മുംബൈ: കോവിഡിന് ശേഷം ഏറ്റവും കൂടുതൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നത് ഇന്ത്യക്കാരെന്ന് പഠനം. യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവരെയും ചൈനക്കാരെയുമായി താരതമ്യപ്പെടുത്തുമ്പോൾ കോവിഡ് 19 ഇന്ത്യക്കാരെ കൂടുതൽ ബാധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കോവിഡ് മുക്തി നേടിയ ഇന്ത്യക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന ലക്ഷണങ്ങളും ഉണ്ടായിരുന്നതായി വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. അതേസമയം, സാധാരണനിലയിലേക്ക് തിരികെയെത്താന്‍ ചിലര്‍ക്ക് ഒരു വര്‍ഷം വരെ സമയമെടുത്തതായും ചിലരാകട്ടെ, ജീവിതകാലം മുഴുവനും ശ്വാസകോശ തകരാറുമായി ജീവിക്കേണ്ടി വരുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങളെ സാര്‍സ് കോവ്-2 വൈറസ് എങ്ങനെ ബാധിച്ചുവെന്ന് കണ്ടെത്തുന്നതിന് രാജ്യത്ത് നടത്തിയ വലിയ പഠനമാണിത്. 207 പേരിലാണ് പഠനം നടത്തിയത്. കോവിഡ് 19 ആദ്യതരംഗത്തില്‍ നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ അടുത്തിടെ പ്ലോസ് ഗ്ലോബല്‍ പബ്ലിക് ഹെല്‍ത്ത് ജേണലിലാണ് പ്രസിദ്ധീകരിച്ചത്.
ചെറിയ രീതിയിലും ഗുരുതരമായും കോവിഡ് 19 ബാധിച്ചവരില്‍ ശ്വാസകോശ പ്രവര്‍ത്തന പരിശോധന, ആറ് മിനിറ്റ് നടന്നുള്ള പരിശോധന, രക്ത പരിശോധന, ജീവിതനിലവാരം വിലയിരുത്തല്‍ എന്നിവയാണ് നടത്തിയത്.
ശ്വാസകോശത്തിന്റെ പ്രവര്‍ത്തനവും ശേഷിയും വിലയിരുത്തുന്ന ഗ്യാസ് ട്രാന്‍സ്ഫര്‍ പരിശോധനയായിരുന്നു ഇതില്‍ പ്രധാനം. നമ്മള്‍ ശ്വസിക്കുന്ന വായുവില്‍ നിന്ന് ഓക്‌സിജന്‍ രക്തത്തിലേക്ക് കടത്തിവിടാനുള്ള ശേഷിയാണ് ഇതില്‍ പരിശോധിക്കുന്നത്. 207 പേരില്‍ 44 ശതമാനം ആളുകള്‍ക്കും ഗ്യാസ് ട്രാന്‍സ്ഫര്‍ ശേഷി കുറഞ്ഞതായി പഠനത്തില്‍ കണ്ടെത്തി. ഇത് വളരെ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ പറഞ്ഞു. ശ്വാസം ഉള്ളിലേക്ക് എടുക്കുമ്പോള്‍ ശ്വാസകോശം പൂര്‍ണമായി വികസിക്കാത്ത അവസ്ഥ (restrictive lung defect) 35 ശതമാനം പേര്‍ക്കുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി. അതേസമയം, എട്ട് ശതമാനം പേര്‍ക്ക് ശ്വാസകോശത്തിനുള്ളില്‍ വായുവിന് അനായാസം ചലിക്കുന്നതിന് തടസ്സമുണ്ടാകുന്നതായും (obstructive lung defect) കണ്ടെത്തി.
എല്ലാ വശങ്ങളും പരിശോധിക്കുമ്പോള്‍ കോവിഡ് 19 ഇന്ത്യക്കാരെയാണ് കൂടുതല്‍ ബാധിച്ചത്, പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകനായ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലെ പള്‍മണോളജി മെഡിസില്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫസറായ ഡോ. ഡി.ജെ ക്രിസ്റ്റഫര്‍ പറഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ മാത്രമല്ല, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ അനുബന്ധ രോഗങ്ങള്‍ കൂടുതലുള്ളതും ഇന്ത്യക്കാരിലാണെന്ന് പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
എട്ട് മുതല്‍ പത്ത് ദിവസം വരെ ആശുപത്രിവാസം വേണ്ടി വരികയും ഓക്‌സിജന്‍ നല്‍കേണ്ടി വരികയും ചെയ്ത രോഗികളില്‍ പിന്നീട് ശ്വാസകോശത്തിന്റെ അറകള്‍ കട്ടിയാകുന്ന ലങ് ഫൈബ്രോസിസ് എന്ന അവസ്ഥ കണ്ടെത്തിയതായി മുംബൈ നാനാവതി ആശുപത്രിയിലെ പള്‍മണോളജി വിഭാഗം തലവന്‍ ഡോ. സലില്‍ ബേന്ദ്ര പറഞ്ഞു. ഏറെനാളത്തെ ചികിത്സ കൊണ്ട് ഇവരില്‍ പലരും ആരോഗ്യം വീണ്ടെടുത്തുവെങ്കിലും അഞ്ചുശതമാനം പേര്‍ക്ക് ജീവിതകാലം മുഴുവന്‍ ശ്വാസകോശരോഗങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.