Monday, February 24, 2025

HomeArticlesArticlesആട്ടിടയനും ഞാനും (കഥ)

ആട്ടിടയനും ഞാനും (കഥ)

spot_img
spot_img

ആൻറണി ജോസഫ് കുറുപ്പശ്ശേരി

പ്രഭാതഭക്ഷണം കഴിച്ച് ഞാൻ പതിവുപോലെ ബാൽക്കണിയിൽ ഇരുന്നു. അത് മഞ്ഞുകാലമായിരുന്നു. അന്തരീക്ഷമാകെ മൂടൽമഞ്ഞ് തളം കെട്ടി നിന്നു. മരങ്ങളുടെ ഇലകളിലും ചെടികളിലും മഞ്ഞ് പറ്റിപ്പിടിച്ചിരുന്നു. ഇലകളൊന്നു അനങ്ങുന്നില്ല. സൂര്യൻ കോടമഞ്ഞിൽ മറഞ്ഞിരിക്കുകയാണ്. ശീതക്കാറ്റടിച്ചിരുന്നേൽ ഇവിടെ ഇരിക്കാൻ സാധിക്കില്ലായിരുന്നു. ഇവിടെയിരുന്നാൽ ദൂരേക്കുള്ള കാഴ്ച കാണാൻ സാധിക്കും. മൂടൽ മഞ്ഞായതിനാൽ കാഴ്ച്ചയിൽ വ്യക്തതയില്ല. എന്നാലും അടുത്തുള്ള കാഴ്ചയേക്കാൾ മനോഹരമാണ് ദൂരേക്കുള്ള കാഴ്ചകൾ. ദൂരക്കാഴ്ചയിൽ വിസ്തൃതമായ ഒരു ലോകം നമ്മുടെ മുന്നിലേക്കെത്തുകയാണ്.

അങ്ങനെ കാഴ്ചകൾ കണ്ടിരിക്കേ, പെട്ടെന്ന് ബാൽക്കണിക്ക് എതിർവശത്തുള്ള തുറസ്സായ സ്ഥലത്ത് നൂറുകണക്കിന് ആടുകളുടെ ഒരു കൂട്ടം വരുന്ന അപൂർവ ദൃശ്യം എൻ്റെ ശ്രദ്ധയിൽപ്പെട്ടു. മൂന്ന് ആട്ടിടയന്മാർ ആടുകളെ മേയ്ക്കുവാനായി കൊണ്ടുവരികയാണ്.

ഞാൻ ഇതുവരെ അടുത്തു കണ്ടിട്ടില്ലാത്ത മനോഹരമായ കാഴ്ചയായിരുന്നു അത്. ഉടൻ തന്നെ ഞാൻ ഈ അപൂർവ ദൃശ്യം കാണിക്കാൻ ഭാര്യയെ നീട്ടി വിളിച്ചു. അവൾ എന്തോ ജോലിത്തിരക്കിലാണ്. മനസ്സിനെ കുളിർപ്പിക്കുന്ന അനുഭവത്തിന് സാക്ഷിയാകാൻ അവളും എന്നോടൊപ്പം ചേർന്നു. ഏതനുഭവങ്ങളും മറ്റുള്ളവരുമായി പങ്കിടുമ്പോഴാണ് അതിന് കൂടുതൽ മധുരിമയുണ്ടാകുന്നത്. ചില യാത്രകളിലല്ലാതെ ഞങ്ങൾ ആട്ടിൻകൂട്ടങ്ങളെ അടുത്ത് കണ്ടിട്ടില്ല. യാത്രകളിൽ ഞങ്ങൾ എല്ലായ്‌പ്പോഴും അവരെ കടന്നുപോയിരുന്നു, ആ രംഗങ്ങൾ കുറച്ച് നിമിഷങ്ങൾ മാത്രമേ കാഴ്ചയിലുണ്ടായിരുന്നുള്ളു. എന്നാലിപ്പോൾ അവ ഏറ്റവും അടുത്തായി ഞങ്ങളുടെ ബാൽക്കണിയിൽ നിന്ന് കാണാവുന്ന ദൂരത്തിൽ എത്തിച്ചേർന്നിരിക്കുന്നു.

ആട്ടിടയരോടും ആട്ടിൻ കൂട്ടത്തിനോടുമുള്ള ഇഷ്ടം വായിച്ച് പോയ കഥകളിൽ നിന്ന് ലഭിച്ചതാണ്. ആട്ടിടയർ മൂന്നുപേർ ഉണ്ടായിരുന്നു. അവർ മരത്തണലിലും മതിലിന് മുകളിലുമായി ഇരുന്നു, അവർ ഒറ്റയ്ക്കായിരുന്നു എപ്പോഴും. ദൂരെ നിന്ന് ഞാൻ അവരെ നിരീക്ഷിച്ചുകൊണ്ടിരുന്നു, മുഷിഞ്ഞ വസ്ത്രങ്ങളായിരുന്നു അവർ ധരിച്ചിരുന്നത്.

എൻ്റെ ഭാവനകൾക്ക് ചിറകുവെച്ചു. ഞാൻ ഇടയനെ ചങ്ങമ്പുഴയുടെ രമണനായും, ആൽക്കെമിസ്റ്റിലെ സാന്റിയാഗോയായും സങ്കൽപ്പിക്കാൻ തുടങ്ങി. അവൻ രമണനെപ്പോലെ പ്രണയ ബദ്ധനാണെന്നും, ചന്ദ്രികയുടെ ഓർമ്മയിലാണെന്നും ഭാവനയിൽ കണ്ടു. ഞാൻ അവരുടെ കയ്യിൽ ഓടക്കുഴൽ കണ്ടെത്തുവാൻ ശ്രമിച്ചു. എന്നാൽ ഈ പുതിയ കാലത്ത് അവരുടെ കയ്യിൽ ഓടക്കുഴലിന് പകരം മൊബൈൽ ഫോണുകൾ ആയിരുന്നു ഉണ്ടായിരുന്നത്.

ആടുകൾക്കൊപ്പം അവയുടെ സംരക്ഷണത്തിനായി

ഏതാനും കഴുതകളും രണ്ട് നായ്ക്കളും ഉണ്ടായിരുന്നു. നായ്ക്കൾ വളരെ നിശബ്ദരായിരുന്നു, അവർ പ്രതീക്ഷിച്ചത്ര ജോലി ചെയ്യുന്നില്ല എന്ന് എനിക്ക് തോന്നി. നായ്ക്കൾ, മുഴുവൻ ആടുകളേയും ഒരു കൂട്ടമായി നിയന്ത്രിക്കുകയും, കൊണ്ടുപോകുകയും ചെയ്യുമെന്ന് ഞാൻ കരുതി. അതിനിടെ, പുൽമേടുകളോ, കൃഷി സ്ഥലങ്ങളോ അല്ലാത്ത വ്യത്യസ്ത ചെടികളും, മുള്ളുകളുള്ള കുറ്റിച്ചെടികളും, കാട്ടു വള്ളികളും ഉള്ള തുറസ്സായ പ്രദേശമാകെ ആടുകൾ ചിതറിക്കിടന്നു. ആടുകൾ ഓടി നടന്ന് ഇലകളും പുല്ലും തിന്നുന്നതും, ചെറുകമ്പുകൾ ഒടിയുന്നതുമായ ശബ്ദം നിലത്തു നിന്ന് കേൾക്കാമായിരുന്നു. കുഞ്ഞാടുകൾ തുള്ളിക്കളിച്ചു നടന്നു. ഒറ്റപ്പെട്ടുപോയ ആടുകൾ പരിഭ്രാന്തരായി കരഞ്ഞുകൊണ്ട് കൂട്ടത്തിലേക്ക് ഓടുന്നത് കാണാമായിരുന്നു.

കഴുതകൾ കരയാൻ തുടങ്ങി. അവയുടെ ശബ്ദം വളരെ അരോചകവും മനം മടുപ്പിക്കുന്നതുമായിരുന്നു. അവയുടെ വലിയ ചെവിയും ശരീരത്തിന് ചേരാത്ത വലിയ തലയും കാഴ്ച്ചയിൽ ചെറിയ ചെമ്മരിയാടുകളിൽ നിന്ന് വേറിട്ട ഒന്നായി നിന്നു. അവ ഒരിടത്തായി തങ്ങി നിന്നിരുന്നില്ല, എപ്പോഴും അസ്വസ്ഥരായി നീങ്ങിക്കൊണ്ടിരുന്നു.

ഒരു സിനിമ കാണുന്നത് പോലെ ഈ സംഭവം മുഴുവൻ ആസ്വദിച്ചു. മനോഹരവും മനസ്സിൽ തട്ടുന്നതുമായ രംഗങ്ങളായിരുന്നു അത്. എന്നാൽ രസകരമെന്നു പറയട്ടെ, കുറച്ചു കഴിഞ്ഞപ്പോൾ ആരുടേയും കൽപ്പനയോ നിർദ്ദേശമോ ഇല്ലാതെ മുഴുവൻ സംഘവും തനിയെ അവിടെനിന്നും പുറത്തുകടന്നു. പ്രദേശത്ത് നിന്ന് മാറുമ്പോൾ അവർ ഒന്നിനുപുറകെ ഒന്നായി കർശനമായ വരി പാലിക്കുന്നത് കാണാമായിരുന്നു. ഇടയനും തന്റെ സ്വപ്നത്തിൽ നിന്ന് ഉണർന്ന് മറ്റൊരു പ്രദേശത്തേക്ക് നീങ്ങുന്ന ആട്ടിൻകൂട്ടത്തെ പിന്തുടർന്നു. യന്ത്രങ്ങളുടെ പ്രവർത്തനം പോലെയായിരുന്നു അവരുടെ ചെയ്തികളും പ്രയാണവും.

അവർ ആ പ്രദേശത്ത് നിന്ന് പൂർണ്ണമായും അപ്രത്യക്ഷമായപ്പോൾ വളരെ വിഷമം തോന്നി. ഞാൻ അവിടെ നിന്നും താഴെയിറങ്ങി അവരെ പിന്തുടർന്നു. ഞാൻ ഇടയനോടോപ്പമെത്തി. അവനോട് ചോദിയ്ക്കാൻ കുറെ ചോദ്യങ്ങൾ എന്റെ മനസ്സിൽ ഉണ്ട്. ഞാൻ അവനെ നോക്കി. അവൻ എന്നെ ശ്രദ്ധിക്കുന്നതേയില്ല. ഞാൻ അവനോട് ചോദിച്ചു.. ” എവിടെ നിന്നാണ് നിങ്ങൾ വരുന്നത്” അവൻ ശ്രദ്ധിക്കുന്നില്ല..

വീണ്ടും കുറച്ചു കൂടി ഉറക്കെ ചോദ്യം ആവർത്തിച്ചു.. അവൻ എന്നെ നിർവികാരനായി നോക്കി.. ഉത്തരം നൽകിയില്ല.. എനിക്ക് നിരാശ തോന്നി..

എന്നാൽ ഞാൻ പിന്തിരിയാൻ തയ്യാറല്ലായിരുന്നു. എനിക്ക് അവരെ കുറിച്ച് ഒരുപാട് അറിയണം. ആടുകളുടെയും ആട്ടിടയന്മാരുടെയും ജീവിതത്തെക്കുറിച്ചറിയണം. ഞാൻ വീണ്ടും അതേ ചോദ്യം ആവർത്തിച്ചു. അവൻ ഗൗരവത്തിൽ ദൂരേക്ക് ചൂണ്ടി ഒരു ഗ്രാമം കാട്ടി അതിൻ്റെ പേരു പറഞ്ഞു.. ആ ഗ്രാമം എനിക്ക് അറിയില്ല.. എന്നാലും സമാധാനമായി.. സംഭാഷണം തുടരാമല്ലോ.. ” എങ്ങോട്ടാണ് നിങ്ങൾ പോകുന്നത് ” അവൻ മറ്റൊരു ദിക്ക് കാട്ടി ആ ഗ്രാമത്തിന്റെ പേര് പറഞ്ഞു.. ഞാൻ ചോദിച്ചു “എപ്പോൾ തിരിച്ചു പോകും” “വൈകുന്നേരം. രാവിലെ 7 മണിക്ക് ആടുകളുമായി ഇറങ്ങുന്നതാണ്.” അവൻ പറഞ്ഞു. എനിക്ക് സന്തോഷമായി ഞാൻ ചോദിക്കാതെ കുറച്ചു കൂടി അവൻ മനസ്സ് തുറന്നല്ലോ.. ” പേര് എന്താണ് ” ” ഗോകുൽ ” അവൻ ചിരിച്ചുകൊണ്ട് അവൻ്റെ പേര് പറഞ്ഞു.

ചോദ്യങ്ങളും ഉപചോദ്യങ്ങളുമായി ഞാനും ആ ആട്ടിൻ കൂട്ടത്തിനോടൊപ്പം കുറെ നടന്നു. ആദ്യമുണ്ടായിരുന്ന അവൻ്റെ നിസ്സംഗത മാറി. അവന്റെ മുഖത്തു പ്രസന്ന ഭാവം തെളിഞ്ഞു. സുഹൃത്തുക്കളെ പോലെ ഞങ്ങൾ സംസാരിച്ചുകൊണ്ടു നടന്നു. സമയം കടന്നു പോയി. സൂര്യൻ അതിന്റെ പ്രഭാവം കാട്ടിത്തുടങ്ങി. മഞ്ഞു മാറി, വെയിലിൻറെ കാഠിന്യം കൂടി വന്നു. വിജനമായ വഴിത്താര.. ഇടയ്‌ക്കൊക്കെ പ്രത്യക്ഷപ്പെടുന്ന ചെറുവാഹനങ്ങൾ മാത്രം. ഞാൻ അവനോട് യാത്ര പറഞ്ഞു തിരിഞ്ഞു നടന്നു. ഒരു കൂട്ടുകാരനോട് എന്നപോലെ അവൻ ചിരിച്ചുകൊണ്ട് എന്നെ യാത്രയാക്കി. ഞാൻ തിരിഞ്ഞു നോക്കി, അവനും എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.

ഒരു പക്ഷേ ഇനി ഒരിക്കലും കാണാത്ത സുഹൃത്തുക്കൾ. അപ്പോഴാണ് വീട്ടിൽ നിന്നും ഒരുപാട് ദൂരം പിന്നിട്ടെന്ന് മനസ്സിലായത്. എന്നാലും എന്തോ നേടിയ ഒരു ആത്മസംതൃപ്തി തോന്നി. വീട്ടിലേക്കു കുറെ ദൂരം നടക്കണം. ചൂട് കൂടുന്നു. തെളിഞ്ഞ നീല ആകാശം, അവിടവിടെ അപ്പൂപ്പൻ താടി പോലെ വെള്ള മേഘങ്ങളുണ്ട്. പിച്ചി ചീന്തിയ പഞ്ഞിക്കെട്ടുപോലെ ചില മേഘങ്ങൾ പാറി നടക്കുന്നു. ഒരു തണുത്ത ചെറു കാറ്റടിച്ചപ്പോൾ സുഖം തോന്നി. മഞ്ഞു കാലമാണെങ്കിലും വെയിലിനു നല്ല ചൂടാണ്. നടത്തത്തിന് അല്പം വേഗം കൂട്ടി. പ്രധാന വഴിയിലേക്കെത്തിയപ്പോൾ മരത്തണലുകൾ ചൂടിൽ നിന്ന് അല്പം ആശ്വാസം നൽകി. വേഗം വീട്ടിലെത്തണം. വായിച്ചു തീർത്ത ആട്ടിടയരുടെ കഥകൾ ആയിരുന്നു മനസ്സിലപ്പോഴും തങ്ങി നിന്നത്.

ആൻറണി ജോസഫ് കുറുപ്പശ്ശേരി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments