും പരിശോധിക്കപ്പെട്ടു. അല്‍ഷിമേഴ്‌സിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ സംബന്ധിച്ചും ഇവരില്‍ പരിശോധനകള്‍ നടത്തി. നാലര വര്‍ഷക്കാലത്തേക്ക് ഇവരുടെ ധാരണാശേഷി നിരന്തരമായി വിലയിരുത്തി.
ഇവരില്‍ 88 പേര്‍ക്ക് ധാരണാശേഷിയില്‍ തകരാറൊന്നും ഉണ്ടായില്ല. 11 പേര്‍ക്ക് വളരെ ചെറിയ തോതിലുള്ള തകരാറും ഒരാള്‍ക്ക് ലഘുവായ തകരാറും കണ്ടെത്തി. ഒരു ദിവസം ശരാശരി അഞ്ചര മണിക്കൂറില്‍ താഴെയോ ഏഴര മണിക്കൂറില്‍ അധികമോ ഉറങ്ങിയവരുടെ ധാരണാശേഷിയുടെ സ്‌കോര്‍ താഴേക്ക് വന്നതായും അല്‍ഷിമേഴ്‌സിന്റെ പ്രാരംഭ ലക്ഷണങ്ങളുള്ളവര്‍ക്കും ഇത് ബാധകമായിരുന്നതായും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.
എന്നാല്‍ ഒരു മധ്യദൂരം സ്വീകരിച്ച് അഞ്ചര മണിക്കൂറിനും ഏഴര മണിക്കൂറിനും ഇടയില്‍ ഉറങ്ങിയവര്‍ക്ക് ധാരണാശേഷിയില്‍ കുറവുണ്ടായില്ലെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.