കൊച്ചി ;നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുണ്ടായ സാഹചര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന വിചാരണ നീട്ടണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ആറ് മാസംകൂടി വിചാരണ നീട്ടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംവിധായകന് ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലില്‍ കൂടുതല്‍ അന്വേഷണം നടക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
നേരത്തെ ഫെബ്രുവരി 16വരെയായിരുന്നു സുപ്രീം കോടതി വിചാരണക്ക് സമയം അനുവദിച്ചിരുന്നത്. പുതിയ വെളിപ്പെടുത്തലുകളുടെഅടിസ്ഥാനത്തില് നടന് ദിലീപിനേയും കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയേും വീണ്ടും അന്വേഷണം സംഘം ചോദ്യം ചെയ്തും. വിയ്യൂര്‍ ജയിലിലെത്തി പള്‍സര്‍ സുനിയെ ചോദ്യം ചെയ്ത ശേഷം ഇയാളുടെ മൊഴിയുടെകൂടി അടിസ്ഥാനത്തിലാകും ദിലീപിനെ ചോദ്യം ചെയ്യുക. ഇതിന്റെ നടപടിക്രമങ്ങള്‍ പോലീസ് ആരംഭിച്ചു.
തുടരന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംവിധായകന് ബാലചന്ദ്രകുമാറില്‍ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തിരുന്നു. ഈ മൊഴികളും മൊബൈല്‍ഫോണ്‍ അടക്കമുള്ള തൊണ്ടിമുതലുകളും കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.
ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്തബന്ധമുണ്ടെന്നാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് സുനിയെയും ദിലീപിനെയും ചോദ്യംചെയ്യാനുള്ള നടപടികളിലേക്ക് അന്വേഷണസംഘം നീങ്ങുന്നത്.