കാന്‍സറിന് പ്രതിരോധ വാക്സിന്‍ വികസിപ്പിച്ചതായും അത് സൗജന്യമായി വിതരണം ചെയ്യുമെന്നും പ്രഖ്യാപിച്ച് റഷ്യ. റഷ്യന്‍ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള റേഡിയോളജി മെഡിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ ജനറല്‍ ഡയറക്ടര്‍ ആന്‍ഡ്രേ കാപ്രിന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
സ്വന്തമായി വികസിപ്പിച്ച കാന്‍സര്‍ പ്രതിരോധ എം.ആര്‍.എന്‍.എ. വാക്സിന്റെ വിതരണം അടുത്തകൊല്ലം ആദ്യമാണ് ആരംഭിക്കുക. അതേസമയം, ഏത് കാന്‍സറിനുള്ള വാക്സിനാണ് വികസിപ്പിച്ചിരിക്കുന്നതെന്ന കാര്യമോ വാക്‌സിന്റെ പേരോ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.
വാക്സിന്റെ പ്രീ-ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയമായിരുന്നെന്ന് ഗമേലിയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയുടെ ഡയറക്ടര്‍ അലക്സാണ്ടര്‍ ഗിന്റ്സ്ബര്‍ഗ് പറഞ്ഞു. കാന്‍സര്‍ മുഴകളുടെ വളര്‍ച്ചയും മറ്റൊരിടത്ത് പുതുതായി പ്രത്യക്ഷപ്പെടുന്നതും തടയാന്‍ വാക്സിന്‍ പര്യാപ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാന്‍സറിനുള്ള വാക്സിന്‍ വികസിപ്പിക്കുന്നതിനുള്ള അവസാനവട്ട ശ്രമത്തിലാണ് രാജ്യത്തെ ശാസ്ത്രജ്ഞരെന്നും ഉടന്‍ രോഗികള്‍ക്ക് ലഭ്യമാക്കുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിന്‍ ഫെബ്രുവരിയില്‍ നടത്തിയ ടെലിവിഷന്‍ അഭിസംബോധനയ്ക്കിടെ പറഞ്ഞിരുന്നു.