സംഗ്രഹം
തിരുവിതാങ്കൂറിനോട് ചേര്‍ന്നു കിടന്ന ഒരു സാങ്കല്‍പ്പിക ദ്വീപ് ആണ് ലെമൂറിയ. ഒന്നാം ലോക മഹായുദ്ധ കാലം മുതല്‍ കഥ ആരംഭിക്കുന്നു. കടലും കരയും മനുഷ്യരും ജീവിതവും. ബ്രിട്ടീഷ് നാവികര്‍ പണിത ലൈറ്റ് ഹൗസ്, ഒന്നാം ലോക യുദ്ധം…ലെമൂറിയക്കടലില്‍ ജര്‍മനിയുടെ ഭീമന്‍ പടക്കപ്പല്‍ എംഡന്‍. ജാപ്പനീസ് വിമാനത്തിന്റെ ബോംബ് വര്‍ഷം.
അന്ന് കടല്‍ യുദ്ധത്തില്‍ പിതാവിനെ നഷ്ടപ്പെട്ട ഗീവര്‍ഗീസിന് ഏഴ് വയസ്സ്. അയാള്‍ വളര്‍ന്നപ്പോള്‍ കടല്‍പ്രകൃതിയെയും ലെമൂറിയായെയും സ്‌നേഹിച്ചു. വിദേശികള്‍ ടൂറിസ്റ്റുകളായി വരാന്‍ തുടങ്ങി. ലെമൂറിയായുടെ പ്രത്യേകതകള്‍ അയാള്‍ പഠിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് ഉത്തരേന്ത്യയിലെ സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികള്‍ ലെമൂറിയയിലും പ്രതിഫലിക്കുന്നത്. വിവിധ മത ജാതികളുടേതായ ലെമൂറിയയിലും രാഷ്ട്രീയ സംഭവ വികാസങ്ങള്‍.
തിരുവിതാങ്കൂറില്‍ റീജന്റ് മഹാറാണി അധികാരമേല്‍ക്കുന്നു. കൊല്ലം രൂപതാ മെത്രാന്‍ ബെന്‍സിഗര്‍. രാജകുടുംബം ബിഷപ്പ് ബെന്‍സിഗറില്‍ നിന്ന് ലെമൂറിയ കൈവശമാക്കുന്നു. രാജകുടുംബത്തിന്റെ കൊട്ടാരം….ഗീവര്‍ഗീസിന്റെ പ്രണയവും വിവാഹവും കുടുംബവും…രണ്ടാം ലോക മഹായുദ്ധം…ഇന്ത്യന്‍ സ്വാതന്ത്ര്യം…ലെമൂറിയയിലും ലഹള…പലായനം…ജനാധിപത്യത്തിലെ വോട്ട് ബാങ്ക് രാഷ്ട്രീയം…ലെമൂറിയായിലെ ജനാധിപത്യം…
ലെമൂറിയന്‍ ജീവിതത്തിലെ സംഘര്‍ഷങ്ങളും ജീര്‍ണതകളും സങ്കീര്‍ണതകളും…മനുഷ്യത്വവും സാഹോദര്യവും ഇല്ലാതായി… വിഭാഗീയ ചിന്തകളാല്‍ ലെമൂറിയ ശാപഭൂമി പോലെയായി. എങ്കിലും അധികാര നേട്ടങ്ങള്‍ക്കായി വിഭജിത സമൂഹത്തില്‍ അവശേഷിക്കുന്ന നന്മയുടെ ന്യൂനപക്ഷം ഐക്യത്തോടെ അതിജീവിക്കാന്‍ ശ്രമിക്കുന്നു. മനുഷ്യ ജീവിതത്തിലെ സ്‌നേഹഗാഥകള്‍…
പക്ഷേ 1950ല്‍ ഒരു സുനാമിയില്‍ ലെമൂറിയ അപ്പാടെ മുങ്ങിപ്പോയി…ലെമൂറിയന്‍ പാറക്കെട്ടിലെ നിഷ്‌കളങ്കേശ്വരന്‍ കോവില്‍ മാത്രം വേലിയേറ്റത്തില്‍ മുങ്ങിയും വേലിയിറക്കത്തില്‍ പൊങ്ങിയും കാണപ്പെട്ടു.
2000ല്‍ ലെമൂറിയക്കാരനായ ഗീവര്‍ഗീസ് എന്ന തൊണ്ണൂറ്കാരന്റെ ഓര്‍മ്മകള്‍ റെക്കോര്‍ഡ് ചെയ്യുന്ന ചിത്ര ജോസഫ് എന്ന യുവസുന്ദരി…ഗീവര്‍ഗീസിനെ തേടിയെത്തിയ ബ്രിട്ടീഷ് ടിവി അവതാരകയാണവള്‍. ഒടുവില്‍ അവര്‍ കടലില്‍ താഴ്ന്നു കിടക്കുന്ന ലെമൂറിയായുടെ അവശിഷ്ടങ്ങള്‍ കാണാന്‍ കടലില്‍ പോകുന്നു…
കടലിനടിയിലെ അപ്രതീക്ഷിത സംഭവങ്ങള്‍…
ഓര്‍മ്മക്കല്ല്
ചരിത്രത്തിന്റെ ഓര്‍മ്മക്കല്ലുകള്‍ എവിടെയുമുണ്ട്. അവ എവിടെയൊക്കെയുണ്ടോ അവിടെയൊക്കെയും ചരിത്രം അദൃശ്യമായ ചിറകുകള്‍കൊണ്ട് കാലത്തിനു മുമ്പേ പറക്കുന്നു. ഓര്‍മ്മകളുണര്‍ത്തുന്നു. ഓര്‍മ്മകള്‍ ഭൂമിയുടെ അഗ്നിയാണ്. ജലവും ഭൂമിയും വായുവും അദൃശ്യപ്രഞ്ചത്തിന്റെ ഓര്‍മ്മകളുള്ള രൂപങ്ങളാണ്.
അങ്ങനെയാണ് ഗീവര്‍ഗ്ഗീസ് വിശ്വസിക്കുന്നത്.
പൊയ്‌പ്പോയ തലമുറകളുടെ ശബ്ദങ്ങളെ കേള്‍ക്കാനാവില്ലെങ്കിലും അവയെ ഉപേക്ഷിക്കുവാന്‍ ഗീവര്‍ഗ്ഗീസ് തയ്യാറല്ല. അയാള്‍ക്കതിനാവുകയില്ല. കാരണം കൂടുതല്‍ പറയാനുള്ളതിന്റെ തുടക്കം അവിടെയാണ്. ഒരു തുടര്‍ക്കഥയുടെ തുടക്കം.
ആകാശത്തിന്റെ നീലപ്പായ നോക്കു. അതു കീറുമ്പോഴല്ലേ പായ്‌വള്ളങ്ങളും കട്ടമരങ്ങളും കടലിന്റെ കാണാമറയത്ത് മുങ്ങുന്നതും ഉയരുന്നതും കാണാന്‍ കഴിയുക? അവയ്ക്കു മുകളില്‍ പ്രാചീനപക്ഷികളെ പോലെ കാര്‍മേഘങ്ങള്‍ നിരന്തരം ഭൂമിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് കേള്‍ക്കാനാവുക?
തിളയ്ക്കുന്ന പാല്‍പ്പതയെ ചവിട്ടിഞ്ഞെരിച്ച് വലിയ കുന്തപ്പടയുടെ വന്‍തിരകള്‍. അവ താളത്തിലാണ് പറക്കുന്നത്. പാറക്കെട്ടിനെ തൊട്ടുവണങ്ങി പിരിഞ്ഞു പോകുന്നു. രൂപങ്ങളും ഭാവങ്ങളും മാറുന്നു. പക്ഷെ ആ ചെറിയ പാറക്കെട്ട് ഓര്‍മ്മക്കല്ലാണ്.
പഴയ ലെമൂറിയ ദ്വീപിന്റെ അവശേഷിക്കുന്ന ഓര്‍മ്മച്ചെപ്പ്.
അതിനു ചുറ്റിലും തണുത്ത ജലം. ഇനിയും കൊടുങ്കാറ്റിന്റെ മിന്നല്‍ച്ചിറകുകള്‍ ആ കല്‍സ്തൂപങ്ങളെ തകര്‍ത്തിട്ടില്ല. അതെന്തുകൊണ്ടാണെന്ന് അന്വേഷിക്കുന്നവര്‍ക്കു മാത്രമേ അജ്ഞാതമായ ഉത്തരം കിട്ടൂ.
ആ പാറക്കെട്ടില്‍ കൊത്തുപണിചെയ്ത ഗുഹാക്ഷേത്രം. അതിനുള്ളില്‍ നാലോ അഞ്ചോ പേര്‍ക്ക് തലക്കുനിച്ചു നില്ക്കാം.
ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ബുദ്ധസന്യാസികള്‍ കരവേല ചെയ്ത് അവിടെ ശൂന്യതയുടെ ദൈവത്തെ പ്രതിഷ്ഠിച്ചു. പിന്നീട് ശൂന്യതയുടെ ദൈവത്തെ ശിവലിംഗാകൃതിയിലാക്കി. അതു ചെയ്തത് സമുദ്രദേവനായ വരുണനാണെന്ന് പഴമക്കാര്‍ വിശ്വസിക്കുന്നു. നിഷ്‌കളങ്കേശ്വരനാണ് ആ ശൂന്യപ്രതിഷ്ഠയിലുള്ളതെന്ന് എന്നോ നടന്ന ഒരു ദേവപ്രശ്‌നത്തില്‍ തെളിഞ്ഞു വന്നു. അങ്ങനെ ആ പാറ നിഷകളങ്കേശ്വരന്‍ കോവിലായി.
ഒന്നാം ലോകമഹായുദ്ധകാലത്ത് അതു വഴി പോയ ബ്രിട്ടീഷ് യുദ്ധക്കപ്പലുകളിലുണ്ടായിരുന്നവര്‍ നാട്ടാചാരമനുസരിച്ച് അവിടെ പൂജാരിമാരെ നിയമിച്ചു. ബ്രാഹ്മണപൂജാരിമാര്‍ വന്‍കരയില്‍ നിന്നു വന്നുപോയി.
പണ്ട്, നൂറ്റുണ്ടുകള്‍ക്കപ്പുറം, ആയിരത്തി അറുന്നൂറില്‍ മുഗള്‍ചക്രവര്‍ത്തിയായ ജഹാംഗീറിനെ കണ്ടു തൃപ്തിയോടെ മടങ്ങിയ ഈസ്റ്റ് ഇന്ത്യ ബ്രിട്ടീഷ് ട്രേഡിങ് കമ്പനിയുടെ ഹെക്ടര്‍ എന്ന കപ്പല്‍ ലെമൂറിയ തീരത്തടുത്തിരുന്നു. അതിലെ ക്യാപ്റ്റന്‍ വില്യം ഹോക്കിന്‍സും മറ്റു നാവികരും രാത്രി ചെലവഴിച്ചത് നിഷ്‌കളങ്കേശ്വരന്‍ കോവിലിലും ലെമൂറിയായുടെ തീരത്തുമാണ്.
ലെമൂറിയായുടെ കിഴക്കന്‍ ഭാഗത്തുള്ള നിഷ്‌കളങ്കേശ്വരന്‍ കോവിലില്‍ അന്നു മുതല്‍ രാത്രികാലങ്ങളില്‍ എണ്ണവിളക്കുകള്‍ ചില്ലുകുടുകള്‍ക്കുള്ളില്‍ തിരിതെളിഞ്ഞു.
നക്ഷത്രങ്ങള്‍ ശപിച്ച ഒരു ദിവസം. അന്ന്, ഏതാണ്ട് അമ്പതു വര്‍ഷം മുന്‍പ്, നിഷ്‌കളങ്കേശ്വരനെ മാത്രം അവിടെ നക്ഷത്രരാശികള്‍ നിലനിര്‍ത്തി. അതൊരു ഓര്‍മ്മക്കല്ലായി.
കല്ലുകള്‍ക്കുപോലും ചരിത്രത്തിന്റെ ഓര്‍മ്മയുണ്ട്. അവ ഓര്‍മ്മയുടെ രേഖകളാണ്. പലവിധ രൂപങ്ങളാണ്. മനുഷ്യന് അത് ഗ്രഹിക്കാനാവില്ല.
പൂവന്‍ത്തുരുത്തിലുള്ളവര്‍ക്കു അത്തരം ഭൂതകാല ഓര്‍മ്മകളില്ല. അതതു ദിവസത്തെ കുറിച്ച് മാത്രം ഓര്‍ക്കുന്നവര്‍ ഒരു ദിവസത്തെ മാത്രം ഓര്‍മ്മിച്ചു ജീവിക്കുന്ന മനുഷ്യശലഭങ്ങള്‍.
ഓര്‍മ്മക്കല്ലില്‍ ഇപ്പോഴും തിരിതെളിയുന്നു. അവിടെ എത്തുന്നവര്‍ നാലുപാടും വലയം ചെയ്ത ലെമൂറിയാക്കടലിനെ കുറിച്ചോര്‍ക്കുന്നു. ഒരു കാലത്ത് അവിടെയുണ്ടായിരുന്ന ലെമൂറിയ ദ്വീപിനെ കുറിച്ചും.
ചിലരുടെ കണ്ണുകളില്‍ സംശയം നിഴലിക്കും. ഈ കടല്‍ എത്ര ശാന്തമാണ്; ശാന്തതയുടെ സംഗീതമാണ്; ഈ സംഗീതത്തിനുള്ളില്‍ സൂനാമിയുടെ അതിഭീകരങ്ങളായ വന്‍തിരകളുടെ അട്ടഹാസമുണ്ടോ?
ചുവന്ന കല്ലുകള്‍ കൊണ്ടുള്ള മിന്നുന്ന കൊന്ത ലെമൂറിയായ്ക്കു മേലെ കടലാഴങ്ങളില്‍ താണുകൊണ്ടിരുന്നു.
(തുടരും)