യൂട്ടാ: സ്ത്രീകളിലെ സ്തനാര്‍ബുദം കണ്ടെത്താന്‍ പുതിയ ഉപകരണവുമായി അമേരിക്കന്‍ ഗവേഷകര്‍.
40 വയസ്സിന് താഴെയുള്ളവര്‍ക്കും റേഡിയേഷന്‍ ഭീതിയില്ലാതെ സ്തനാര്‍ബുദ പരിശോധന നടത്തുന്നതിനായി ഒരു സുരക്ഷിത രോഗനിര്‍ണയ ഉപകരണം കണ്ടെത്തിയിരിക്കുകയാണ് യൂട്ടാ സര്‍വകലാശാലയിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് കംപ്യൂട്ടര്‍ എന്‍ജിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ബെഞ്ചമിന്‍ സാഞ്ചസ് ടെറോണസ്.
റേഡിയേഷന് പകരം കുറഞ്ഞ വോള്‍ട്ടേജിലെ വൈദ്യുതി ഉപയോഗിച്ചാണ് ഈ പരിശോധന നടത്തുന്നത്. ബെഞ്ചമിന്റെ ഗവേഷണ ഫലം ഐഇഇഇ ആക്‌സസ് ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ചു.
ശ്വേത രക്ത കോശങ്ങളുടെയും ട്യൂമറിനെ നേരിടാനുള്ള മറ്റ് ശാരീരിക പരിവര്‍ത്തനങ്ങളുടെയും ഫലമായി അര്‍ബുദ രോഗികളുടെ ലിംഫാറ്റിക് ഇന്റര്‍സ്റ്റിഷ്യല്‍ ഫ്‌ളൂയിഡില്‍ മാറ്റങ്ങളുണ്ടാകുമെന്ന് ബെഞ്ചമിന്‍ ചൂണ്ടിക്കാണിക്കുന്നു. ഈ മാറ്റങ്ങളെയാണ് രണ്ട് ഇലക്ട്രോഡുകള്‍ ഉപയോഗിച്ച് ശരീരത്തിലൂടെ കടത്തി വിടുന്ന വൈദ്യുതി കണ്ടെത്തുന്നത്.
ഇതിനായി രോഗിയുടെ കൈയില്‍ ഒരു ഇലക്ട്രോഡ് നല്‍കും. രണ്ടാമത്തെ ഇലക്ട്രോഡ് അടങ്ങിയ ഉപകരണം ഉപയോഗിച്ച് ഡോക്ടര്‍ രോഗിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്പര്‍ശിക്കും. ഓരോ തവണ ഈ ഉപകരണം ശരീരത്തില്‍ സ്പര്‍ശിക്കുമ്പോഴും അതിനുള്ളിലെ ഇലക്ട്രോഡില്‍ നിന്ന് കൈയില്‍ പിടിച്ചിരിക്കുന്ന ഇലക്ട്രോഡിലേക്ക് വൈദ്യുതി ശരീരത്തിലൂടെ കടന്ന് പോകും. 40 തവണ ഡോക്ടര്‍ ഇത് ആവര്‍ത്തിക്കും. രോഗപരിശോധന 30 മിനിട്ട് നീളും. ശരീരത്തില്‍ കടത്തി വിടുന്ന വൈദ്യുതിയിലൂടെ അര്‍ബുദത്തിന്റെ സാധ്യത തിരിച്ചറിയാനാകും.
ഈ ഉപകരണം ഉപയോഗിച്ച് 48 സ്ത്രീകളില്‍ നടത്തിയ പരിശോധനയില്‍ 70 ശതമാനം കൃത്യതയോടെ അര്‍ബുദം പ്രവചിക്കാനായതായി ബെഞ്ചമിന്‍ ചൂണ്ടിക്കാട്ടി. പ്രായമായ സ്ത്രീകളില്‍ 80 മുതല്‍ 98 ശതമാനം കൃത്യതയോടെ അര്‍ബുദ നിര്‍ണയം നടത്താന്‍ മാമോഗ്രാമിന് സാധിക്കുന്നുണ്ട്. ഇതിനെ അപേക്ഷിച്ച് പുതിയ ഉപകരണത്തിന്റെ കൃത്യത കുറവാണെങ്കിലും റേഡിയേഷനില്ലാത്തതിനാല്‍ 40 വയസ്സിന് താഴെയുള്ളവരിലും സ്തനകോശങ്ങളുടെ സാന്ദ്രത കൂടിയവരിലും ഇത് ഉപയോഗിക്കാവുന്നതാണെന്ന് ബെഞ്ചമിന്‍ കൂട്ടിച്ചേര്‍ത്തു.
ചെറിയ വോള്‍ട്ടേജിലുള്ള വൈദ്യുതിയാണ് ഉപയോഗിക്കുന്നത് എന്നതിനാല്‍ ഏത് പ്രായത്തിലുമുള്ള സ്ത്രീകളിലും ആവര്‍ത്തിച്ച് ഉപയോഗിക്കുന്നതിനും കുഴപ്പമില്ലെന്നും ബെഞ്ചമിന്‍ പറയുന്നു. നിലവില്‍ അര്‍ബുദ ചികിത്സയിലുള്ളവര്‍ക്കും തെറാപ്പിയുടെ കാര്യക്ഷമത വിലയിരുത്താന്‍ ഈ പരിശോധന ഉപയോഗപ്പെടുത്താവുന്നതാണ്. റേഡിയേഷന്‍ ചികിത്സ അവസാനിച്ച് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ കഴിഞ്ഞ ശേഷം മാത്രമേ മാമോഗ്രാം പരിശോധന നടത്താവൂ എന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ ഈ പുതിയ ഉപകരണം ഉപയോഗിച്ച് റേഡിയേഷന്‍ ഭീതിയില്ലാതെ രോഗികള്‍ക്ക് കൂടുതല്‍ പരിശോധനകള്‍ നടത്താവുന്നതാണെന്നും ബെഞ്ചമിന്‍ അവകാശപ്പെട്ടു.
കാന്‍സര്‍ നിര്‍ണയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്ന ഐഒഎന്‍ഐക്യു സയന്‍സസുമായി ചേര്‍ന്നാണ് ബെഞ്ചമിന്‍ സാഞ്ചസ് പുതിയ ഉപകരണം നിര്‍മിച്ചത്. ശ്വാസകോശ അര്‍ബുദം കണ്ടെത്താന്‍ ഐഒഎന്‍ഐക്യു സയന്‍സസ് വൈദ്യുതി ഉപയോഗിച്ചുള്ള രോഗനിര്‍ണയം നിലവില്‍ ഉപയോഗിക്കുന്നുണ്ട്. വൈദ്യുതിയുടെ ഉപയോഗം കൊണ്ട് ചര്‍മത്തിനുണ്ടാകുന്ന അര്‍ബുദവും കണ്ടെത്താന്‍ സാധിക്കുമെന്ന ബെഞ്ചമിന്റെ കണ്ടെത്തല്‍ നേരത്തെ ജെഐഡി ഇന്നവേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചിരുന്നു.