ഇന്ത്യയില്‍ ഏതാണ്ട് 66 ശതമാനം പേര്‍ക്കും ഹൃദയാഘാത സാധ്യതയെന്ന് പഠനം. ഇന്ത്യക്കാരില്‍ സാധാരണയിലും കവിഞ്ഞ തോതില്‍ ഹോമോസിസ്റ്റീന്‍ ഉള്ളതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ടാറ്റാ 1 എംജി ലാബിന്റെ റിപ്പോര്‍ട്ടാണ് ഇത് സംബന്ധിച്ച സൂചന നല്‍കുന്നത്. ഹോമോസിസ്റ്റീന്റെ ഉയര്‍ന്ന തോത് ഹൃദയാഘാതം, പക്ഷാഘാതം, രക്തം കട്ടപിടിക്കല്‍ തുടങ്ങി പലവിധ രോഗസങ്കീര്‍ണതകളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഹോമോസിസ്റ്റീന്‍ എന്ന അമിനോ ആസിഡിന്റെ അളവ് കൂടുന്നതിനെ ഹൈപ്പര്‍ഹോമോസിസ്റ്റിനീമിയ എന്നാണ് വിളിക്കുന്നത്. ഇത് വൈറ്റമിന്‍ ബി-12, വൈറ്റമിന്‍ ബി-6, വൈറ്റമിന്‍ ബി-9 എന്നിവയുടെ അളവ് ശരീരത്തില്‍ കുറഞ്ഞിരിക്കുന്നതിന്റെ സൂചനയാണ്. ലീറ്ററിന് അഞ്ച് മുതല്‍ 15 മൈക്രോമോള്‍സ് ആണ് ഹോമോസിസ്‌റ്റൈന്റെ സാധാരണ തോത്. ഇത് 50ന് മുകളിലേക്ക് ഉയരുന്നത് രക്തധമനികളുടെ ഉള്ളിലെ പാളിക്ക് ക്ഷതമുണ്ടാക്കും.
കുറഞ്ഞ തൈറോയ്ഡ് തോത്, സോറിയാസിസ്, വൃക്കരോഗം, ജനിതക പ്രശ്‌നങ്ങള്‍, ചില മരുന്നുകള്‍ എന്നിവ ഹൈപര്‍ഹോമോസിസ്റ്റിനീമിയയിലേക്ക് നയിക്കാം. വൈറ്റമിന്‍ ബിയുടെ അഭാവവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുമ്പോഴാണ് സാധാരണ തോതില്‍ ഹോമോസിസ്‌റ്റൈന്‍ പരിശോധന നടത്താറുള്ളത്. തലകറക്കം, ക്ഷീണം, വായില്‍ പുണ്ണ്, കൈകാലുകളില്‍ മരവിപ്പ്, ചര്‍മത്തിന്റെ നിറം മങ്ങല്‍, ശ്വാസം മുട്ടല്‍, മൂഡ് മാറ്റങ്ങള്‍ എന്നിവയെല്ലാം വൈറ്റമിന്‍ ബിയുടെ അഭാവത്തെ തുടര്‍ന്ന് വരുന്ന ലക്ഷണങ്ങളാണ്.
ഡീപ് വെയ്ന്‍ ത്രോംബോസിസ്, പള്‍മനറി എംബോളിസം, ഓസ്റ്റിയോപോറോസിസ്, അതെറോസ്‌ക്‌ളിറോസിസ്, ത്രോംബോസിസ്, വെനസ് ത്രോംബോസിസ്, അല്‍സ്‌ഹൈമേഴ്‌സ് പോലുള്ള മറവി രോഗം എന്നിവയുമായും ഹൈപ്പര്‍ഹോമോസിസ്റ്റിനീമിയ ബന്ധപ്പെട്ടിരിക്കുന്നു. രക്തപരിശോധനയിലൂടെ ഹോമോസിസ്‌റ്റൈന്‍ തോത് കണ്ടെത്താം.