ആ മനുഷ്യൻ എല്ലാം സജ്ജമാക്കി പൂർണ്ണഗർഭിണിയായ തന്റെ വധുവിനെയും കഴുതപ്പുറത്ത്കയറ്റി യാത്രതിരിച്ചു . ഏതുനിമിഷവും പ്രസവം പ്രതീക്ഷിക്കാം, ഭയങ്കര അപകടംപിടിച്ച യാത്രയാണ് മുന്നിൽ എന്നറിയാം . എന്നാലും യാത്രചെയ്യാതെ പറ്റില്ലല്ലോ രാജകല്പനയല്ലേ . കൂടെ തുണക്കായിട്ട് ആരുമില്ല . സ്വയം സംസാരിക്കും സ്വയം തീരുമാനങ്ങളെടുക്കും സ്വയം അത് നടപ്പാക്കും . എന്നാലും യാത്രമുടക്കിയില്ലമുന്നോട്ടുതന്നെ . ദൈവം തന്നെ കൈവിടില്ല എന്ന ഒറ്റ വിശ്ശ്വസം .തന്റെ പൂർവികരായ അബ്രഹാമും ഇസഹാക്കും യാക്കോബും മോശയും നോഹയും ഒക്കെ ഇതല്ലേ ചെയ്തത് ദൈവംനയിച്ച വഴികളിൽനടന്നു അങ്ങനെ അവർ ലക്ഷ്യത്തിൽ എത്തുകയും ചെയ്തു . പിന്നെ എന്തിനിത്ര ഭയക്കണം. തക്ക സമയത്തു ദൈവം തന്നെ താങ്ങിക്കോളും. അയ്യാൾമനസ്സിൽ അത് പലപ്രാവശ്യം പറഞ്ഞുറപ്പിച്ചു.
ഒരു സ്ത്രീയുടെ പ്രസവത്തിനുവേണ്ട അത്യാവശ്യ സാധനങ്ങൾ എന്തൊക്കെയാണ് എന്നൊന്ന് ചോദിച്ചറിയാൻ പോലും ആരുമില്ല. കാരണം എല്ലാവരാലും തഴയപട്ടവരായിരുന്നു അവർ . വാസ്തവംപറഞ്ഞാൽ ആർക്കെങ്കിലും മനസ്സിലാകുമോ. മാലാഖയുടെ സന്ദേശം കിട്ടിഎന്നും , പരിശുദ്ധാത്മാവിനാൽ ഗർഭംധരിച്ചു എന്നൊക്കെപ്പറഞ്ഞാൽ ആരെങ്കിലും സമ്മതിക്കുമോ. പുരുഷനെ അറിയാതെ ഒരുസ്ത്രീ എങ്ങനെ ഗര്ഭിണിയാകും. അങ്ങനെയല്ലേ ഇവിടെ സംഭവിച്ചിരിക്കുന്നതും. യവ്വനക്കാരിയായ ഒരുസ്ത്രീയുടെ അനുദിനം വീർത്തുവരുന്ന വയറിന്റെ ഉത്തരവാദി ആരാണ് എന്ന ചോദ്യം ഉറക്കെയല്ലെങ്കിലും അടക്കിപിടിച്ചെല്ലാവരും ചോദിക്കുന്നുണ്ട് എന്നത് വസ്തുതയാണ്.. അയ്യാളുമായി വിവാഹംനിശ്ചയിച്ചു എന്നുള്ളത് സത്യമാണ്.എന്നാൽ അവർ സഹവസിച്ചിട്ടില്ല എന്ന് ഏവർക്കുമറിയാം, വാർത്ത വളരെവേഗത്തിലാണ് ആ ദേശത്തു പരന്നത്. അധികം താമസിയാതെ അവളെ നാട്ടുനടപ്പനുസരിച്ചു കല്ലെറിയാൻ ഉത്തരവുണ്ടാകും.
നാട്ടുകാർക്കെല്ലാം അറിയാവുന്ന നല്ല രണ്ടുകുടുംബങ്ങൾ . മാന്യമായി ആശാരിപ്പണിചെയ്തു ജീവിക്കുന്നമനുഷ്യൻ . അതുപോലെതന്നെ തുന്നൽപ്പണിവശമാക്കി ജീവിക്കാനൊരുങ്ങിയിരിക്കുന്ന തൂമഞ്ഞുപോലെ പരിശുദ്ധിയുള്ള സുന്ദരിയായ പെണ്ണ് . നാട്ടിൽ അസ്സൂയക്കാരും പൗശുന്യക്കാരും ധാരാളം പിന്നെയെന്തുവേണം.
വേണമെങ്കിൽ അയ്യാൾക്കതിൽനിന്നുംതലയൂരാം താൻ ഒരിക്കലും അവളെ സ്പർശിച്ചിട്ടില്ല എന്ന് അവൾപോലും ഏറ്റുപറയും ഉറപ്പാണ് . അതോടെ കുറ്റം അവളുടെ മാത്രം തലയിലാകുകയും അവളെ കല്ലെറിയുകയും ചെയ്യും. അവളെ അങ്ങനെ കല്ലെറിയാൻ വിട്ടുകൊടുക്കാൻ അയ്യാളുടെ മനസ്സ് അനുവദിച്ചില്ല. അതിനാൽ രഹസ്യമായി അവളെവിട്ടു മറ്റെവിടേക്കെങ്കിലും ഓടിപോകുക എന്ന തീരുമാനമെടുത്തു. അതാകുമ്പോൾ കുറ്റം തന്റെ തലയിൽ വരുകയും അവൾ രക്ഷപെടുകയുംചെയ്യുമല്ലോ. എത്രയോ വിധവകൾ കുഞ്ഞുങ്ങളെ വളർത്തി ജീവിക്കുന്നു. താനറിയാത്തകുറ്റം ചുമലിലേറ്റാൻ നീതിമാനായ അയ്യാൾ തയ്യാറായതാണ്.
എന്നാൽ ദൈവം അയ്യാളെ അതിനു സമ്മതിച്ചില്ല.
അവൾക്കു വെളിപ്പെടുത്തിയകാര്ര്യങ്ങൾ അതുപോലെതന്നെ അയാൾക്കും വെളിപ്പെടുത്തി. ആവെളിപ്പെടുത്തൽ അംഗീകരിച്ചതിനാൽ തൻറെ ബന്ധുക്കളും ചാർച്ചക്കാരും അയ്യാളെ വിട്ടുപോയി, അയ്യാൾ ഒറ്റക്കായി. എന്നിട്ടും ധൈര്ര്യംവിടാതെ ആപെണ്ണിനെ അയ്യാൾ കൂടെക്കൂട്ടി എന്തുവന്നാലും താൻകൂടെയുണ്ട് എന്നഉറപ്പുനൽകി. അതേസമയം ദൈവവചനങ്ങൾ അതുപടി മനസ്സിൽ സംഗ്രഹിചിരുന്ന അവൾ ഒട്ടുംതന്നെ പരിഭ്രമിച്ചിരുന്നില്ല.
അപ്പോഴാണ് ജനസംഖ്യാ കണക്കു രേഖപ്പെടുത്തുവാൻ ജനങ്ങളെല്ലാവരും ഒരുനിശ്ചിത ദിവസത്തിനുള്ളിൽ ബദലഹേമിൽ എത്തി താന്താങ്ങളുടെ പേര് രേഖപ്പെടുത്തണമെന്ന രാജാവിന്റെ ഉത്തരവുണ്ടാകുന്നത്. താൻ ചെയ്തുകൊടുക്കാമെന്നേറ്റിട്ടുള്ള അത്യാവശ്യ മരപ്പണികൾ തിടുക്കത്തിൽ തീർത്തുകൊടുത്തിട്ടുവേണമായിരുന്നു അയാൾക്കു പുറപ്പെടാൻ. തന്നെയും അവളെയും ഒറ്റക്കാക്കി ബന്ധുക്കളും ചർച്ചക്കാരും കൂട്ടുകാരുമെല്ലാം അപ്പോഴേക്കും പോയിരുന്നു.
ഇനി താനും തന്റെ നിറവയാറുള്ളവധുവും തന്റെകഴുതയും മാത്രം ബാക്കിയായി. ആരോഗ്യദൃഢഗാത്രനാണ് ഒറ്റക്കാണെങ്കിൽ വേഗത്തിൽ മറ്റുള്ളവരുടെ ഒപ്പം അവിടെ എത്താവുന്നതേയുള്ളു. എന്നാൽകൂടെയുള്ള പെണ്ണിന് എട്ടുംപൊട്ടും തിരിയാത്ത പ്രായം പോരെങ്കിൽ നിറവയറും. കഴുതയാണെങ്കിൽ പ്രായംചെന്നതും.
പൂർവ പിതാക്കന്മാരെയെല്ലാം മനസ്സിൽ ഓർത്തുകൊണ്ടയാൾ വീടുവിട്ടുവഴിയിലേക്കിറങ്ങി. . അങ്ങുദൂരെ ഉയർന്നുനിൽക്കുന്ന കുന്നിന്മുകൾകാണാം . കുത്തനെയുള്ള കല്ലും മുള്ളും നിറഞ്ഞ കയറ്റം . അതൊന്നുകയറിയിറങ്ങണം. കഴുതപ്പുറത്തല്ലേ യാത്ര, ഭൂമിയിൽ ഇത്ര പതിയെനടക്കുന്ന ജീവി വേറെയില്ല .തത്കാലം വേറെ മാർഗങ്ങളൊന്നുമില്ലല്ലോ കയ്യിലെ ചാട്ട വീശുമ്പോൾ ആ ജീവിയുടെ ദേഹത്ത് കൊള്ളാതിരിക്കാൻ അയ്യാൾ ശ്രദ്ധിച്ചിരുന്നു. കാരണം അവസാനം തനിക്കു കൂട്ടായിട്ട് ബുദ്ധിയില്ലാത്ത കഴിവില്ലാത്ത വേഗതയില്ലാത്ത ആ ജീവിയെ മത്രമല്ലേകിട്ടിയുള്ളൂ.
അങ്ങനെ ഒരുരാവുമുഴുവൻ കുന്നുകയറി ആകാശം മുഴുവൻ നക്ഷത്രങ്ങൾ നിറഞ്ഞിരുന്നെങ്കിലും താഴെ മലമടക്കിൽ വലിയ അന്ധകാരമായിരുന്നു.
മലമുകളിലെത്തിയപ്പോൾ മരംകോച്ചുന്ന തണുപ്പ്. വഴിയിൽ പെറുക്കിയെടുത്ത ചുള്ളിക്കമ്പുകൾ കൂട്ടിയിട്ടു കത്തിച്ച് കുറച്ചുസമയം തീകാഞ്ഞു. കയ്യിൽ കരുതിയിരുന്ന ഭക്ഷണപൊതിയഴിച്ച് ആ പെണ്ണിന്റെ വയറു നിറയാൻ കൊടുത്തു. ബാക്കിയുണ്ടായിരുന്നത് അയാളും കഴിച്ചു. തുണികൾവിരിച്ച് അവളെ കുറച്ചുനേരം ഉറങ്ങാൻ കിടത്തിയിട്ട് കാവലിരുന്നു. ആകാശത്തു നക്ഷത്രങ്ങൾ അപ്പോഴും അവരെ നോക്കി തമ്മിൽ തമ്മിൽ എന്തൊക്കെയോ കുന്നായ്മ പറയുന്നതായി അയാൾക്കു തോന്നി.
വെളുപ്പാന്കാലത്ത് എല്ലാ ഭാണ്ഡക്കെട്ടുകളും വലിച്ചു കഴുതപ്പുറത്തുവച്ചുയാത്രതുടർന്നു. കാര്ര്യങ്ങൾ വഷളാകുകയാണ് എങ്ങനെഎങ്കിലും താഴ്‌വരയിലെത്തണം ഒരു സത്രം കണ്ടുപിടിക്കണം ഗർഭിണിക്കിനി പിടിച്ചുനൽക്കാനാവില്ല.തന്റെ അസ്വസ്ഥതകൾ അയ്യാളെ അറിയിക്കാതെ മുന്നോട്ടുപോകുവാൻ അവൾ കഴിവതും ശ്രമിക്കുകയാണ്. എങ്കിലും വഴിയിൽ എന്തെങ്കിലുംസംഭവിച്ചാൽ എന്തുചെയ്യും . കഴുതക്കു കൂടുതൽ കഴ്ട്ടപ്പാടായി. എല്ലാചുമടും വഹിക്കുന്നത് ആ ജീവിയാണല്ലോ .
സാഹചര്യം മോശമായിരുന്നതിനാൽ ഇടക്കൊക്കെ ചാട്ടയുടെ അറ്റം അതിന്റെ പുറത്തുവീണിട്ടതുപുളയുന്നുണ്ട്. അതിനോടുള്ള ദേഷ്യം കൊണ്ടല്ല എത്രയും പെട്ടെന്നു ആൾപെരുമാറ്റമുള്ളിടത്തൊന്നെത്തിയില്ലെങ്കിൽ ശരിയാകില്ല കാരണം തന്നെക്കൊണ്ട്തന്നെ ഈ വിജനമായസ്ഥലത്ത് എന്തുചെയ്യാനൊക്കും എന്ന വെപ്രാളമായിരുന്നു ആ ചാട്ടവാറടികൾക്ക് .
അങ്ങ് ദൂരെ പട്ടണത്തിലെവീടുകളിലെ വിളക്കിന്റെവെട്ടം ചെറുതായി കാണാൻതുടങ്ങിയപ്പോൾ ഒരാശ്വാസ്സമായി . കുറച്ചുകൂടെ മുന്നോട്ടുപോയാൽ അരെയെങ്കിലും ഗ്രാമത്തിലെപെണ്ണുങ്ങളെ സഹായത്തിനു വിളിക്കാമല്ലോ.
അങ്ങനെ കഠിനമായ അയാത്രക്ക് ഒരവസാനമായി, പട്ടണത്തിനുതൊട്ടുമുൻപ് അവളെയും കഴുതയെയും വിശ്രമിക്കാൻ കിടത്തിയിട്ട് അയ്യാൾ സത്രം അന്ന്വേഷിച്ചു പുറപ്പെട്ടു. തിരസ്ക്കരണത്തോടെ ഓരോവാതിലും കൊട്ടിയടക്കപെടുമ്പോൾ അയ്യാളുടെ നെഞ്ചുപിടയുകയായിരുന്നു. തങ്ങൾ വളരെതാമസിച്ചുപോയിരിക്കുന്നു. സാധാരണക്കാർക്ക് കഴിയാവുന്ന എല്ലാ സത്രങ്ങളും നിറഞ്ഞുപോയിരിക്കുന്നു. മുട്ടാണിനി ഒരു സത്രം പോലും ബാക്കിയില്ല. ഇനിഎന്തുചെയ്യും.അയ്യാൾ മുകളിലോട്ടുനോക്കി അവിടെ മാലാഖമാരില്ല ദൈവദൂതന്മാരില്ല, ഒന്ന് സഹായിക്കാൻ, ഒരുനല്ല ധൈര്യവാക്കുപറയാൻ.
അവസാനം അയാളുടെ അവസ്ഥയിൽ കനിവുതോന്നിയ ഒരുവീട്ടുകാരൻ ഗർഭിണിക്ക് മഞ്ഞുകൊള്ളാതെ കഴിയാൻ അയ്യാളുടെ കന്നുകാലികളെ കെട്ടിയിരുന്ന തൊഴുത്ത് കാണിച്ചുകൊടുത്തു. കന്നുകാലികളെയെല്ലാം അയ്യാൾതന്നെ മാറ്റിക്കെട്ടി തൊഴുത്തു വൃത്തിയാക്കി അതിന്റെ നീണ്ട പുൽത്തൊട്ടിയിൽ വൈക്കോൽ കൊണ്ട് മെത്തയുണ്ടാക്കി അതിന്റെപുറത്തു തന്റെ കയ്യിലുണ്ടായിരുന്ന ഒരുതുണിവിരിച്ച് , തീർത്തുംഅവശയായ അവളെ അതിൽകിടത്തി. അപ്പോഴും അയാൾക്കുകൂട്ട് ആ കഴുതയും അപരിചിതരായ കുറെ കാലികളും മാത്രം. പിന്നീടുള്ള കാര്ര്യങ്ങൾ ദൈവത്തിനും പിന്നെ അയാൾക്കും മാത്രമേ അറിയുള്ളു.
കുഞ്ഞിന്റെ കരച്ചിൽ കേട്ടതും അന്ധകാരം നീങ്ങി ആ ദേശം മുഴുവൻ പ്രകാശപൂര്ണമായി. ആകാശത്തിന്നുവരെ കണ്ടിട്ടില്ലാത്ത അത്ര നക്ഷത്രങ്ങൾ . എത്ര ആട്ടിടയൻമ്മാരാണ് ഓടിക്കൂടിയിരിക്കുന്നത്. തുടർന്ന് പുജ്യരും ദീർഘദർശികളുമായ രാജാക്കന്മാർ വന്നു അവർ താണുവണങ്ങി കുമ്പിട്ടു, സമ്മാനങ്ങൾ കാഴ്ചവച്ചു. എല്ലാം ഒരു സ്വപ്പ്നംപോലെയാണ് അയാൾക്കു തോന്നിയത് ആ വെട്ടവും ബഹളവും രാജാക്കന്മാരുമെല്ലാം താൽക്കാലികം മാത്രമായിരുന്നു. അല്പസമയം കഴിഞ്ഞ് വീണ്ടും അവർ ഒറ്റപെടുകയായിരുന്നു. താനും കുടുംബവും ശരിക്കും അപകടത്തിലാണ് എന്ന് ദൈവം വെളിപ്പെടുത്തികൊടുത്താൽപിന്നെ എന്തുചെയ്യും ഓടുകതന്നെ .
കന്നുകാലിത്തൊഴുത്തിന്റെ ഏതെങ്കിലും ഒരുവശത്ത്കുത്തിയിരുന്ന് ഒന്നുകണ്ണടച്ചനേരം അതാ വീണ്ടും ആസ്വപ്നം. അവർ ആ രാത്രിയുടെഅവസാനയാമങ്ങളിൽതന്നെ തിടുക്കത്തിൽ പുറപ്പെടുകയായി. മല കയറിഇറങ്ങിയതിന്റെ ക്ഷീണം ഇനിയുംമാറിയിട്ടില്ല അത് പോരാഞ്ഞിട്ട് ഒരു പരിചയവുമില്ലാത്തവഴിയിലൂടെ പരിചയമില്ലാത്ത ഏതോ ഒരുനാട്ടിലേക്കുപുറപ്പെട്ടു. അയാൾക്കു വഴികാട്ടിയായി ആ നക്ഷത്രം പോലും ഇപ്പോളില്ല. കഴിപ്പും കുടിയും ഉറക്കവുമില്ലാതെ ആ മനുഷ്യൻ ഒറ്റയ്ക്ക് അവരെയുംകൊണ്ട് ഇരുട്ട് തപ്പി യാത്രയായി.
പുതിയസ്ഥലത്തെത്തി അവിടെ കഴിഞ്ഞ ആദ്യകാലങ്ങൾ, കുഞ്ഞിന് വിശപ്പടക്കാൻ മുലപ്പാലുണ്ട് എന്നാൽ അമ്മക്കോ? കഴുതക്കു പുല്ലും വൈക്കോലും കിട്ടുമായിരിക്കും. എന്നാൽ അന്തിയുറങ്ങാൻ സ്ഥലം വേണം തീകായാൻ വിറകുവേണം ഭക്ഷണം മേടിക്കാൻ കാശുവേണം, അതുണ്ടാക്കണമെങ്കിൽ ജോലിവേണം ഒരുപരിചയവുമില്ലാത്തസ്ഥലവും. രാജാക്കന്മാർ കൊടുത്ത സമ്മാനങ്ങളും മീറയും കുന്തിരിക്കവുമൊക്കെ എന്നേവിറ്റു . അങ്ങനെ ദാരിദ്ര്യത്തോടുദാരിദ്ര്യം. കഷ്ടപ്പാടോടുകഷ്ട്ടപ്പാട് നാളുകൾ കടന്നുപോയി വില്ലനായ അന്നത്തെ ഹെറോദേസ് രാജാവ് മരിച്ചു .
ഉടനെത്തി സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാനുള്ള ദൈവത്തിന്റെ ഉത്തരവ്. കുഞ്ഞിനെ ദേവാലയത്തിൽ കാഴ്ചവച്ചപ്പോൾ ഒരുമഹാത്മാവിൻറെപ്രവചനം, ഹൃദയത്തിലൂടെ ഒരുവാളുകടന്നുപോകും എന്ന്. തിരിച്ചു നസ്രത്തിലെത്തി തന്റെ പഴയ പണിആയുധങ്ങൾ പൊടിതട്ടിയെടുത്തു. അങ്ങനെ ഒരുകുടുംബത്തിനുവേണ്ടി രാപകലില്ലാതെ അധ്വാനിക്കുന്ന ഒരുകുടുംബനാഥനായി. ഭാര്യഉണ്ടായിട്ടും ഭാര്യയെ അറിയാൻ ഭാഗ്യമില്ലാത്ത ഒരു ഭർത്താവ് . സ്വന്തം മകനല്ലെങ്കിലും പുത്രസ്നേഹത്താൽ പൊതിയപെട്ട ഒരപ്പൻ, വളർത്തപ്പനാണെങ്കിലും യഥാർത്ഥഅപ്പൻ കൊടുക്കുന്നതിനുതുല്യമായ പിതൃസ്നേഹം കിട്ടിയ ഒരു മകനും ഒരുമിച്ചു വളരുകയായിരുന്നു. മകൻ യൗവനത്തിലേക്കും, അപ്പൻ വാര്ധക്യത്തിലേക്കും. . സ്നേഹം സ്നേഹത്തെ കിഴടക്കി ജീവിക്കുന്ന കാലം.
പന്ത്രണ്ടാം വയസ്സിൽ കുടുംബമൊരുമിച്ച് പെരുന്നാളുകൂടാൻ പോയതാണ് . തിരിച്ചറിവായ കാലം ചാർച്ചക്കാരുടെ മക്കളുടെആരുടെയെങ്കിലും കൂടെക്കാണും എന്ന്കരുതി തിരിച്ചു പോന്നു . മൂന്നുദിവസ്സത്തെ നടപ്പുവഴി പിന്നിട്ടപ്പോഴാണ് മനസ്സിലാകുന്നത് കുട്ടി കൂടെയില്ല എന്ന വാസ്തവം. ഞെട്ടിപ്പോയി. ഇതിനി എവിടെപ്പോയി അന്ന്വേഷിക്കും. അടയാളസാഹിതം കുട്ടിയെ കണ്ടോ കുട്ടിയെക്കണ്ടോ എന്ന് പെരുന്നാളുകൂടീട്ടു തിരിച്ചുവരുന്നവരോട് ചോദിച്ചു ചോദിച്ചു വീണ്ടും മൂന്നുദിവസം തിരിച്ചുനടന്നു.
സാധാരണ ആപ്രായത്തിലുള്ളവരെ തപ്പേണ്ടിടത്തൊക്കെ തപ്പി കണ്ടില്ല. അപ്പോഴൊക്കെ ആ പിതാവ് വ്യസനിക്കുകയായിരുന്നു. അവസാനം ഒട്ടുംപ്രതീക്ഷിക്കാത്ത സ്ഥലത്ത് അതും അവിടുത്തെ പ്രധാനവേദസാക്ഷികളുമായി തർക്കിച്ചുകൊണ്ടിരിക്കുന്നതാണ് കണ്ടത്. ആ സംഭവത്തിൽ ആ പിതാവ് എത്ര അധികം വേവലാതിപ്പെട്ടു എന്ന് മനസ്സിലാകുന്നത് ആ അമ്മയുടെ ഗത്ഗതത്തോടെയുള്ള വാക്കുകളാണ് . “നിന്നെ കാണാഞ്ഞു ഞാനും നിന്റെപിതാവും എത്രഅധികം വിഷമിച്ചു എന്ന് നിനക്കറിയാമോ ” ആ ചോദ്യത്തിന് മകനില്നിന്ന് കിട്ടിയ മറുപടി അയ്യാളെ സംബന്ധിച്ച് വളരെ വേദനാജനകമായിരുന്നു. നിങ്ങൾ എനിക്കുവേണ്ടിചെയ്തതൊന്നും അത്ര കാര്ര്യമല്ല എനിക്ക് സ്വന്തമിട്ടൊരു പിതാവുണ്ടെന്നും. ആപിതാവിന്റെ കാര്ര്യത്തിൽ ഞാൻ വ്യാവൃതനാകേണ്ടതാണ് എന്നും അർഥമുള്ളതായിരുന്നു ആ മറുപടി.
ഇന്നും പിതാക്കന്മാരുടെ അവസ്ഥ അത്ര വ്യത്യസ്തമല്ല. അവർക്കു തങ്ങളുടെ മക്കളെപ്പോഴും ചെറുതാണ് . എന്നാൽ മക്കൾ അവരുടെ പിതാവിന് പ്രായമായതറിയുന്നു. അവരുടെ ശക്തി ക്ഷയിക്കുന്നതറിയുന്നു. അവർ കുഞ്ഞായിരുന്നപ്പോൾ അവരെയും കൊണ്ട് മല കയറിയിറങ്ങിയതും ജീവനുംകൊണ്ടോടിയതും വീടില്ലാതെ അലഞ്ഞതും ഒക്കെ കേൾക്കുമ്പോൾ പഴയകഥകളായി പറഞ്ഞു തള്ളുന്നു. ആരും തന്നെ ഗൗനിക്കാതെ വരുമ്പോൾ കഴിഞ്ഞുപോയ സ്വന്തം കഷ്ടപ്പാടുകളുടെ കഥകൾ ഓർത്തോർത്ത് അപ്പന്മാർ സ്വയം പിറുപിറുക്കുകയും ചിലർ മാറത്തടിച്ചു നിലവിളിക്കുകയും ചെയ്യുന്നു. .
പക്ഷെ ഇവിടെ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം കൂടെയുണ്ട് എന്നവിശ്വാസവും, ആ ദൈവംതന്ന വാഗ്ദാനത്തിലുള്ള ഉറച്ചവിശ്വാസ്സവും അയ്യാൾക്കു ബലമേകി.
ഒരക്ഷരം ഉരിയാടാതെ ശാന്തനായി തിരിച്ചു നടന്നതേയുള്ളു അയ്യാൾ.

(മാത്യു ചെറുശ്ശേരി)