ഏഴുവയസുകാരന്റെ കവിളിലെ ആഴത്തിലുള്ള മുറിവിൽ തുന്നലിടുന്നതിന് പകരം ഫെവിക്വിക്ക് പശ കൊണ്ട് ഒട്ടിച്ച നഴ്സിനെ സസ്പെൻഡ് ചെയ്തു. കർണാടകയിലെ ഹവേരി ജില്ലയിലെ ഹനഗലിലെ ആദൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജനുവരി 31നാണ് സംഭവം നടന്നത്. കളിക്കുന്നതിനിടെ വീണുപരിക്കേറ്റാണ് ഏഴുവയസുകാരനായ ഗുരുകിഷന് കവിളിൽ ആഴത്തിലുള്ള മുറിവേറ്റത്.
മുറിവിൽ നിന്ന് രക്തം വാർന്നതോടെ കുടുംബം കുട്ടിയെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. എന്നാല്‍ മുറിവ് തുന്നികെട്ടുന്നതിന് പകരം നഴ്സ് ഫെവിക്വിക് പശ ഉപയോഗിച്ച് മുറിവ് ഒട്ടിക്കുകയായിരുന്നു. കുടുംബം ഇതേപ്പറ്റി ചോദിച്ചപ്പോള്‍ തുന്നലിട്ടാൽ കുട്ടിയുടെ മുഖത്ത് പാടുവീഴുമെന്നും തൊലിപ്പുറത്ത് മാത്രമാണ് ഫെവിക്വിക്ക് പുരട്ടിയതെന്നും നഴ്സ് വിശദീകരിച്ചു.
കുട്ടിയുടെ നല്ലതിനുവേണ്ടിയാണ് തുന്നലിടാത്തതെന്നും കുടുംബം തുന്നലിടാൻ നിര്‍ബന്ധിച്ചിരുന്നെങ്കിൽ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ റഫർ ചെയ്യുമായിരുന്നുവെന്നും നഴ്സ് പറഞ്ഞു. നഴ്സ് മുറിവില്‍ ഫെവിക്വിക്ക് പുരട്ടുന്ന വീഡിയോ കുട്ടിയുടെ രക്ഷിതാക്കള്‍ മൊബൈൽ ഫോണിൽ പകർത്തി. ഈ വീഡിയോ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ സുരക്ഷാ സമിതിക്ക് പരാതി സഹിതം കൈമാറുകയും ചെയ്തു.
പരാതി ശ്രദ്ധയിൽപെട്ട ജില്ലാ ഹെൽത്ത് ഓഫീസര്‍ രാജേഷ് സുരഗിഹള്ളി ശക്തമായ നടപടി ഉറപ്പുനല്‍കുകയും നഴ്സിനെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഗുട്ടാൽ ഹെല്‍ത്ത് സെന്ററിനോട് നിര്‍ദേശിക്കുകയും ചെയ്തു.
എന്നാല്‍, കഴിഞ്ഞ ദിവസം നഴ്സിന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും ആശുപത്രിയിലെത്തി സസ്പെൻഷൻ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. നഴ്സിന്റെ നടപടി കാരണം കുട്ടിക്ക് യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും ഈ സാഹചര്യത്തിൽ നഴ്സിനെതിരെ സ്വീകരിച്ച നടപടി റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം. കുട്ടിയുടെ നില തൃപ്തികരമാണെന്നും ഫെവിക്വിക്ക് തേച്ച മുറിവില്‍ ഇതുവരെ മറ്റ് പ്രശ്നങ്ങളൊന്നും കാണുന്നില്ലെന്നും ഡോക്ടർ പറഞ്ഞു.