കോവിഡ് ബാധിതര്‍ക്ക് ഓര്‍മ്മക്കുറവ്, ആശയക്കുഴപ്പം, എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ മനുഷ്യരുടെ ബുദ്ധിയുടെ അളവ് കോലായി കണക്കാക്കുന്ന ഐക്യുവില്‍ (ഇന്റലിജന്‍സ് കോഷ്യന്റ്) വരെ കുറവ് വരുത്താന്‍ വൈറസ് ബാധയ്ക്ക് സാധിക്കുമെന്ന് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു.
മിതമായ കോവിഡ് ബാധ പോലും ഐക്യു 3 പോയിന്റ് കുറയാന്‍ കാരണമാകുമെന്ന് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ലക്ഷണങ്ങള്‍ 12 ആഴ്ചയിലധികം നീണ്ടുനിന്ന ദീര്‍ഘകാല കോവിഡ് ബാധിച്ചവര്‍ക്ക് ഐക്യു ശരാശരി ആറ് പോയിന്റ് വരെ താഴ്ന്നതായും ഗവേഷകര്‍ നിരീക്ഷിച്ചു. കോവിഡ് മൂലം തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വന്ന രോഗികള്‍ക്ക് ഐക്യുവിലെ വീഴ്ച 9 പോയിന്റ് വരെ ആകാമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഒരു തവണ കോവിഡ് വന്നവര്‍ക്ക് വീണ്ടും വൈറസ് ബാധിക്കുമ്പോള്‍ ഐക്യു ശരാശരി രണ്ടു പോയിന്റ് കുറയാമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. രണ്ടോ അതിലധികമോ ഡോസ് വാക്സീന് കോവിഡിനെതിരെ എടുത്തവര്‍ക്ക് ധാരണശേഷിപരമായ ചെറിയ മെച്ചം ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഒറിജിനല്‍ വൈറസ് മൂലം അണുബാധയേറ്റവര്‍ക്ക് ഉണ്ടായ അത്ര ധാരണാശേഷി പ്രശ്നങ്ങള്‍ അടുത്ത കാലത്തായി പുതു വകഭേദങ്ങളില്‍ നിന്ന് അണുബാധയേല്‍ക്കുന്നവര്‍ക്ക് ഉണ്ടാകുന്നില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
18 വയസ്സിന് മുകളിലുള്ള 1,13,000 പേരുടെ പ്രതികരണങ്ങള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്.