കുയിൽ തന്റെ വളർത്തമ്മയെ കാണാൻ പോയി. കുന്നിൻ ചെരുവിൽ പറന്നുനടക്കുന്ന കാക്കത്തള്ള തന്റെ വളർത്തമ്മ മാത്രമാണെന്ന് കുയിലിന് ഇപ്പോഴാണ് അറിവുണ്ടാകുന്നത്. തന്റെ സ്വന്തം അമ്മയാണെന്നാണ് ഇതുവരെ കരുതിയിരുന്നത് . തന്നെ തീറ്റ തന്നു വളർത്തി വലുതാക്കിയ ആ സ്നേഹമുള്ള അമ്മയെ ഒരുനോക്കു കാണാൻ ആ സ്വരമൊന്നു കേൾക്കാൻ തന്റെ ചെറുപ്പകാലത്തെപ്പറ്റി ഒന്നറിയാൻ.
താൻ വളർത്തിവിട്ട കുയിലിനെ കണ്ടപ്പോൾ കാക്കതള്ളക്ക് വലിയ സന്തോഷമായി . ഓടിച്ചെന്ന് അവളെ ചേർത്തുപിടിച്ചിട്ടു പറഞ്ഞു . നീ തിരിച്ച് എന്നെക്കാണാൻ വന്നല്ലോ . നിന്നെ വളർത്തിയപ്പോൾ ഞാൻ നിന്നെ ഒത്തിരി ഉപദ്രവിച്ചിട്ടുണ്ട് . അത് നിന്നോടുള്ള ദേഷ്യം കൊണ്ടല്ല . നിന്നെ എന്റെ കൂട്ടിൽ എന്റെ സ്വന്തം മുട്ടകൾക്കിടയിൽ ഞാൻ കാണാതെ നിന്റെ അമ്മ എന്നെ ചതിച്ചിട്ടു മുട്ടയിട്ടു പോയതിലുള്ള ദേഷ്യമായിരുന്നു.
എന്നാൽ ഞാൻ എന്റെ സ്വന്തം കുഞ്ഞുങ്ങളിൽനിന്നും ഒട്ടും നിന്നെ തരം തിരിച്ചില്ല . ആദ്യം മുട്ടവിരിഞ്ഞു പുറത്തുവരുമ്പോൾ എന്റെ കുഞ്ഞുങ്ങളെ പോലെ തന്നെയാണ് നീയും ഇരുന്നത്. അതിൽ ഏതാണ് കുയിലിന്റെ കുഞ് എന്ന് ആർക്കും മനസ്സിലായിരുന്നില്ല. തീറ്റ വച്ചുനീട്ടുമ്പോൾ എല്ലാവരും ഒരുപോലെ യാണ് വാ പൊളിച്ചിരുന്നത്.
സ്വന്തം അമ്മയെന്ന് കരുതി എന്റെ ചിറകിനടിയിൽ പതുങ്ങിയിരുന്ന് മഴയിൽ നിന്നും മഞ്ഞിൽ നിന്നും വെയിലിൽ നിന്നും നീ രക്ഷനേടി. . എന്നാൽ വളരുംതോറും നിന്നിൽ ചിലമാറ്റങ്ങൾ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. അധികം താമസിയാതെ എനിക്കുപിടികിട്ടി… നീ ഒരു ജാര സന്തതിയാണെന്ന്. എന്നാൽ ഞാൻ ആരോടും അത് പറഞ്ഞില്ല. നാണക്കേടോർത്തിട്ടല്ല എന്നിലെ അമ്മമനസ്സാണ് അതിനെന്നെ പ്രേരിപ്പിച്ചത്.
കാക്കകുഞ്ഞുങ്ങൾ കരയുന്നപോലെ കരയാൻ ഞാൻ നിന്നോട് പറഞ്ഞുനോക്കി നിനക്കത് ആയില്ല . അതിനു ഞാൻ പല ശിക്ഷകളും തന്നു. ഞാൻ നിന്നെ ഉപദ്രവിക്കുന്നത് കണ്ടപ്പോൾ നിന്റെ വളർത്തച്ഛനും മറ്റു കാക്ക സഹോദരങ്ങളും എന്നോട് ദേഷ്യപ്പെട്ടിട്ടുണ്ട്. അപ്പോൾ അവർക്കറിയില്ലായിരുന്നല്ലോ നീ ആരാണെന്ന്. നിന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ നിന്റെ ചുണ്ടും ശരീരപ്രകൃതിയും വ്യത്യസ്തമല്ലേ .
ആദ്യമൊക്കെ ഞാൻ കൊണ്ടുവരുന്ന മീൻതലയും പുഴുക്കളും നീ കഴിച്ചിരുന്നു. പിന്നീട് നിനക്കതൊന്നും ഇഷ്ടമില്ലാതെവന്നു. നിന്നെ അറിയാവുന്നതുകൊണ്ടും. നിന്റെആൾക്കാർ സാധാരണ കഴിക്കുന്ന ആഹാരം അറിയാവുന്നതുകൊണ്ടും. ഞാൻ നിനക്കായി പ്രത്യേകം പഴങ്ങളും കായ്കളും ശേഖരിച്ച് ആരുംകാണാതെ നിന്നെ കഴിപ്പിച്ചിരുന്നു. അല്ലായിരുന്നെങ്കിൽ നീ അന്നേ പട്ടിണികിടന്നു ചത്തുപോയേനെ.
കാലക്രമേണ നിന്റെ ശബ്ദം കുയിലുകളുടേതുപോലെയായി. അപ്പോൾ എല്ലാവരും പറഞ്ഞു എനിക്ക് മണ്ടത്തരം പറ്റിയിരിക്കുന്നു . അവൾ കുയിലിന്റെ കുഞ്ഞനെയാണ് തീറ്റികൊടുത്തു വളർത്തുന്നത് എന്ന്. അവർ ആ കാരണത്താൽ എന്നെ ഒറ്റപ്പെടുത്താൻ നോക്കി. എന്റെ കെട്ടിയോൻ എന്നെ വിട്ടു പോയി. നിന്നെ കൊത്തി…കൊത്തി കൊല്ലാൻ വരെ പലരും പറഞ്ഞിരുന്നു. ഞാൻ നീ ഒരു കുഞ്ഞല്ലേ ഇതൊന്നും നിന്റെ തെറ്റല്ലല്ലോ എന്ന് പറഞ്ഞുനിന്നെ കൂടുതൽ ചേർത്തുപിടിച്ചു. കുയിലുകരയുന്നപോലെ കരയാതെ കാക്ക കരയുന്നപോലെ കരയാൻ നിന്നെ ഞാൻ പഠിപ്പിക്കാൻ നോക്കി. പക്ഷെ നീ കൂ.. കൂ… എന്ന് മാത്രം കരഞ്ഞു. നിന്റെ പിടിവാശിയാണ് എന്നുപറഞ്ഞുനിന്നെ ഒത്തിരി ഞങ്ങൾ ഉപദ്രവിച്ചിട്ടുണ്ട്. ആ തള്ള കണ്ണുനീർ തുടച്ചു .
ഒരു കുയിലിന്റെ കുഞ്ഞിന് കാക്കകുഞ്ഞിനെ പോലെ കരയാൻ സാധിക്കുകയില്ല എന്ന് പിന്നീടാണ് മനസ്സിലായത്. നിനക്കിഷ്ടമുള്ള ഭക്ഷണം കിട്ടാൻ ഞാൻ ഒത്തിരി അലഞ്ഞു തിരിഞ്ഞിട്ടുണ്ട്. അപ്പോഴെല്ലാൻ പല മരത്തിൽവച്ചും നിന്റെ ജാതിയിൽ പെട്ട പെണ്ണുങ്ങൾ കായും പഴങ്ങളും തിന്നിട്ട് സ്വസ്ഥമായിട്ടിരുന്നു പാട്ടുപാടുന്നത് എനിക്ക് സഹിക്ക വയ്യാതെ പലരെയും ഞാൻ ഓടിച്ചിട്ട് കൊത്തിയിട്ടുണ്ട് .
ചതിയൻമ്മാരും ചതിച്ചികളുമായ നിങ്ങളുടെ ശബ്ദം ഞങ്ങൾക്ക് അരോചകമായിരുന്നെങ്കിലും മനുഷ്യർക്കും മറ്റ് ജന്തുക്കൾക്കും ആ ശബ്ദം ഏറെ ഇമ്പകരമായിരുന്നു.
അവർ പലപ്പോഴും കുപ്പത്തൊട്ടിയിൽ നിന്നുപോലും ഞങ്ങളെ കല്ലെറിഞ്ഞ് ഓടിച്ചിട്ട്, നിങ്ങളുടെ ശബ്ദത്തിനും പാട്ടിനും കാതോർക്കുകയും ഏറ്റുപാടുകയും ചെയ്യുന്നത് കാണുമ്പോൾ എനിക്ക് വല്ലാത്ത ദേഷ്യമാണ് വന്നിരുന്നത്. ഞങ്ങളെ എല്ലാവരും കല്ലെറിഞ്ഞപ്പോഴും,വാഴ്ത്തപ്പെട്ടവരും ഗാനകോകുലങ്ങളുമായി നിങ്ങൾ വിലസി . നിങ്ങൾ കുയിൽ നാദമുള്ളവരും ഞങ്ങൾ കാലൻ കറുമ്പൻ കാക്കകളുമായി . ഞങ്ങൾ കുപ്പത്തൊട്ടിയിലെ എച്ചിൽ തിന്നു ജീവിച്ചപ്പോൾ . നിങ്ങൾ പ്രത്യേക പഴങ്ങൾ മാത്രം തിന്നിട്ട് അരണമരത്തിന്റെയും പനയുടെയും മാവുകളുടെയും കൊമ്പുകളിലിരുന്ന് രാജ്ഞിമാരെപോലെ കൂ കൂ കൂ .. പാടി ആസ്വദിച്ചു. അതിനെ മനുഷ്യർ പോലും ഏറ്റുപാടിക്കൊണ്ടിരുന്നു.
കാക്കത്തള്ളയുടെ പരിഭവം പിടിച്ച വർത്തനങ്ങളും സങ്കടങ്ങളും കുയിലിൻകുഞ്ഞിനെ വിഷമിപ്പിച്ചു. ഈ തള്ള തനിക്കായി എത്ര കഷ്ട്ടപെട്ടിരിക്കുന്നു. അവരെ ഒന്ന് സമാദനിപ്പിക്കാനെങ്കിലും അവർ വച്ചുനീട്ടിയ ഭക്ഷണം അൽപ്പം കഴിച്ചു കാണിക്കണമെന്നുണ്ട്. പക്ഷെ സാധിക്കുന്നില്ല. തന്റെ ചുണ്ടുകൾക്കും നാക്കിനും തൊണ്ണയ്ക്കും അതൊന്നും ചേരുന്നില്ല എന്ത് ചെയ്യാം. അവസാന പ്രയത്നമായി കാക്കകൾ കരയുന്നപോലെ ഒന്ന് കരഞ്ഞുനോക്കി കാ.. കാ.. എന്നതിന് പകരം കൂ കൂ എന്നാണ് പുറത്തേക്കുവന്നത്,
” അതെങ്ങനെയാ കുയില് കരഞ്ഞാൽ കാക്കയാകുമോ”.കാക്കത്തള്ള മനസ്സിൽ പറഞ്ഞതാണെങ്കിലും കുയിലിൻകുഞ്ഞത് കേട്ടിട്ട് വിഷമത്തോടെ പറന്നുപോയി.
കാലം കടന്നുപോയി കാക്കവീണ്ടും കൂടു കൂട്ടി. ആകുയിൽ ഇണയെത്തേടി മുട്ടയിടാറുമായി. അവൻ പമ്മിപതുങ്ങി വന്നു മുട്ടയിടാൻ അതുമനസ്സിലാക്കിയ ആ അമ്മകാക്ക ഒന്നുമറിയാത്തപോലെ മരക്കൊമ്പിൽ പുറം തിരിഞ്ഞിരുന്നു. മുട്ടയിടീൽ കഴിഞ്ഞ കുയിൽ വിജയ ഭേരി മുഴക്കി പറന്നു പോകുന്നതും അവർ മനസ്സിലാക്കി. അങ്ങനെ വീണ്ടും കാക്കക്കൂട്ടിൽ കുയിലിന്റെ കരച്ചിൽ.