മഹാരാഷ്ട്രയിലെ പൂനെയില്‍ ഗില്ലന്‍ബാരി സിന്‍ഡ്രോം (ജിബിഎസ്) പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനയ്ക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വിദഗ്ധ സംഘത്തെ പൂനെയിലേക്ക് അയച്ചതായി റിപ്പോര്‍ട്ട്. പൂനെയില്‍ 73 പേരിലാണ് അപൂര്‍വ ന്യൂറോളജിക്കല്‍ രോഗമായ ഗില്ലന്‍ബാരി സിന്‍ഡ്രോം സ്ഥിരീകരിച്ചതെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ സാഹചര്യത്തില്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് പൂനെയിലെ ന്യൂറോളജിക്കല്‍ സൊസൈറ്റി അറിയിച്ചു. ഗില്ലന്‍ബാരി രോഗത്തെ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ ഉറപ്പുനല്‍കി. രോഗം പടരുന്നത് തടയാന്‍ ഏഴംഗ കേന്ദ്രസംഘം പ്രാദേശിക ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കുമെന്ന് കരുതുന്നു.
’’ മൂന്നംഗ സംഘം ഇതിനോടകം പൂനെയിലെത്തി ആരോഗ്യപ്രവര്‍ത്തകരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചുവരുന്നുണ്ട്. മറ്റ് മൂന്ന് അംഗങ്ങള്‍ ജനുവരി 28നും ഒരാള്‍ ജനുവരി 29നും മഹാരാഷ്ട്രയിലെത്തും. രോഗവ്യാപനം സ്ഥിരീകരിക്കുന്നതിനും കൂടുതല്‍ പേരിലേക്ക് രോഗമെത്തുന്നത് തടയുന്നതിനുമായി വിദഗ്ധസംഘം സാമ്പിളുകള്‍ പരിശോധിച്ചുവരികയാണ്,’’ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫെറല്‍ നാഡീവ്യവസ്ഥയെ ബാധിക്കുന്ന അപൂര്‍വ ന്യൂറോളജിക്കല്‍ അവസ്ഥയാണ് ഗില്ലന്‍ബാരി സിന്‍ഡ്രോം. വയറിളക്കം, വയറുവേദന, പനി, ഛര്‍ദ്ദി എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. കാംപിലോബാക്ടര്‍ ജെജുനി എന്ന ബാക്ടീരിയയാണ് രോഗം പടര്‍ത്തുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. മലിനമായ ഭക്ഷണം, വെള്ളം എന്നിവയിലൂടെയാണ് ഈ ബാക്ടീരിയ ശരീരത്തിലെത്തുന്നത്.
എന്താണ് ജിബിഎസ് ?
അപൂര്‍വ്വ ഓട്ടോ ഇമ്യൂണ്‍ ന്യൂറോളജിക്കല്‍ രോഗമാണ് ജിബിഎസ് അഥവാ ഗില്ലന്‍ബാരി സിന്‍ഡ്രോം. സാധാരണയായി ശരീരത്തിലേക്ക് എത്തുന്ന അന്യവസ്തുക്കളെ പ്രതിരോധ സംവിധാനം ചെറുത്തുനിര്‍ത്തുന്നു. എന്നാല്‍ ഗില്ലന്‍ബാരി രോഗം ശരീരത്തിലെ പെരിഫെറല്‍ നാഡീവ്യവസ്ഥയെയാണ് ബാധിക്കുന്നത്.
രോഗലക്ഷണങ്ങള്‍
കൈകാലുകള്‍ക്ക് ഉണ്ടാകുന്ന ബലഹീനത, കാലുകള്‍ ചലിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ, പേശീകള്‍ക്കുണ്ടാകുന്ന ബലഹീനത എന്നിവയാണ് ഗില്ലന്‍ബാരിയുടെ പ്രാഥമിക ലക്ഷണം. നടക്കാന്‍ കഴിയാതെ വരിക, ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുക എന്നിവയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. രോഗം മൂര്‍ച്ഛിക്കുന്നവരില്‍ നെഞ്ചിലെ പേശികള്‍ക്ക് ബലഹീനത അനുഭവപ്പെടുകയും ശ്വാസതടസമുണ്ടാകുകയും ചെയ്യും.
രോഗത്തിന് കാരണം ?
ഗില്ലന്‍ബാരിയുടെ കൃത്യമായ കാരണം എന്താണെന്ന് വ്യക്തമല്ല. എന്നാല്‍ സാധാരണയായി ശ്വാസകോശ സംബന്ധമായതോ ദഹനനാളത്തിലെ അണുബാധയോ ഈ രോഗത്തില്‍ കൊണ്ടെത്തിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. വൈറസ് ബാധിതരായ രോഗികളില്‍ ഗില്ലന്‍ബാരി രോഗമുണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ചികിത്സ
ഇന്‍ട്രാവണസ് ഇമ്യൂണോഗ്ലോബുലിന്‍ തെറാപ്പി, പ്ലാസ്മ എക്‌സ്‌ചേഞ്ച് എന്നിവ രോഗത്തെ ഒരുപരിധിവരെ ചെറുത്തുനിര്‍ത്താന്‍ സഹായിക്കും. ചില രോഗികള്‍ക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളും ഗില്ലന്‍ബാരിയോടനുബന്ധിച്ച് വരാന്‍ സാധ്യതയുണ്ട്. ഫിസിയോ തെറാപ്പി പോലെയുള്ള ചികിത്സയിലൂടെ ശരീരചലനം വീണ്ടെടുക്കാന്‍ രോഗികള്‍ക്ക് സാധിക്കുകയും ചെയ്യും. രോഗം മൂര്‍ഛിച്ചവര്‍ക്ക് പോലും 6 മാസത്തെ ചികിത്സ കൊണ്ട് എഴുന്നേറ്റ് നടക്കാനാകുമെന്ന് വിദഗ്ധര്‍ പറയുന്നു.
രോഗമുക്തി
ഗില്ലന്‍ബാരിയില്‍ നിന്നുള്ള മോചനം രോഗലക്ഷണങ്ങളും രോഗിയുടെ ആരോഗ്യത്തെയും ആശ്രയിച്ചിരിക്കുന്നു. രണ്ടാഴ്ച മുതല്‍ നാലാഴ്ചവരെയാണ് രോഗഗലക്ഷണങ്ങള്‍ ഉണ്ടാകുക. കൈകാലുകള്‍ക്ക് പെട്ടെന്ന് ബലഹീനത അനുഭവപ്പെടുകയോ നടക്കാന്‍ ബുദ്ധിമുട്ട് തോന്നുകയോ ചെയാല്‍ വിദഗ്ധരായ ഡോക്ടറെ സമീപിക്കേണ്ടതാണ്. വയറിളക്കം, ഛര്‍ദ്ദി എന്നിവയും ഗില്ലന്‍ബാരിയോടനുബന്ധിച്ച് അനുഭവപ്പെടും.
പ്രതിരോധ മാര്‍ഗങ്ങള്‍
തിളപ്പിച്ചാറിയ വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും നന്നായി കഴുകിയ ശേഷം ഉപയോഗിക്കണം. നന്നായി വേവിച്ചെടുത്ത ഇറച്ചിയാണ് കഴിക്കേണ്ടത്. കൂടാതെ ഇടയ്ക്കിടെ കൈള്‍ സോപ്പിട്ട് കഴുകണം. രോഗം പടരുന്ന സാഹചര്യമായതിനാല്‍ വ്യക്തിശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്.