ചെന്നൈ: ശരീരഭാരം കുറയ്ക്കാനുള്ള മരുന്ന് ഓണ്‍ലൈനിലൂടെ വാങ്ങിക്കഴിച്ചതിന് പിന്നാലെ യുവാവ് മരിച്ചെന്ന് പരാതി.
ശ്രീപെരുമ്ബത്തൂരിലെ സോമംഗലം സ്വദേശിയായ 21കാരന്‍ സൂര്യയാണ് മരിച്ചത്. ഡോക്ടറുടെ നിര്‍ദേശമില്ലാതെ യുവാവ് സ്വന്തം നിലയില്‍ ഗുളിക വാങ്ങിക്കഴിക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
സൂര്യ ഓണ്‍ലൈനില്‍ ഗുളിക ഓര്‍ഡര്‍ ചെയ്ത് വരുത്തി ഡിസംബര്‍ 22 മുതലാണ് കഴിക്കാന്‍ തുടങ്ങിയത്. ഗുളികയുടെ പേര് മാതാപിതാക്കള്‍ക്ക് അറിയില്ലായിരുന്നു. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ എങ്ങനെയാണ് ഇവ ലഭിച്ചതെന്നും കുടുംബത്തിന് അറിയുമായിരുന്നില്ല. എന്നാല്‍ ഗുളിക കഴിക്കാന്‍ തുടങ്ങിയതോടെ ശരീരഭാരം കുറഞ്ഞ് മകന് തളര്‍ച്ച അനുഭവപ്പെടാറുണ്ടായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
സൂര്യയുടെ അച്ഛന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സംശയാസ്പദ മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണ കാരണം സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് അറിയിച്ചു.
ഒരു പ്രാദേശിക പാല്‍ കമ്ബനിയില്‍ പാല്‍ വിതരണക്കാരനായി ജോലി ചെയ്യുകയായിരുന്നു സൂര്യ. തനിക്ക് അമിതവണ്ണമുണ്ടെന്ന ആശങ്കയിലായിരുന്നു യുവാവ്. സുഹൃത്തുക്കളുടെ നിര്‍ദേശപ്രകാരമാണ് ശരീരഭാരം കുറയ്ക്കാനുള്ള ഗുളികകള്‍ സൂര്യ ഓണ്‍ലൈനില്‍ തിരഞ്ഞത്. ഓണ്‍ലൈനിലൂടെ വാങ്ങിയ ഗുളികകള്‍ ഡിസംബര്‍ 22 മുതല്‍ കഴിക്കാന്‍ തുടങ്ങി.
ജനുവരി ഒന്നിന് വീട്ടിലായിരിക്കെ ബോധരഹിതനായ സൂര്യയെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ചെന്നൈയിലെ രാജീവ് ഗാന്ധി ഗവണ്‍മെന്‍റ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സൂര്യയുടെ നില അതീവ ഗുരുതരമായിരുന്നുവെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ബുധനാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.