Thursday, November 21, 2024

HomeHealth & Fitnessശരീര ഭാരം കുറയ്ക്കാൻ മരുന്ന് കഴിക്കുന്നുണ്ടോ? മുന്നറിയിപ്പുമായി വിദഗ്ധർ.

ശരീര ഭാരം കുറയ്ക്കാൻ മരുന്ന് കഴിക്കുന്നുണ്ടോ? മുന്നറിയിപ്പുമായി വിദഗ്ധർ.

spot_img
spot_img

ശരീര ഭാരം കുറയ്ക്കാൻ ഒരു ഡോക്ടറുടെ നിർദ്ദേശ പ്രകാരമല്ലാതെ മെഡിക്കൽ ഷോപ്പുകളിൽ നിന്നും സ്വയം മരുന്ന് വാങ്ങിക്കഴിക്കുന്നവർക്ക് മുന്നറിയിപ്പുമായി ആരോഗ്യ രംഗത്തെ വിദഗ്ധർ. വളരെ വേഗം വണ്ണം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ സ്വന്തം താൽപ്പര്യത്തിന്റെ പുറത്ത് മരുന്നുകൾ കഴിക്കുന്നവരെ കാത്തിരിക്കുന്നത് ഹൃദയത്തിന്റെ പ്രവർത്തനത്തെ വരെ ബാധിക്കുന്ന രോഗങ്ങളാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ കുറച്ച് കാലത്തിനിടയ്ക്ക് സാമൂഹിക മാധ്യമങ്ങൾ സൃഷ്ടിച്ച ചില ധാരണകൾ നിമിത്തം ശരീര ഭാരം കൂടിയവർക്ക് മെലിഞ്ഞ ശരീര പ്രകൃതത്തിലേക്ക് പോകാനുള്ള താൽപ്പര്യം വർധിച്ചിട്ടുണ്ടെന്നും സ്വന്തം ആരോഗ്യത്തേക്കാൾ ശരീര ഘടനയ്ക്ക് മുൻ തൂക്കം നൽകുന്ന പ്രവണത ഇന്ത്യയിൽ ഉൾപ്പെടെ വർധിച്ചുവെന്നും വിദഗ്ധർ പറയുന്നു.

ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്ന സെമാഗ്ലൂടൈഡ് (Semaglutide) ഗുളികകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. നോവോ നോർഡിസ്ക് (Novo Nordisk) എന്ന കമ്പനി നിർമ്മിക്കുന്ന സെമാഗ്ലൂടൈഡ് റൈബെൽസസ് (Rybelsus) എന്ന ബ്രാൻഡിന് കീഴിലാണ് വിൽക്കുന്നത്. 2022 ജനുവരിയിലാണ് ഈ ഗുളികകൾ ആദ്യമായി ഇന്ത്യൻ വിപണിയിലവതരിപ്പിച്ചത്. ഉപഭോക്താക്കളുടെ എണ്ണം ഗണ്യമായി വർധിച്ചതിലൂടെ 174 കോടി രൂപയിൽ നിന്നും 474 കോടി രൂപയുടെ വരെ വിൽപ്പന ഈ ഗുളികകൾക്കുണ്ടായി. പത്ത് ഗുളികകളുള്ള ഒരു സ്ട്രിപ്പിന് ഏകദേശം 3870 രൂപയാണ് വില. ഇവയുടെ സിറിഞ്ചുകൾ ഉപയോഗിച്ച് ശരീരത്തിൽ കുത്തിവയ്ക്കാവുന്ന തരത്തിലുള്ള ഒസെംപിക് (Ozempic) എന്ന ബ്രാൻഡും നിലവിലുണ്ട്. ഇന്ത്യയിൽ ഇതുവരെ ഇത് അവതരിപ്പിച്ചിട്ടില്ലെങ്കിലും നിയമപരമായി ഇറക്കുമതി ചെയ്യാൻ സാധിക്കും.

പ്രമേഹ ചികിത്സക്കായി വികസിപ്പിച്ച സെമാഗ്ലൂടൈഡ് വണ്ണം കുറക്കാനുള്ള ഒരു മരുന്നായാണ് പലരും കഴിക്കുന്നത്. വിവാഹത്തോട് അടുപ്പിച്ച് ശരീര ഭാരം കുറയ്ക്കാനായി പലരും സ്വന്തം ഇഷ്ടപ്രകാരം ഈ ഗുളികകൾ കഴിക്കാറുണ്ടെന്ന് ചെന്നൈ എസ്ആർഎംസിയിലെ (SRMC) എൻഡോക്രൈനോളജിസ്റ്റായ കാർത്തിക് ബാലചന്ദ്രൻ ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. റൈബെൽസസ് ഉപയോഗിച്ച് ചികിത്സിക്കുന്ന പ്രമേഹ രോഗികളിൽ 2 മുതൽ 18 കിലോഗ്രാം വരെ ഭാരം കുറയുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ബാലചന്ദ്രൻ പറഞ്ഞു. എന്നാൽ ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെയോ പാർശ്വഫലങ്ങളെക്കുറിച്ച് ധാരണയില്ലാതെയോ ആളുകൾ സെമാഗ്ലൂടൈഡ് കഴിക്കുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് അഹമ്മദാബാദിലെ നാരായണ ഹെൽത്തിലെ കൺസൾട്ടൻ്റ് ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമായ ഡോ. ജൂസർ രംഗ്വാല പറഞ്ഞു.

ഈ മരുന്നുകൾ ആളുകളിൽ തലകറക്കം, ഒസെംപിക് ഫേസ് (മുഖം വേഗത്തിൽ പ്രായമാകുന്ന അവസ്ഥ) എന്നീ രോഗങ്ങളും കൂടാതെ ഹൃദയ സംബന്ധമായ അസുഖങ്ങളും ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മൂന്ന് വ്യത്യസ്ത പതിപ്പുകളിൽ സെമാഗ്ലൂടൈഡ് ലഭ്യമാണ്. ആദ്യത്തേത് റൈബെൽസസ് എന്ന ബ്രാൻഡിൽ വിൽക്കുന്ന ഗുളികകളാണ്. രണ്ടാമത്തെത് കുത്തിവയ്പ്പ് രൂപത്തിലുള്ള ഒസെംപിക് എന്ന ബ്രാൻഡിലാണ് വിൽക്കുന്നത്. ഇവ ഇന്ത്യയിൽ നേരിട്ട് ലഭ്യമല്ലെങ്കിലും യുഎസ്, യുകെ, യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ ലഭ്യമാണ്. മൂന്നാം പതിപ്പായ വിഗോവി (Wegovy) ശരീര ഭാരം കുറയ്ക്കാൻ ഉപയോഗിക്കാമെന്ന് എഫ്ഡിഎ (FDA) ഔദ്യോഗികമായി പറഞ്ഞിട്ടുണ്ട്.

ശരീരത്തിൽ വിശപ്പ് എന്ന അനുഭവം ഉണ്ടാക്കുന്ന തലച്ചോറിലെ സിഗ്നലുകളെ നിയന്ത്രിക്കുകയാണ് ഈ ഗുളികകൾ ചെയ്യുന്നത്. ഇവ ഹൈപ്പൊതലാമസിലെ വിശപ്പിനെ നിയന്ത്രിക്കുന്ന കേന്ദ്രത്തിൽ നേരിട്ട് സ്വാധീനം ചെലുത്തുകയും ഭക്ഷണത്തോടുള്ള താൽപ്പര്യം കുറയ്ക്കുകയും ചെയ്യുന്നു. എന്നാൽ അമിത വണ്ണമുള്ള ആളുകൾ ഈ മരുന്ന് കഴിച്ചാൽ മൊത്തം ശരീരഭാരത്തിന്റെ 10 മുതൽ 12 ശതമാനം വരെ മാത്രമേ കുറയൂ എന്ന് പിഎസ്ആർഐ (PSRI) ആശുപത്രിയിലെ മെറ്റബോളിക് ആൻഡ് ബാരിയാട്രിക് സർജറി (Metabolic and Bariatrc Surgery) ഡയറക്ടർ ഡോ.സുമീത് ഷാ വ്യക്തമാക്കി. ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരമല്ലാതെ ഇത്തരം ഗുളികകൾ കഴിക്കുന്ന ആളുകളുടെ മുഖത്തെ കൊഴുപ്പ് നഷ്ടപ്പെട്ട് തൊലിചുളിയുന്ന അവസ്ഥ അമേരിക്കയിൽ കണ്ടെത്തിയതായി ഡോക്ടർമാർ പറയുന്നു.

കൂടാതെ ഇത് കഴിക്കുന്നവരിൽ ഛർദ്ദി, വയറിളക്കം, വിശപ്പില്ലായ്മ, ക്ഷീണം എന്നിവ ഉണ്ടാകാമെന്നും വിദഗ്ധർ പറയുന്നു. തൈറോയിഡ് രോഗികളോ കാൻസർ ചികിത്സയിൽ ഉള്ളവരോ ഈ ഗുളികകൾ കഴിക്കരുതെന്നും ഡോക്ടർമാർ നിർദ്ദേശിക്കുന്നു. പ്രായപൂർത്തിയായവർക്കും ബോഡി മാസ്സ് ഇൻഡക്സ് (BMI) 30ന് മുകളിൽ ഉള്ളവർക്കും ഈ ഗുളികകൾ ഡോക്ടർമാരുടെ നിർദ്ദേശത്തിൽ ഉപയോഗിക്കാം. പ്രമേഹം, ഹൈപ്പർടെൻഷൻ (Hypertension) ഉയർന്ന കൊളസ്ട്രോൾ എന്നിവ ഉള്ളവരാണെങ്കിൽ ബിഎംഐ 27 മതിയാകും. എന്നാൽ ഈ ഗുളികകൾ കഴിച്ച് ശരീര ഭാരം കുറയ്ക്കുന്നവർ ഗുളികകൾ കഴിക്കുന്നത് നിർത്തിക്കഴിഞ്ഞാൽ വീണ്ടും പഴയ ശരീര പ്രകൃതിയിലേക്ക് പോകുമെന്നും പഠനങ്ങൾ പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments