Saturday, September 7, 2024

HomeLiteratureഎന്റെ സ്വന്തം മാളൂട്ടി (ചെറുകഥ: ലാലി ജോസഫ്)

എന്റെ സ്വന്തം മാളൂട്ടി (ചെറുകഥ: ലാലി ജോസഫ്)

spot_img
spot_img

പനച്ചിക്കര, പനച്ചിക്കര എന്ന കണ്ടക്ടറുടെ ഉറക്കെയുള്ള വിളി കേട്ടപ്പോള്‍ ഞാന്‍ എന്റെ ചെറിയ മയക്കത്തില്‍ നിന്നുണര്‍ന്നു. തനിക്ക് പോകേണ്ട ഗ്രാമം എത്തി വളരെ ശ്രദ്ധാപുര്‍വ്വം ബസില്‍ നിന്ന് ഇറങ്ങി ഒരു നിമിഷം ചുറ്റുപാടൊന്നു വീക്ഷീച്ചു. ചെറിയ മന്ദമാരുതന്‍ തന്നെ തലോടിയോ എന്നു തോന്നുമാറ് ശരീരത്തിന് ഒരു സുഖം. മരക്കൊമ്പില്‍ ഇരുന്ന് കിളികള്‍ തന്നെ സൂക്ഷിച്ചു നോക്കുന്നു. ആരാണ് ഈ പുതിയ ആഗതന്‍ ഞങ്ങളുടെ ഈ കൊച്ചു ഗ്രാമത്തിലേക്ക് എന്നു ചോദിക്കുന്നതു പോലെ!!!.

കൈയ്യില്‍ സൂക്ഷിച്ചിരുന്ന അഡ്രസ് ഒന്നുകൂടി സൂക്ഷിച്ചു നോക്കി. ആരോടാണ് വഴി ചോദിക്കേണ്ടത്?  ഒരു പലചരക്കു കടയുടെ മുന്‍മ്പില്‍ വണ്ടി നിര്‍ത്തിയതു കൊണ്ട് നേരെ ആ കടയിലേക്ക് ചെന്നു. 

 കടയില്‍ സാമാന്യം നല്ല തിരക്ക് ഉണ്ടായിരുന്നു. ഏതായാലും ഇവിടെ ചോദിക്കാം. തിരക്ക് കുറഞ്ഞപ്പോള്‍ കടയുടമസ്ഥനെ തന്റെ ആവശ്യം അറിയിച്ചു. ഒരു ഒന്ന് ഒന്നര ഫര്‍ലോംഗ് നടക്കണം. പിന്നെ വലത്തോട്ട് ചെറിയ ടാറിട്ട റോഡ് കാണാം. അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞാല്‍ ഉടനെ ഇടത്തായിട്ടാണ് ഈ പറഞ്ഞ കെട്ടിടം. ഒരു പ്രത്യേക സന്തോഷം മുഖത്തു പ്രകടിപ്പിച്ചു കൊണ്ട് കടക്കാരന്റെ ഒരു ചോദ്യം  സ്ഥലം മാറി വന്ന സാറ് ആണല്ലേ? പുതിയ മാഷ് വരുന്ന കാര്യം കുട്ടികള്‍ പറയുന്നത് കേട്ടു. തന്റെ കടയില്‍ നിന്ന് സാധനം വാങ്ങാന്‍ ഒരാളെ കൂടി കിട്ടിയതിന്റെ സന്തോഷമായിരിക്കാം ആ കടക്കാരന്റെ മുഖത്ത് കണ്ടത്.  ‘അതെ’എന്നൊരു മറുപടി കൊടുത്തു കൊണ്ട് നടന്നകന്നു. 

വലിയ പ്രയാസം കൂടാതെ വാടക കെട്ടിടം കണ്ടുപിടിച്ചു. നാളെ ഞായറാഴ്ചയാണ്. അന്ന് അവധി ദിവസമായതു കൊണ്ട് ഇവിടുത്തെ സ്ഥലം ചുറ്റി നടന്നു കാണാം എന്ന് തീരുമാനിച്ചു. കൈയ്യില്‍ അമ്മ തന്നു വിട്ട ഭക്ഷണപൊതിയും അച്ചാറും ഉള്ളതുകൊണ്ട് അന്നത്തെ കാര്യം കഴിച്ചു കൂട്ടി. ഞായറാഴ്ച രാവിലെ പുതിയ സ്ഥലത്തെ ആദ്യ ദിവസം തുടങ്ങുകയായി. രാവിലെ കുളിച്ചു പുറത്തേക്ക് ഇറങ്ങി, വീടിന് മുന്‍മ്പിലുള്ള  നടപാതയില്‍ കൂടി നടന്നു.

തലേ ദിവസം കണ്ട പലചരക്കു കടയുടെ മുന്നില്‍ ചെന്നു നിന്നു. അത്യവശ്യത്തിന് കുറെ സാധനങ്ങള്‍ വാങ്ങി. കുശലാന്യേഷണത്തിന്റെ ഭാഗമായി ചോദിച്ചു.. കടയിലെ കച്ചവടം ഒക്കെ എങ്ങിനെ പോകുന്നു? നല്ലതായി പോകുന്നു പക്ഷെ കൂടുതലും കടമായിട്ടാണ് ആളുകള്‍ വാങ്ങികൊണ്ടു പോകുന്നത്. 

മുറിയില്‍ തിരിച്ചു വന്നിരുന്ന് തന്റെ ഭൂതകാലം അയവിറക്കുവാന്‍ തുടങ്ങി അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ ആരുടേയോ ഒരു കാല്‍പെരുമാറ്റം കേട്ടതുപോലെ, ചുറ്റുപാടും നോക്കി, ആരേയും കണ്ടില്ല.. തന്റെ തോന്നലായിരിക്കും. ‘ സാറേ പാലു വേണോ?  എവിടെ നിന്നോ ഒരു പതുങ്ങിയ ശബ്ദം.. മുഖം മാത്രം മുറിയുടെ അകത്തേക്ക്  നീട്ടി കൊണ്ട്  ഒരു പെണ്‍കുട്ടി. കൂടിയാല്‍ പന്ത്രണ്ടു വയസു പ്രായം തോന്നിക്കും. ചെറിയ ഒരു ഭയം അവളുടെ മുഖത്ത് ഉണ്ട്. ആര്‍ക്കും അത് ഒറ്റ നോട്ടത്തില്‍  മനസിലാക്കുവാന്‍ സാധിക്കും. 

വളരെ ആകര്‍ഷകമായ മുഖഭംഗി, കറുത്ത ബ്ലൗസിന് ഒട്ടും ചേരാത്ത മഞ്ഞയില്‍ പുള്ളികുത്തുള്ള പാവാട മുട്ടിന് താഴെയായി നില്‍ക്കുന്നു. വെള്ളിപാദസ്വരത്തില്‍ പലയിടത്തും മുത്തുകള്‍ അടര്‍ന്നുപോയിരിക്കുന്നു. മുടികള്‍ അലസമായി കിടക്കുന്നു. കുട്ടിയുടെ പേര്? ‘മാളവിക’ മാളു എന്നാണ് എല്ലാംവരും വിളിക്കുന്നത്. കുട്ടിയാണോ ഇവിടെ എല്ലാം വീട്ടിലും പാല്‍ കൊടുക്കുന്നത്.. കടയില്‍ മാത്രമേ പാല് കൊടുക്കാറുള്ളു, സാറ് പുതിയതായി വന്നതു കൊണ്ട് അമ്മ പറഞ്ഞു വിട്ടതാണ്.. സാറിന് പാല് വേണമായിരിക്കുമെന്ന്  വിചാരിച്ചു. എന്നാല്‍ രാവിലേയും വൈകിട്ടു പാല്‍ കൊണ്ടു വന്നോളും. പിന്നെ അവിടെ ഒട്ടും തങ്ങാതെ വളരെ സന്തോഷത്തോടെ അവള്‍ നടന്നകന്നു.

പിന്നീട് ആ ഗ്രാമത്തെ കുറിച്ചും അവിടുത്തെ ആളുകളെ കുറിച്ചും മാളുവില്‍ നിന്ന് കുറശേ അറിയുവാന്‍ തുടങ്ങി.  കൂലിപണിയാണ് അവിടെ ഉള്ളവരുടെ പ്രധാന വരുമാന മാര്‍ക്ഷം. നല്ല വാചാലതയോടെ സംസാരിക്കുന്ന കുട്ടി. അഞ്ചു മിനിറ്റു കൊണ്ട് അവള്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു തീര്‍ത്തു. അവളുടെ സംസാരം കേള്‍ക്കാന്‍ തന്നെ നല്ല രസം ഉണ്ട്.

പക്ഷെ അധികം സമയം അവള്‍ നില്‍ക്കില്ല. വീട്ടീല്‍ ഒരുപാട് ജോലി ഉണ്ടന്ന് പറഞ്ഞ് ഒരു ഓട്ടമാണ്. അവള്‍ പോയി കഴിയുമ്പോള്‍ കടുത്ത ഏകാന്തത അനുഭവപ്പെടും. പിന്നേയും മാളുവിന്റെ അടുത്ത വരവിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരു ഉണര്‍വ്വ് തോന്നും. നാട്ടുകാര്‍ വിളിക്കുന്നത് മാളു എന്നാണങ്കെില്‍ എനിക്ക് അവള്‍  മാളൂട്ടിയായിരുന്നു.

പിറ്റെ ദിവസം അവളുടെ മുഖത്ത് ഒരു ദു:ഖം പോലെ തോന്നി. അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അവള്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു. എന്നു കാണുന്ന പ്രസരിപ്പിന് ഒരു മങ്ങല്‍ ഏറ്റിട്ടുണ്ട്. ഞാന്‍ നിര്‍ബ്ബദ്ധിച്ചപ്പോള്‍ അവള്‍ പറഞ്ഞു.  ‘ കുട്ടന്‍ എന്റെ കുപ്പിവള പൊട്ടിച്ചു കളഞ്ഞു’ കഴിഞ്ഞ വര്‍ഷം കാവുങ്കല്‍ ഉല്‍സവത്തിന് വാങ്ങിയതാണ്.  കരഞ്ഞുപോകുന്നതു പോലെയാണത് പറഞ്ഞത്. കരയാതിരിക്കാന്‍ അവള്‍ നന്നേ ശ്രമിക്കുന്നുണ്ടായിരുന്നു. 

കുട്ടന്‍ അവളുടെ രണ്ടു വയസുകാരന്‍ കുഞ്ഞനുജനാണ്   അവളുടെ കണ്ണുകളില്‍ നിന്ന് മുത്തുമണികള്‍ ഉതിര്‍ന്നു വീഴുന്നു. അവളെ അത് ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട്. പിന്നീട് രണ്ടു ദിവസത്തേക്ക് മാളൂട്ടി വന്നില്ല. പാല് ഇല്ലാത്ത കാപ്പി കുടിച്ച് താനും മടുത്തു. 

പലചരക്കുകടയില്‍ മാളുവിനെ കുറിച്ച് അന്വേഷിച്ചു അപ്പോഴാണ് അറിയുന്നത് മാളു പനിയായി കിടപ്പിലാണ്. അവളുടെ വീട്ടില്‍ പോകണമെങ്കില്‍ ഇടവഴികളില്‍ കൂടി കുറെ വടക്കോട്ടു പോകണം. പലചരക്കുകടക്കാരന്‍ പറഞ്ഞ വഴി മനസില്‍ കുറിച്ചിട്ടു. മാളൂട്ടി  കൂടി വരാതിരുന്നപ്പോള്‍ കൂടുതല്‍ വിരസതയും ഏകാന്തതയും അനുഭവപ്പെട്ടു. ഒറ്റപ്പെട്ട ദിവസങ്ങളില്‍ അവള്‍ ഒരു നല്ല കൂട്ടായിരുന്നു. വീട്ടില്‍ നിന്ന് അമ്മയുടെ രണ്ട് എഴുത്ത് വന്നു. മറുപടി ഉടനെ അയയ്ക്കണം. അമ്മയുടെ പരിഭവം ഉള്ള മുഖം മനസില്‍ കണ്ടു. രണ്ട് കത്തിലും ദല്ലാള്‍ പരമു നായര്‍ കൊണ്ടു വന്ന കല്ല്യാണ ആലോചനയുടെ നീണ്ട ലിസ്റ്റായിരുന്നു. അച്ചന്‍ ഇല്ലാത്ത ദു:ഖം അറിയിക്കാതെ വളര്‍ത്തിയ അമ്മയുടെ മുന്‍മ്പില്‍ ഒന്ന് എതിര്‍ത്ത് പറയാനോ പ്രവര്‍ത്തിക്കാനോ വയ്യ. 

അമ്മ ഞങ്ങളെ വളര്‍ത്താന്‍ അനുഭവിച്ച കഷ്ടപാടുകള്‍ മറക്കാന്‍ പറ്റില്ല. അമ്മയുടെ നാല് മക്കള്‍ക്കും സര്‍ക്കാര്‍ ജോലി. വളരെ കഷ്ടപ്പെട്ടു പഠിപ്പിച്ചു ഞങ്ങളെ ഒരു നിലയിലാക്കി. മൂന്നു മക്കളുടേയും കല്ല്യാണം കഴിഞ്ഞു. ഏറ്റവും ഇളയവനായ തന്റെ ഊഴമാണ് അടുത്തത്.

അമ്മക്ക് ഒരു കത്ത് ഏഴുതി. ഒരു മാസം കൂടി കഴിഞ്ഞാല്‍ സ്‌ക്കൂള്‍ അടക്കും. അമ്മ കാണിച്ചു തരുന്ന പെണ്ണിനെ കെട്ടാന്‍ സമ്മതമാണെന്ന് കത്തില്‍ സൂചിപ്പിച്ചു. മാളൂട്ടി പനിയായി കിടപ്പിലായതു കാരണം പാല്‍ ഇല്ലാത്ത കാപ്പിയാണ് കുടിക്കുന്നത് എന്ന് എഴുതാനും മറന്നില്ല.

പിറ്റെ ദിവസം സ്‌ക്കൂള്‍ അവധിയായിരുന്നു. ടൗണില്‍ പോയപ്പോള്‍  കുറച്ചു കുപ്പിവള വാങ്ങി. അടുത്ത ദിവസം അവള്‍ വന്നു. പനി വന്നതിന്റെ ആലസ്യം മുഖത്ത് ഉണ്ടായിരുന്നു. അതിലേറെ അവളെ വിഷമിപ്പിച്ചത് പാല്‍ ഇല്ലാതെ കാപ്പി ഞാന്‍ കുടിച്ചതിനായിരുന്നു.  അവള്‍ പോകാന്‍ തിടുക്കം കൂട്ടി. മാളൂട്ടി ഞാന്‍ വിളിച്ചു. അവിടെ നില്‍ക്കൂ.. ഞാന്‍ നിനക്കു വേണ്ടി ഒരു സാധനം വാങ്ങിച്ചിട്ടുണ്ട്. 

അവള്‍ ചോദ്യ ഭാവത്തില്‍ എന്നെ നോക്കി! ഞാന്‍ കൊടുത്ത പൊതി അവള്‍ അഴിച്ചു നോക്കി. അവളുടെ മുഖത്ത് മിന്നിമറയുന്ന ഭാവം. ഞാന്‍ ശ്രദ്ധിച്ചു. ആ കണ്ണുകളിലെ തിളക്കം ഞാന്‍ കണ്ടു. അത് മുത്തു മണികളായി താഴോട്ടു വീണു.. സന്തോഷത്തിന്റെ മുത്തുകള്‍!! 

അടുത്ത ദിവസങ്ങളില്‍ അവള്‍ അവളുടെ കഥ പറയുവാന്‍ തുടങ്ങി. അച്ചന്‍ എന്നും കുടിച്ചു കൊണ്ടേ വീട്ടില്‍ വരും. ചീത്ത വാക്കുകള്‍ പറയും. ഇത് സ്ഥിരം പതിവാണ്. അമ്മയെ കണ്ട ഓര്‍മ്മയില്ല. ചിറ്റമ്മയാണ് അവള്‍ക്ക് ഉള്ളത്. അതില്‍ മൂന്നു കുട്ടികള്‍. രണ്ടു വയസ്, മൂന്നര വയസ്, അഞ്ചു വയസ് അവരുടെ കാര്യം കൂടി മാളു നോക്കണം. 

ചിറ്റമ്മ രാവിലെ കൂലിപണിക്ക് പോകും. അങ്ങിനെ പഠിപ്പ് മുടങ്ങി. കളിച്ചു നടക്കേണ്ട പ്രയത്തില് ഒരു ജീവിത ഭാരം മുഴുവനും തലയിലേറ്റേണ്ടി വന്ന അവസ്ഥ. ആ ഗ്രാമത്തില്‍ എല്ലാംവര്‍ക്കും മാളുവിനെ ഇഷ്ടമായിരുന്നു. ആ ഗ്രാമത്തിലെ അമ്മമാര്‍ അവരുടെ കുട്ടികളോടു പറയും ‘ മാളുവിനെ കണ്ട് പഠിക്ക്..

നാളെ സ്‌ക്കൂള്‍ അടക്കുകയാണ്, വീട്ടീല്‍ പോകാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുകയായി.  പിറ്റെ ദിവസം അവള്‍ വന്നപ്പോള്‍ പറഞ്ഞു. രണ്ടു മാസത്തേക്ക് ഇനി പാല്‍ വേണ്ട. ഞാന്‍ നാട്ടിലേക്ക് പോവുകയാണ്. മിക്കവാറും എന്റെ കല്ല്യാണം കാണും. തിരിച്ചു വരുമ്പോള്‍ മാളൂട്ടിക്ക്  കൂട്ടായി ഒരു ചേച്ചിയും കൂടെ കാണും. അവള്‍ എല്ലാം വളരെ കൗതുകത്തോടെ കേട്ടു നിന്നു. പിന്നെ പാലിന്റെ അളവു കൂട്ടണം കേട്ടോ 

എന്തുകൊണ്ടോ അന്ന് അവള്‍ പോകാന്‍ വളരെ തിരക്കു കൂട്ടി കണ്ടില്ല.  ഇനി വരുമ്പോള്‍ ഞാന്‍ മാളൂട്ടിയുടെ വീട്ടീല്‍ വരുന്നുണ്ട്. വീട്ടില്‍ ഉള്ള എല്ലാംവരേയും കാണാമല്ലോ? അവള്‍ വീട്ടിലേക്കുള്ള വഴി പറഞ്ഞു തന്നു.  സാറ് അങ്ങോട്ടു വരുമ്പോള്‍ സൂക്ഷീക്കണം. ഞങ്ങളുടെ വീടിന്റെ മുന്‍മ്പില്‍ കൂടി ഒരു പുഴയുണ്ട്, അതില്‍ ചെറിയ ഒരു പാലം ഉണ്ട്. മഴ വന്നാല്‍ പുഴ നിറയും. പിന്നെ പരല്‍ മീനുകള്‍ നിറയും. പാലം വളരെ നീളമുള്ളതാണ്. മഴ വന്നാല്‍ പാലം തെന്നും അതുകൊണ്ട് അങ്ങോട്ടു വരുന്നത് അത്ര എളുപ്പമല്ല, ചെളിയും വെള്ളവും കൊണ്ട് നടക്കാന്‍ വളരെ പ്രയാസം ആണ്.

അവളുടെ വീട്ടിലേക്ക് വരുന്ന വഴികളുടെ ബുദ്ധിമുട്ട് വിശദമായി പറഞ്ഞു കേള്‍പ്പിച്ചു. അതൊന്നും സാരമില്ല ഞങ്ങള്‍ അവിടെ എത്തിയിരിക്കും. 

 അവള്‍ മുറിയെല്ലാം തുടച്ചു വ്യത്തിയാക്കുവാനും  സാധനങ്ങള്‍ അടുക്കുവാനും എന്നെ ഒരുപാടു സഹായിച്ചു. അന്ന് അവള്‍ പതിവിലും കൂടുതല്‍ സമയം എന്റെ കൂടെ ചിലവഴിച്ചു. പിറ്റെ ദിവസം അതിരാവിലെ ഞാന്‍ എന്റെ ഗ്രാമത്തിലേക്ക് വണ്ടി കയറി. അമ്മ ഒരുപാട് വിഭവങ്ങള്‍ എനിക്കു വേണ്ടി ഒരുക്കിയിരുന്നു. പെങ്ങമ്മാരും അവരുടെ കുട്ടികളും എല്ലാംവരും എന്റെ ചുറ്റും കൂടി. എന്റെ പുതിയ സ്‌ക്കൂളിന്റേയും ഗ്രാമത്തിന്റേയും കഥകള്‍ കേള്‍ക്കാന്‍ എന്റെ കഥകളില്‍ പനച്ചിക്കരയും മാളവികയും നിറഞ്ഞു നിന്നിരുന്നു. കുട്ടികളുടെ ചോദ്യം മാളൂട്ടിയെ  എന്താണ് അങ്കിള്‍ കൊണ്ടു വരാതിരുന്നത്. ഇവിടെ ഞങ്ങളുടെ കൂട്ടത്തില്‍ കളിക്കാമായിരുന്നല്ലോ. അവള്‍ക്ക് നിങ്ങളുടെ കൂട്ടത്തില്‍ അങ്ങിനെ കളിക്കാന്‍ പറ്റുകയില്ല. അവരുടെ വീട്ടില്‍ ഒരുപാട് ജോലിയുണ്ട്.

പിന്നിടുള്ള ദിവസങ്ങള്‍ വളരെയധികം തിരക്കായിരുന്നു. പെണ്ണുകാണലും അതിന്റെ ചടങ്ങും ഉറപ്പീരും എല്ലാം… അമ്മ കണ്ടു വച്ച ഒരാളെ തന്നെ ഉറപ്പിച്ചു. ജോലി ഇല്ല. സാമാന്യം വിദ്യാഭ്യാസം ഉള്ള ഒരു കുട്ടി. 

വിവാഹം കഴിഞ്ഞു. സുനിത അതാണവളുടെ പേര്. അവളോടു മാളൂട്ടിയുടെ കഥകള്‍  പറഞ്ഞു കേള്‍പ്പിപ്പു. വളരെ ശ്രദ്ധാപര്‍വ്വം എല്ലാം അവള്‍ കേട്ടു. അവള്‍ക്കും ആ കുട്ടിയോട് വളരെ സഹതാപം തോന്നി എന്ന് അവളുടെ മുഖത്തില്‍ നിന്ന് മനസിലാക്കി. 

അവിടെ വന്നു കഴിഞ്ഞാല്‍ എനിക്ക് ആ കുട്ടി ഒരു വലിയ നേരം പോക്ക് ആയിരിക്കുമല്ലോ..രണ്ടു മാസം പോയത് അറിഞ്ഞില്ല. എല്ലാംവരും ഞങ്ങളെ യാത്ര അയക്കാനുള്ള തിരക്കിലാണ്.  തിരിച്ചു പനച്ചിക്കര ഗ്രാമത്തിലേക്ക് ബസു കയറുമ്പോള്‍ മനസില്‍ വളരെ സന്തോഷം മാളൂട്ടിയെ സുനിതക്ക് പരിചയപ്പെടുത്തി കൊടുക്കണം. അവള്‍ക്ക് പുതിയ ചേച്ചിയെ എന്തായാലും ഇഷ്ടപ്പെടും

പനച്ചിക്കര എത്തി എന്നുള്ള കണ്ടക്ടരുടെ നീട്ടി വിളി കേട്ട് ചിന്തയില്‍ നിന്നുണര്‍ന്നു. കിളികള്‍ കൂട്ടമായി മരചില്ലയില്‍ ഇരിപ്പുണ്ട്. അവര്‍ ചിലക്കുന്നില്ല.  വളരെ മൂകത അനുഭവപ്പെടുന്നതു പോലെ. 

ഞങ്ങള്‍ നേരെ മാളൂട്ടിയുടെ വീട്ടിലേക്ക് പോയി സുനിതയെ പരിചയപ്പെടുത്തിയിട്ട് താമസസ്ഥലത്തേക്ക് പോകാം എന്നു തീരുമാനിച്ചു. അവള്‍ പറഞ്ഞുതന്ന വഴി മനസിലുണ്ട്. മഴ പെയ്ത ലക്ഷണം കാണുന്നുണ്ട്. അവിടവിടയായി ധാരളം ചെളിവെള്ളം കെട്ടികിടപ്പുണ്ട്. വേഗത്തില്‍ നടക്കാന്‍ പറ്റുന്നില്ല. അവള്‍ പറഞ്ഞ പാലത്തെ കുറിച്ച് ഓര്‍ത്തപ്പോള്‍ ഒരു ചെറിയ പേടി തോന്നാതിരുന്നില്ല. 

അങ്ങ് അകലെ ഒരു ആള്‍ക്കൂട്ടം.. അവള്‍ പറഞ്ഞ പാലത്തിന്റെ ഇക്കരെ വരെ ഞങ്ങള്‍ എത്തി. പാലം ഇറങ്ങി വരുന്ന ഒരു വ്യദ്ധന്‍ പറയുന്നത് കേട്ടു. ‘ കാലു തെറ്റിയതാണ് പുഴയില്‍ നല്ല ഒഴുക്കുണ്ടായിരുന്നു. ആര്‍ക്കും കുട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പാവം കുട്ടി.’  ഹ്യദയം സ്തംഭിച്ചു പോയതു പോലെ തോന്നി… അത് എന്റെ സ്വന്തം മാളൂട്ടിയായിരുന്നു.

കുട്ടി നീ പ്രതീക്ഷിച്ചിരുന്ന നീ കാണാത്ത നിന്റെ ചേച്ചിയും ആയി ഞാന്‍ വന്നു. ചേച്ചി വരുന്നതുവരെയെങ്കിലും നിനക്ക് കാത്തിരിക്കാമായിരുന്നില്ലേ? നിന്റെ വീടിന്റെ സമീപത്തുള്ള പാലം  വളരെ അപകടം നിറഞ്ഞതാണ് എന്ന് നിനക്ക് നന്നായി അറിയാമായിരുന്നു. എന്നിട്ടും പിഴച്ചു പോയല്ലോ കുട്ടി. അതോ നീ മന:പൂര്‍വ്വം നിന്നിലൂടെ  എന്നെ ഈ പാലം അപകടം നിറഞ്ഞതായി കാണിച്ചു തന്നതായിരുന്നോ? അതോ നിന്റെ ജീവിതഭാരം താങ്ങാന്‍ പാറ്റാതെ നീ മന:പൂര്‍വ്വം ചെയ്തതാണോ.. ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍ മനസില്‍ കൂടി കടന്നു പൊയ്‌കൊണ്ടിരുന്നു. 

പാലം കയറി അക്കരക്കു പോയി നിശ്ചലമായ കിടക്കുന്ന എന്റെ മാളൂട്ടിയെ കാണാന്‍ എനിക്കു പറ്റുമോ? എന്തു ചെയ്യണമെന്ന് അറിയാതെ ആശങ്കയുമായി ഞാന്‍ അവിടെ മരവിച്ചു നിന്നു. സുനിത പരിഭ്രമത്തോടെ പറയുന്നതു കേട്ടു നമ്മള്‍ക്ക് തിരിച്ചു പോകാം. എനിക്ക് ഈ പാലം കയറുവാന്‍ പേടി തോന്നുന്നു. അത് മാളൂട്ടി സുനിതയെ കൊണ്ടു പറയിപ്പിച്ചതാണോ? എന്റെ ഹ്യദയം തേങ്ങി. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments