തൃശ്ശൂര്‍: പ്രമുഖ ബഹുഭാഷാ പണ്ഡിതനായ ഡോ. കെ.പി.പി നമ്പ്യാര്‍ രചിച്ച ‘നിപ്പോണ്‍ തെക്കി’ എന്ന യാത്രാ വിവരണത്തിന്റെ വിപുലീകരിച്ച പതിപ്പ് പ്രകാശനം ചെയ്തു. തൃശ്ശൂരിലെ കേരള സാഹിത്യ അക്കാദമി ആസ്ഥാനത്തെ വൈലോപ്പിള്ളി ഹാളില്‍ നടന്ന ചടങ്ങില്‍ അക്കാദമിയുടെ മുന്‍ പ്രസിഡന്റും പ്രശസ്ത ചെറുകഥാകൃത്തുമായ വൈശാഖന്‍, പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ പ്രൊഫ. പി.വി കൃഷ്ണന്‍ നായര്‍ക്ക് കോപ്പി നല്‍കിക്കൊണ്ടാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്.
ജപ്പാന്‍ ഭാഷാ വിദഗ്ധനായ അശോക് കുമാര്‍, ഐവറി ബുക്‌സിന്റെ പ്രസാധകനായ പ്രവീണ്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഡോ. കെ.പി.പി നമ്പ്യാര്‍ മറുപടി പ്രസംഗം നടത്തി. നിപ്പോണ്‍ തെക്കിയുടെ ഒന്നാം പതിപ്പിന്റെ അവതാരിക 1971ല്‍ സാഹിത്യ കുലപതിയായ എം.ടി വാസുദേവന്‍ നായരാണ് എഴുതിയത്. എം.ടി മുഖ്യ പത്രാധിപരായിരിക്കെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ‘നിപ്പോണ്‍ തെക്കി’ ആസ്വാദകരുടെ പ്രശംസ നേടിയിരുന്നു.
അവതാരികയില്‍ എം.ടി ഇപ്രകാരം എഴുതി ”ജപ്പാനെയും ജപ്പാന്‍കാരെയും അടുത്തറിയാന്‍ കഴിഞ്ഞ ശ്രീ കെ.പി.പി നമ്പ്യാരുടെ ‘നിപ്പോണ്‍ തെക്കി’ യാത്രാ വിവരണ ഗ്രന്ഥങ്ങളുടെ സ്ഥിരം സങ്കേതകങ്ങള്‍ അവലംബിക്കുന്നില്ല. അതുതന്നെയാണതിന്റെ മഹത്വം. മലയാളത്തില്‍ നോവലും കഥയും കഴിഞ്ഞാല്‍ വായനക്കാര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന വിഭവം യാത്രാവിവരണങ്ങളോ സ്വാനുഭവ വിവരണങ്ങളോ ആണ്…”
”വായനക്കാരുടെ ഈ ദൗര്‍ബല്യത്തെ ചൂഷണം ചെയ്യുന്ന ടൂറിസ്റ്റ് ഗൈഡുകളെക്കാള്‍ ഒട്ടും ഭേദമല്ലാത്ത വിരസകൃതികള്‍ ഇവിടെ വന്നിട്ടുണ്ടെന്ന് സമ്മതിച്ചേ തീരൂ. ശ്രീ നമ്പ്യാരുടെ പുസ്തകത്തില്‍ സ്ഥിതിവിവരക്കണക്കുകളെക്കാള്‍ മനുഷ്യര്‍ക്കും ജീവിതത്തിനും പ്രാധാന്യം നല്‍കിയിരിക്കുന്നു. ജാപ്പനീസ് ജീവിതത്തിന്റെ ഹൃദയസ്പന്ദനങ്ങള്‍ ശ്രീ നമ്പ്യാര്‍ കണ്ടറിഞ്ഞിട്ടുണ്ടെന്നുള്ളതിന് തെളിവാണ് ഈ ഗ്രന്ഥത്തിന്റെ ശീര്‍ഷകം തന്നെ. ശരാശരി ജപ്പാന്‍കാരന്റെ ചിന്താഗതിയെ അത് പ്രതിഫലിപ്പിക്കുന്നു…”
”മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഈ ലേഖനങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിക്കാന്‍ സാധിച്ചതില്‍ ഒരു പത്രാധിപരെന്ന നിലയ്ക്ക് എനിക്ക് അഭിമാനമുണ്ട്. വായനക്കാരില്‍ നിന്നും മികച്ച സ്വാഗതം ഈ പരമ്പരയ്ക്ക് നേടാന്‍ കഴിഞ്ഞു. മലയാളത്തിലെ സഞ്ചാര സാഹിത്യത്തിന് അടുത്തകാലത്ത് കിട്ടിയ ഏറ്റവും ശ്രദ്ധേയമായ സംഭാവനകളിലൊന്നായ ഈ കൃതി പുസ്തകരൂപത്തില്‍ ഞാന്‍ അവതരിപ്പിക്കുന്നത് തികഞ്ഞ ആഹ്‌ളാദത്തോടെയാണ്…”
ജപ്പാനില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ കെ.പി.പി നമ്പ്യാര്‍ ഐക്യരാഷ്ട്രസംഘടനയുടെ ലോക ഭക്ഷ്യ-കാര്‍ഷിക സമിതിയിലെ ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്തെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ജാപ്പനീസ് മലയാളം നിഘണ്ടു, ജപ്പാന്‍ ഭാഷാ സംഭാഷണ സഹായി തുടങ്ങിയ പുസ്തകങ്ങള്‍ ഡോ. കെ.പി.പി നമ്പ്യാര്‍ രചിച്ചിട്ടുണ്ട്. 53000 അടിസ്ഥാന വാക്കുകളുടെ അര്‍ഥവും ഉച്ചാരണവുമെല്ലാമായി 6,00,000ത്തോളം വാക്കുകളും 1530 പേജുകളുമുള്ള നിഘണ്ടുവാണ് ഡോ. കെ.പി.പി നമ്പ്യാര്‍ തയ്യാറാക്കിയത്.