ഫ്രിഡ്ജിലോ ഫ്രീസറിലോ വച്ച ഇറച്ചിയിലും മീനിലും കോവിഡിനു കാരണമാവുന്ന സാര്‍സ് കൊറോണാ വൈറസ് ഒരു മാസം വരെ ജീവിച്ചിരിക്കുമെന്ന് പഠനം.
അപ്ലൈഡ് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ മൈക്രോബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
ചിക്കന്‍, ബീഫ്, പോര്‍ക്ക്, സാല്‍മണ്‍ തുടങ്ങിയവയില്‍ കൊറോണ വൈറസിനു സമാനമായ വൈറസുകളെ ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഫ്രിഡ്ജില്‍ നാലു ഡിഗ്രി സെല്‍ഷ്യല്‍ താപനിലയുലം ഫ്രീസറില്‍ മൈനസ് 20 ഡിഗ്രി സെല്‍ഷ്യല്‍ താപനിലയിലുമാണ് ഉത്പന്നങ്ങള്‍ സൂക്ഷിച്ചത്. 30 ദിവസം വരെ സൂക്ഷിച്ചിട്ടും ഇവയിലെ കൊറോണ വൈറസ് അതിജീവിച്ചതായി പഠനം പറയുന്നു.
തെക്കു കിഴക്കന്‍ ഏഷ്യയിലെ ചില മേഖലകളില്‍ കോവിഡ് പടര്‍ന്നത് പാക്ക് ചെയ്ത ഇറച്ചി ഉത്പന്നങ്ങളിലൂടെയാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പഠനം നടത്തിയത്.
ഇറച്ചി, മീന്‍ ഉത്പന്നങ്ങളിലൂടെ കോവിഡ് പടരാനുള്ള സാധ്യത കൂടുതലാണെന്നും ഇതു തടയാന്‍ അതിയായ ജാഗ്രത വേണമെന്നും പഠനം നിര്‍ദേശിക്കുന്നു.