പെന്‍സില്‍വാനിയ: കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയുന്ന ച്യൂയിങ്ഗം വികസിപ്പിച്ച് യു.എസ് ഗവേഷകര്‍. ഇതു സംബന്ധിച്ച പഠനം മോളികുലാര്‍ ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചത്.
രോഗവ്യാപനത്തിന്റെ ഉറവിടത്തെ തടസപ്പെടുത്തുന്ന സസ്യനിര്‍മ്മിത പ്രോട്ടീനുകള്‍ ഉള്‍പ്പെടുത്തിയാണ് ച്യൂയിങ്ഗം വികസിപ്പിച്ചതെന്ന് പെന്‍സില്‍വാനിയ യൂണിവാഴ്സിറ്റിയിലെ ഹെന്റി ഡാനിയേല്‍ പറഞ്ഞു. കോവിഡ് രംഗത്തെ ഏറ്റവും ചെലവുകുറഞ്ഞ പ്രതിരോധ മരുന്നായിരിക്കും ഇതെന്നാണ് ഗവേഷകര്‍ പറയുന്നത്.
കോവിഡ് വൈറസ് പകരുന്നതില്‍ ഉമിനീര്‍ ഗ്രന്ഥികള്‍ക്ക് പ്രധാന പങ്കാണ് ഉള്ളത്. ച്യൂയിങ്ഗം കഴിക്കുമ്പോള്‍ വൈറസിനെ ഉമിനീരില്‍ വെച്ച് നിര്‍വീര്യമാക്കുകയാണ് ചെയ്യുന്നത്. ച്യൂയിങ്ഗം കഴിക്കുന്നതിലൂടെ ഉമിനീരിലെ വൈറസ് സാന്നിധ്യം കുറച്ച് കൊവിഡ് പകരാനുളള സാധ്യത കുറക്കുകയാണ് ചെയ്യുന്നത്.
വൈറസുകള്‍ കോശങ്ങളിലെത്തുന്നത് തടയാന്‍ ച്യൂയിങ്ഗത്തിന് സാധിക്കും. രോഗികളെ പരിചരിക്കുവന്നവരെ കോവിഡ് ബാധയില്‍ നിന്ന് രക്ഷിക്കാനും ച്യൂയിങ് ഗം ഉപയോഗിക്കാം. ച്യൂയിങ്ഗം ഉപയോഗിച്ചുകൊണ്ടുളള പരീക്ഷണം കോവിഡ് രോഗികളില്‍ നടത്താനുളള അനുമതിക്കായി കാത്തിരിക്കുകയാണ് ഗവേഷകര്‍.