ഹെൽത്ത് ഇന്‍ഷുറന്‍സ് പോളിസിയിൽ പുതിയ മാറ്റങ്ങളുമായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ). പുതിയ മാറ്റങ്ങൾ എല്ലാ പുതിയ പോളിസികള്‍ക്കും ബാധകമാണ്. നിലവിലുള്ള പോളിസികള്‍ പുതുക്കുമ്പോള്‍ ഈ ആനുകൂല്യം ലഭിക്കുകയും ചെയ്യും. 2024 ഏപ്രിലിലാണ് ഐആര്‍ഡിഎഐ ആരോഗ്യ ഇന്‍ഷുറന്‍സ് ചട്ടങ്ങള്‍ പുതുക്കിയത്. വെയിറ്റിംഗ് കാലാവധി കുറയ്ക്കുകയും പോളിസി ഉടമകള്‍ക്ക് മെച്ചപ്പെട്ട ക്ലെയിം സെറ്റില്‍മെന്റ് ഉറപ്പാക്കുന്ന നിബന്ധനകള്‍ക്ക് ഊന്നല്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കാനുള്ള പരമാവധി പ്രായം എന്നത് എടുത്തു കളയുകയും ചെയ്തിട്ടുണ്ട്.
ഉയര്‍ന്ന പ്രായപരിധി എന്നത് ഇപ്പോള്‍ ഒരു പ്രശ്‌നമേയല്ല
ഇതുവരെയും 65 വയസ്സ് പ്രായം വരെയുള്ളവര്‍ക്ക് മാത്രമാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നല്‍കിയിരുന്നത്. പുതിയ ചട്ടങ്ങള്‍ വന്നതോടെ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാനുള്ള ഉയര്‍ന്ന പ്രായപരിധി എന്ന ഘടകം എടുത്തു കളഞ്ഞു.
ക്ലെയിമുകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി
2024 മാര്‍ച്ച് 31 വരെ മൊറട്ടോറിയം കാലാവധി എട്ട് വര്‍ഷമായിരുന്നു. ഇപ്പോള്‍ ആറുവര്‍ഷമാകുമ്പോഴേക്കും മൊറട്ടോറിയത്തിന് അര്‍ഹരാകും. എട്ടു വര്‍ഷമെന്നത് ഒരു നീണ്ട കാലയളവ് ആയതിനാല്‍ പുതിയ മാറ്റം വലിയ ആശ്വാസമായി കണക്കാക്കപ്പെടുന്നു. പോളിസിയെടുത്ത ഉപയോക്താവിന്റെ ക്ലെയിമുകള്‍ ഇന്‍ഷുറര്‍ക്ക് നിഷേധിക്കാന്‍ കഴിയാത്ത കാലയളവാണ് മൊറട്ടോറിയം കാലാവധി. ഈ കാലയളവ് എട്ട് വര്‍ഷത്തില്‍ നിന്ന് അഞ്ച് വര്‍ഷമായി കുറച്ചു. 60 മാസം തുടര്‍ച്ചയായ കവറേജിന് ശേഷം ഇന്‍ഷുറന്‍സ് കമ്പനിക്ക് വിവരങ്ങള്‍ വെളിപ്പെടുത്താത്തതിന്റെയും തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നതിന്റെ അടിസ്ഥാനത്തില്‍ ഒരു ക്ലെയിമും നിരസിക്കാന്‍ കഴിയില്ലെന്ന് ഐആര്‍ഡിഎഐ പറഞ്ഞു.
തട്ടിപ്പ് തെളിയിക്കപ്പെട്ടാല്‍ മാത്രമേ ഇന്‍ഷുറര്‍ക്ക് ക്ലെയിം നിരസിക്കാന്‍ കഴിയുകയുള്ളൂ. ഉദാഹരണത്തിന്, ഒരു പോളിസി ഹോള്‍ഡര്‍ അഞ്ച് വര്‍ഷം തുടര്‍ച്ചയായി ഹെല്‍ത്ത് പോളിസി പ്രീമിയം അടച്ചുവെന്നിരിക്കട്ടെ. ഇത്തരമൊരു സാഹചര്യത്തില്‍ ആരോഗ്യവിവരങ്ങള്‍ മറച്ചുവെച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ പോളിസി ഹോള്‍ഡറിന്റെ ക്ലെയിം ഇന്‍ഷുറന്‍സ് കമ്പനിക്ക് തള്ളിക്കളയാന്‍ കഴിയില്ല. പ്രമേഹം, രക്തസമ്മര്‍ദം, ആസ്മ തുടങ്ങിയ മുന്‍കാല ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാതെയാണ് ഇന്‍ഷുറന്‍സ് എടുക്കുന്നതെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ക്ലെയിമുകള്‍ നിരസിക്കാറുണ്ട്.
നേരത്തെയുണ്ടായിരുന്ന രോഗങ്ങള്‍ക്കുള്ള വെയിറ്റിംഗ് കാലാവധി മൂന്ന് വര്‍ഷമായി കുറച്ചു. നേരത്തെയിത് നാല് വര്‍ഷമായിരുന്നു. ഇത് പുതിയ പോളിസി ഹോള്‍ഡേഴ്‌സിന് മാത്രമായിരിക്കും ബാധകം. ഇതിനര്‍ത്ഥം നിങ്ങള്‍ക്ക് പ്രമേഹം പോലുള്ള ഒരു രോഗാവസ്ഥയുണ്ടെങ്കില്‍ നിങ്ങള്‍ കുറഞ്ഞത് മൂന്ന് പ്രീമിയങ്ങള്‍ അടച്ചതിന് ശേഷം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടാൽ ക്ലെയിം കവര്‍ ചെയ്യാന്‍ കഴിയും. മുമ്പ് ഇത് നാല് പ്രീമിയങ്ങള്‍ ആയിരുന്നു.