ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ താപനില 2 ഡിഗ്രി സെല്‍ഷ്യസ് ഉയരുകയാണെങ്കില്‍, നൂറ്റാണ്ടിന്റെ മധ്യത്തോടെ ചൂടു മൂലമുള്ള മരണങ്ങള് പ്രതിവര്‍ഷം 370% വര്‍ധിക്കുമെന്ന് ലാന്‍സെറ്റ് പഠനം. ആരോഗ്യവും കാലാവസ്ഥാ വ്യതിയാനവും സംബന്ധിച്ച ലാന്‍സെറ്റ് കൗണ്ട്ഡൗണിന്റെ എട്ടാം വാര്‍ഷിക റിപ്പോര്‍ട്ടിന്റെ ഭാഗമാണ് പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
വ്യവസായിക തലത്തിന് മുമ്പുള്ള താപനിലയില്‍ നിന്ന് 1.5 ഡിഗ്രി സെല്‍ഷ്യസായി താപനില വര്‍ധന പരിമിതപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏതെങ്കിലും വിധത്തിലുള്ള കാലതാമസമുണ്ടായാല്‍ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ആരോഗ്യത്തിനും നിലനില്‍പ്പിനും ഇത് വിനാശകരമായ ഭീഷണി ഉയർത്തുമെന്നും പഠനത്തില്‍ കൂട്ടിച്ചേര്‍ത്തു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ വര്‍ദ്ധിച്ചുവരുന്ന അപകടങ്ങള്‍ ഇന്ന് ലോകമെമ്പാടും ജീവനും ഉപജീവനമാര്‍ഗങ്ങളും നഷ്ടപ്പെടുത്തുന്നുവെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. താപനിലയില്‍ രണ്ട് ഡിഗ്രി സെല്‍ഷ്യല്‍ വര്‍ധനവ് ഉണ്ടായാല്‍ അപകടകരമായ ഭാവിയാണ് നമ്മുടെ മുന്നിലുണ്ടാകുക.
ഇതുവരെ കണ്ട ലഘൂകരണ ശ്രമങ്ങളുടെ വേഗവും അളവും ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന് അപര്യാപ്തമാണ് എന്ന ഭയാനകമായ ഓര്‍മ്മപ്പെടുത്തലാണിത്, ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലെ ലാന്‍സെറ്റ് കൗണ്ട്ഡൗണ്‍ വിഭാഗം എക്സിക്യുട്ടിവ് ഡയറക്ടര്‍ മറീന റോമനെല്ലോ പ്രസ്താവനയില്‍ പറഞ്ഞു.
”ഇപ്പോഴും ഓരോ സെക്കന്‍ഡിലും 1337 ടണ്‍ കാര്‍ബണ്‍ ഡൈഓക്സൈഡാണ് പുറത്തുവിടുന്നതെന്നും കാലാവസ്ഥാ അപകടങ്ങളെ നമ്മുടെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് നേരിടാന്‍ കഴിയുന്ന തലത്തിൽ നിലനിര്‍ത്താന്‍ കാര്‍ബണ്‍ഡൈ ഓക്സൈഡ് പുറത്തുവിടൽ കുറഞ്ഞിട്ടില്ലെന്നും” അവര്‍ പറഞ്ഞു.
ആരോഗ്യവും കാലാവസ്ഥാ വ്യതിയാനവും തമ്മിലുള്ള ബന്ധം വിലയിരുത്താന്‍, ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജിലെ ഗവേഷകരുടെ നേതൃത്വത്തില്‍ നടത്തിയ പഠനം ലോകമെമ്പാടുമുള്ള 52 ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നും യുഎന്‍ ഏജന്‍സികളില്‍ നിന്നുമുള്ള 114 പ്രമുഖ വിദഗ്ധരുടെ കണ്ടെത്തലുകള്‍ ആധാരമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. യുഎന്‍ കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസിന്റെ (സിഒപി) 28-ാം സമ്മേളനത്തിന് മുന്നോടിയായാണ് പഠനം പ്രസിദ്ധീകരിച്ചത്.
എന്നാല്‍, ഇപ്പോഴും പ്രതീക്ഷ നിലനില്‍ക്കുന്നുണ്ടെന്ന് റൊമാനെല്ലോ പറഞ്ഞു. ”നമ്മുടെ പ്രതിബദ്ധതകളും പ്രവര്‍ത്തനങ്ങളും ഉറപ്പാക്കാനുള്ള അവസരമാണ് സിഒപി 28. കാലാവസ്ഥാ ചര്‍ച്ചകള്‍ ആരോഗ്യകരമായ പൊരുത്തല്‍പ്പെടല്‍ ശ്രമങ്ങളെ പിന്തുണയ്ക്കുകയും കാര്‍ബണ്‍ പുറന്തള്ളുന്നത് കുറയ്ക്കുകയും ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നതില്‍ നിന്ന് വേഗത്തില്‍ പുറത്തുകടക്കാനാകുകയും ചെയ്താല്‍ ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താനുള്ള പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയും. സമൃദ്ധവും ആരോഗ്യകരവുമായ ഭാവി കൈയ്യെത്തും ദൂരത്ത് തന്നെയുണ്ട്,” അദ്ദേഹം പറഞ്ഞു.
നിലവിലെ 10 വര്‍ഷത്തെ ആഗോള ശരാശരി 1.14 ഡിഗ്രി സെല്‍ഷ്യസ് ആയിട്ടുപോലും 2018-2022 കാലയളവില്‍ ആളുകള്‍ ശരാശരി 86 ദിവസം ആരോഗ്യത്തിന് ഭീഷണിയായ ഉയര്‍ന്ന താപനില അനുഭവിച്ചതായി പഠനത്തില്‍ പറയുന്നു. 1991-2000 കാലത്തെ അപേക്ഷിച്ച് 2013-2022 ല്‍ 65 വയസ്സിനു മുകളിലുള്ളവരില്‍ ചൂട് മൂലമുള്ള മരണങ്ങള് 85% വര്‍ദ്ധിച്ചു.
അതുപോലെ, മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ ജീവന് അപകടപ്പെടുത്തുന്ന പകര്‍ച്ചവ്യാധികളുടെ വ്യാപനത്തെ ത്വരിതപ്പെടുത്തുന്നുവെന്നും പഠനം കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി വര്‍ദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങളില്‍ നിന്ന് ആളുകളെ സംരക്ഷിക്കുന്നതിനുള്ള പ്രതിരോധത്തിന്റെ ആദ്യ പടിയാണ് ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍. തീവ്രമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായുണ്ടാകുന്ന സാമ്പത്തിക നഷ്ടം 2022-ല്‍ 264 ബില്യണ്‍ ഡോളറായി കണക്കാക്കപ്പെടുന്നു, 2010-2014നെ അപേക്ഷിച്ച് 23% കൂടുതലാണിത്. ചൂട് വര്‍ധിക്കുന്നത് 2022-ല്‍ ആഗോളതലത്തില്‍ 490 ബില്ല്യണ്‍ തൊഴില്‍ സമയം നഷ്ടപ്പെടുന്നതിലേക്ക് നയിച്ചു (1991-2000 ല്‍ നിന്ന് ഇത് ഏകദേശം 42% കൂടുതലാണിത്). ഇത് മൂലമുണ്ടാകുന്ന വരുമാന നഷ്ടം ഇടത്തരം, അല്ലെങ്കില്‍ കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലെ ജിഡിപിയില്‍ കാര്യമായ കുറവുണ്ടാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.