ഇന്ത്യയുടെ ആരോഗ്യരംഗം നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നാണ് ക്ഷയരോഗം അഥവാ ട്യൂബർക്കുലോസിസ്. ലോകത്തെ ഏറ്റവും മാരകമായ പകർച്ചവ്യാധികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള രോഗമാണ് ക്ഷയം. 2022-ലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടിബി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് ലോകാരോഗ്യ സംഘടന പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ലോകമെമ്പാടുമുള്ള ടിബി കേസുകളിൽ ഏകദേശം മൂന്നിലൊന്നും ഇന്ത്യയിലാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 12 ശതമാനമാണ് ഇന്ത്യയിലെ കേസ് ഫെർട്ടിലിറ്റി റേഷ്യോ (സിഎഫ്ആർ). രോഗം ബാധിച്ച് എത്ര പേർ മരിച്ചുവെന്ന് കണക്കാക്കുന്ന സൂചികയാണിത്.
എന്തൊക്കെയാണ് റിപ്പോർട്ടിൽ പറയുന്നത്? എന്തുകൊണ്ടാണ് ഇന്ത്യയിൽ ഇത്രയധികം ടിബി കേസുകൾ ഉണ്ടാകുന്നത് എന്ന് വിശദമായി മനസിലാക്കാം.
വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പുറത്തുവിട്ട ഗ്ലോബൽ ട്യൂബർകുലോസിസ് റിപ്പോർട്ട് പ്രകാരം, 2022 ൽ ഇന്ത്യയിലെ 7.5 മില്യൻ ആളുകളിലാണ് ടിബി കണ്ടെത്തിയത്. 192 രാജ്യങ്ങളിൽ നിന്നുള്ള ഡാറ്റയാണ് റിപ്പോർട്ടിലുള്ളത്. ലോകമെമ്പാടുമുള്ള ടിബി രോഗികളുടെ എണ്ണം 2021 ൽ 10.3 മില്യൻ ആയിരുന്നെങ്കിൽ 2022 ൽ അത് 10.6 മില്യനായി വർദ്ധിച്ചു. ലോകത്ത് ടിബി ബാധിച്ചുള്ള മരിച്ചവരുടെ ആകെ എണ്ണം (എച്ച്ഐവി ബാധിതർ ഉൾപ്പെടെ) 2021 ൽ 14 മില്യനായിരുന്നു. 2022 ൽ അത് 1.3 മില്യനായി കുറഞ്ഞു.
കോവിഡ് മാറിത്തുടങ്ങിയതിനു പിന്നാലെയാണ് ടിബി കേസുകൾ വീണ്ടും ഉയരാൻ തുടങ്ങിയതെന്നും റിപ്പോർട്ടിൽ പറയുന്നു. 2020-ലും 2021-ലും പുതിയതായി ടിബി രോഗനിർണയം നടത്തിയ ആളുകളുടെ എണ്ണം പരിശോധിച്ചാൽ, അതിൽ 60 ശതമാനത്തിലധികം രേഖപ്പെടുത്തിയത് ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലാണ്. ലോകത്തിലെ 27 ശതമാനം ടിബി കേസുകളും ഇന്ത്യയിലാണെന്ന് ദി വയറിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇക്കാര്യത്തിൽ തൊട്ടുപിന്നിലുള്ള രാജ്യങ്ങളേക്കാൾ വളരെ മുന്നിലാണ് ഇന്ത്യ. ഇന്തോനേഷ്യയിൽ 10 ശതമാനം ടിബി കേസുകളും ചൈനയിൽ 7.1 ശതമാനം കേസുകളുമാണ് 2022 ൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഫിലിപ്പീൻസ് (7.0 ശതമാനം), പാകിസ്ഥാൻ (5.7 ശതമാനം), നൈജീരിയ (4.5 ശതമാനം), ബംഗ്ലാദേശ് (3.6 ശതമാനം), ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (3 ശതമാനം) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ.
മുൻ വർഷങ്ങളിൽ (2020 ലും 2021-ലും) ടിബി പിടിപെട്ട ആളുകളുടെ കണക്കു കൂടി ചേർത്താകും ഇന്ത്യയിൽ ഈ സംഖ്യ ഇത്രയും ഉയർന്നതെന്നും ദി വയറിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. കോവിഡ് കാലത്ത് ടിബി സേവനങ്ങൾ ഉൾപ്പെടെയുള്ള നിരവധി സർക്കാർ സേവനങ്ങൾ പ്രവർത്തിക്കാതിരുന്നതും രോഗികളുടെ എണ്ണം കൂടാൻ കാരണമായിട്ടുണ്ടാകാമെന്നും റിപ്പോർട്ടിൽ പറയുന്നു. പലരിലും ടിബി, കണ്ടെത്തുന്നതും രോഗം സ്ഥിരീകരിക്കുന്നതും ഒരു പ്രശ്നമായി തുടരുന്നുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ഇന്ത്യയിൽ, ക്ഷയരോഗബാധിതരായവരിൽ 23 ശതമാനം പേർ മാത്രമാണ് പ്രാഥമിക രോഗനിർണയ പരിശോധനകൾക്ക് വിധേയരായതെന്ന് ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ടിൽ പറയുന്നു.