ഓര്‍മയിലേയ്ക്ക് അസ്തമിക്കുന്ന ‘2021’ നമുക്ക് നല്‍കിയത് മഹാമാരിയുടെ നോവുകള്‍ തന്നെയായിരുന്നു. അടച്ചിടലുകള്‍, തൊഴിലാളികളുടെ പലായനങ്ങള്‍, തൊഴില്‍ നഷ്ടങ്ങള്‍, വിദ്യാഭ്യാസ നിശ്ചലത, സാമ്പത്തിക തകര്‍ച്ച, തടഞ്ഞു വെക്കപ്പെട്ട പൗരാവകാശങ്ങള്‍…
അങ്ങനെ കൊവിഡ് വ്യാപനം ജീവിതത്തിന്റെ സമസ്ത മേഖലയെയും പ്രതിസന്ധിയിലാക്കി. ഭയം വേണ്ട, ജാഗ്രത മതിയെന്ന മുദ്രാവാക്യം ഭയക്കേണ്ടിയിരിക്കുന്നുവെന്നതിലേക്ക് വഴി മാറി. കാണാന്‍ പാകത്തിലല്ലാത്ത ഒരു വൈറസ് മനുഷ്യന്റെ നിസ്സാരതയെയാണ് ബോധ്യപ്പെടുത്തി തന്നത്. ആ തിരിച്ചറിവോടെയാണ് നാം പുതുവര്‍ഷത്തിലേയ്ക്ക് പദമൂന്നുന്നത്.
2022ലേക്ക് കടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ മഹാമാരി വീണ്ടും ഉഗ്രരൂപം പ്രാപിക്കുന്നുവെന്നതാണ് വസ്തുത. പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുകയാണ്. ഡെല്‍റ്റാ വകഭേദം അതിന്റെ താണ്ഡവം അവസാനിപ്പിച്ച് പിന്‍വാങ്ങിയിട്ടുമില്ല. വരും ദിവസങ്ങളില്‍ കൊവിഡ് കേസുകളില്‍ കുതിച്ച് ചാട്ടമുണ്ടാകുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
അതേസമയം, എല്ലാപുതുവര്‍ഷത്തെയും തേച്ചുമിനുക്കിയ പ്രതീക്ഷയോടെയാണ് ലോകജനത വരവേല്‍ക്കുന്നത്. ശുചിത്വത്തിന്റെ പ്രാധാന്യം, ആരോഗ്യ സംസ്‌കാരത്തിന്റെ ആവശ്യകത, കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കേണ്ടതിന്റെ അനിവാര്യത, സന്നദ്ധ സേവനത്തിന്റെ പ്രാധാന്യം തുടങ്ങിയ ചില നല്ല പാഠങ്ങള്‍ കൊവിഡ് മനുഷ്യ സമൂഹത്തിന് നല്‍കിയിട്ടുണ്ട്. ആ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് തന്നെയാവട്ടെ ഇനിയുള്ള നമ്മുടെ മുന്നേറ്റങ്ങള്‍.
ജീവിതത്തിന്റെ ഗുണനവും ഹരണവും കൂട്ടലും കിഴിക്കലും കഴിയുമ്പോള്‍ കിട്ടുന്ന മിച്ചസമ്പത്തുമായി മാത്രമായിരിക്കും നമ്മള്‍ 2022 ലേക്ക് പ്രവേശിക്കുക. പോയ വര്‍ഷം നമുക്ക് എന്തു നല്‍കി എന്ന ചോദ്യത്തെക്കാള്‍ വരും വര്‍ഷം നമ്മള്‍ എന്തായിരിക്കണം എന്ന ഉത്തരത്തിലേക്കാണ് ഇനിയുള്ള കാല്‍വയ്പുകള്‍. തീര്‍ച്ചയായും ഒരു പ്രതീക്ഷയുണ്ട്. പ്രത്യാശയുണ്ട്. 2022ന്റെ സഞ്ചാര വഴിത്താരകള്‍ സുഗമമാക്കാന്‍ നാമോരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. അതേസമയം നമ്മുക്കൊപ്പമുള്ളവരുടെ സഞ്ചാരവും സുഗമമാക്കണം.
ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഭക്ഷണക്രമവും ജീവിത രീതികളും ആര്‍ജിക്കാനും സാധിക്കണം. അങ്ങനെ പുതുവര്‍ഷ പ്രഭാതത്തെ ആത്മവിശ്വാസത്തോടെ വരവേല്‍ക്കാന്‍ നമുക്കാകും. ജീവിത യാത്ര ഇവിടെ അവസാനിക്കുന്നില്ല. സ്വപ്നങ്ങളും സുഖവും ദുഖവും പേറിക്കൊണ്ടുള്ള നടപ്പ് തുടരും. ആ തുടര്‍ച്ചയുടെ ബലവത്തായ കണ്ണികളാവാന്‍ ആഗ്രഹിക്കുക, പരിശ്രമിക്കുക. പോരാട്ടം തുടരുക…ആര്‍ക്കും അടിയറ വയ്ക്കാത്ത പോരാട്ടം.
‘നേര്‍ക്കാഴ്ച’യുടെ മാന്യ വായനക്കാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും പുതു പോരാട്ടത്തിന്റെ, അതിജീവനത്തിന്റെ, ഉറവവറ്റാത്ത സ്‌നേഹത്തിന്റെ, മനക്കരുത്തിന്റെ സമൃദ്ധമായ പുതുവര്‍ഷം നേരുന്നു…ഒപ്പം ചേര്‍ന്ന് നിന്നതിന്റെ നന്ദിയും കൂടി അറിയിക്കട്ടെ…
”ഹാപ്പി ന്യൂ ഇയര്‍…”
സ്‌നേഹാദരങ്ങളോടെ
സൈമണ്‍ വളാച്ചേരില്‍ (ചീഫ് എഡിറ്റര്‍) – രാജേഷ് വര്‍ഗീസ് (ചെയര്‍മാന്‍)