ഹോളിവുഡ് സെലിബ്രിറ്റികളുടെ ജീവിതരീതിയും അവർ ഉപയോഗിക്കുന്ന സാധനങ്ങളും മറ്റും പലപ്പോഴും വലിയ ചർച്ചയായിമാറാറുണ്ട്. അങ്ങനെ ഈയടുത്ത് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ് ഓസെംപിക് മരുന്ന്. സാധാരണയായി ടൈപ്പ് 2 പ്രമേഹമുള്ളവര്‍ ഉപയോഗിക്കുന്ന മരുന്നാണ് ഇത്. എന്നാൽ കഴിഞ്ഞ ഒരു വർഷത്തോളമായി ശരീരഭാരം കുറയ്ക്കും എന്ന പേരിലാണ് ഇത് ആളുകൾക്കിടയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത്. സെമാഗ്ലൂറ്റൈഡ് എന്നും ഇത് അറിയപ്പെടുന്നു.
ഹോളിവുഡിലെ ചില പ്രശസ്തരായ ആളുകൾ ഓസെംപിക് മരുന്ന് ഉപയോഗിക്കുന്നതായി ഇതിനോടകം വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടെയാണ് ഈ മരുന്നിന് ആവശ്യക്കാർ ഏറിയത്. ക്ലോ കർദാഷിയാൻ, കൈൽ റിച്ചാർഡ്‌സ് ഉൾപ്പെടെയുള്ളവർ ഓസെംപിക് മരുന്ന് ശരീരഭാരം കുറയ്ക്കാനായി ഉപയോഗിക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യം ഇവർ ശക്തമായി നിഷേധിക്കുകയും ചെയ്തു.
ടൈപ്പ് 2 പ്രമേഹമുള്ളവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ഹൃദയസംബന്ധമായ അപകടസാധ്യതകൾ നിയന്ത്രിക്കുന്നതിനുമാണ് ഇവ ഉപയോഗിച്ചു വരുന്നത്. എന്നാൽ സെലിബ്രിറ്റികളുടെ ശരീരഭാരം കുറയ്ക്കുന്നതിൽ ഓസെംപിക് മരുന്ന് നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന ഖ്യാതി പടർന്നതോടെ സാധാരണ ആളുകളും ഇത് പരീക്ഷിക്കാൻ തുടങ്ങി. എന്നാൽ യഥാർത്ഥത്തിൽ എന്താണ് ഓസെംപിക് എന്ന് പരിശോധിക്കാം
പ്രമേഹ ചികിത്സയ്ക്കായി പ്രാരംഭഘട്ടത്തിൽ തയ്യാറാക്കിയ ഓസെംപികിന് എഫ്ഡിഐ അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ ഇത് വളരെ പെട്ടെന്ന് തന്നെ ശരീരഭാരം കുറയ്ക്കുന്നതിനാൽ, പ്രത്യേകിച്ച് 40 വയസ്സിനു മുകളിലുള്ള വ്യക്തികളിൽ ഇത് മുഖത്തെ ചർമ്മം അയഞ്ഞുപോകുന്നതിനുള്ള ആശങ്കകൾ ഉയർത്തുന്നുണ്ട്. നിലവിൽ ഒസെംപിക് ട്രെൻഡിനെക്കുറിച്ച് സെലിബ്രിറ്റികൾ വ്യത്യസ്ത അഭിപ്രായങ്ങളാണ് പങ്കുവെക്കുന്നത്.
ഇതിൽ റേവൻ-സൈമോണും ആമി ഷൂമറും മരുന്നിന്റെ ഉപയോഗത്തിൽ താങ്കളുടെ അനുഭവങ്ങൾ തുറന്നു പറഞ്ഞിരുന്നു. എന്നാൽ ശരീരഭാരം കുറയ്ക്കാനുള്ള ഇത്തരം എളുപ്പവഴിക്കെതിരെ ഓപ്ര വിൻഫ്രി ഉൾപ്പെടെയുള്ളവർ മുന്നറിയിപ്പ് നൽകിയും രംഗത്തെത്തിയിരുന്നു. സോഫി ടർണർ, ജമീല ജമീൽ തുടങ്ങിയ താരങ്ങളും ഓസെംപിക്കിൻ്റെ സ്വാധീനത്തെ വിമർശിച്ചതോടെ ഇത് ഹോളിവുഡിനപ്പുറത്തേക്ക് ചർച്ചയ്ക്ക് വഴി വെച്ചിരിക്കുകയാണ്. ഡോക്ടറുടെ നിർദ്ദേശമില്ലാതെ ശരീരം ഭാരം കുറയ്ക്കാനായി ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നത് വലിയ ആശങ്കയും സൃഷ്ടിച്ചിരിക്കുകയാണ്.
നേരത്തെ ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌കും ചെൽസി ഹാൻഡ്‌ലറും തങ്ങളുടെ ശരീരഭാരം കുറക്കുന്നതിനായി ഓസെംപിക് എന്ന മരുന്ന് കഴിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. ഇത് ആഗോളതലത്തിൽ തന്നെ ഈ മരുന്നിന്റെ ശ്രദ്ധ ആകർഷിച്ചു. എന്നാൽ ശരീരഭാരം കുറയ്ക്കുന്നതിനായി ഓസെംപികിന് എഫ്ഡിഐ അംഗീകാരം നൽകിയിട്ടില്ല എന്നതും ഇവിടെ ശ്രദ്ധേയമാണ്. കൂടാതെ ഇത് ഇൻസുലിൻ നിയന്ത്രിക്കുകയും വിശപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. എപ്പോഴും വയറു നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെടുന്നതിനാലാണ് ഇത് ആളുകളെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത് എന്നാണ് വിലയിരുത്തൽ.
അതേസമയം ഇതിന് ചില പാർശ്വഫലങ്ങളും ഉണ്ട്. ഓസെംപിക് ഉപയോഗിക്കുന്നവരിൽ ഓക്കാനം, നിർജ്ജലീകരണം, ക്ഷീണം എന്നിവ സാധാരണമായി കണ്ടു വരാറുണ്ട് . ചില കേസുകളിൽ ഇത് പാൻക്രിയാറ്റിസ്, പിത്താശയക്കല്ലുകൾ, പോഷകാഹാരക്കുറവ് എന്നിവയിലേക്കും നയിച്ചേക്കാം.