മുംബൈ: ഇന്ത്യയിലെ പത്തോളം സംസ്ഥാനങ്ങളില്‍ കൊവിഡിന്റെ പുതിയ ഉപവകഭേദം ആയ ബിഎ 2.75 കണ്ടെത്തിയതായി ഇസ്രായേലി ശാസ്ത്രജ്ഞന്‍.
ഡോ.ഷേ ഫ്‌ലിഷോണ്‍ ആണ് ഞെട്ടിക്കുന്ന കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ടെല്‍ ഹാഷോമറിലെ ഷെബ മെഡിക്കല്‍ സെന്ററിലെ സെന്‍ട്രല്‍ വൈറോളജി ലബോറട്ടറിയിലെ ഡോക്ടറാണ് ഷെയ് ഫ്‌ലിഷോണ്‍.
ട്വീറ്റിലൂടെയാണ് പുതിയ ഉപവകഭേദങ്ങളെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ”ഇതുവരെ 85 സീക്വന്‍സുകള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്, പ്രധാനമായും ഇന്ത്യയില്‍ നിന്നും (10 സംസ്ഥാനങ്ങളില്‍ നിന്നും) മറ്റ് 7 രാജ്യങ്ങളില്‍ നിന്നും. ഇന്ത്യയ്ക്ക് പുറത്തുള്ള സീക്വന്‍സുകളെ അടിസ്ഥാനമാക്കി ഇതുവരെ ഒരു ട്രാന്‍സ്മിഷനും ട്രാക്ക് ചെയ്യാന്‍ കഴിഞ്ഞില്ല’, എന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
2022 ജൂലൈ 2 വരെ മഹാരാഷ്ട്രയില്‍ 27, പശ്ചിമ ബംഗാളില്‍ 13, ഡല്‍ഹി, ജമ്മു, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഒന്ന് വീതവും ഹരിയാനയില്‍ ആറ്, ഹിമാചല്‍ പ്രദേശില്‍ മൂന്ന്, കര്‍ണാടകയില്‍ 10, മധ്യപ്രദേശില്‍ അഞ്ച്, തെലങ്കാനയില്‍ രണ്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്തതായും ഇത്തരത്തില്‍ ആകെ പുതിയ ഉപവിഭാഗത്തിന്റെ 69 കേസുകള്‍ ഇന്ത്യയില്‍ കണ്ടു എന്നുമാണ് അദ്ദേഹം പറയുന്നത്.
ഇന്ത്യയെ കൂടാതെ മറ്റ് ഏഴ് രാജ്യങ്ങളും പുതിയ വേരിയന്റ് റിപ്പോര്‍ട്ട് ചെയ്തതായി നെക്സ്റ്റ്‌സ്‌ട്രെയിന്‍ (ജീനോമിക് ഡാറ്റയിലെ ഓപ്പണ്‍ സോഴ്‌സ് പ്ലാറ്റ്‌ഫോം) പറഞ്ഞു.