പാരിസ്: പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വാക്‌സിനെതിരായ പ്രതിഷേധം ശക്തിപ്പെടുന്നു. ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, ആസ്ട്രിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഞായറാഴ്ച വാക്‌സിന്‍ വിരുദ്ധ പ്രവര്‍ത്തകര്‍ പ്രതിഷേധ റാലി നടത്തി. കോവിഡ് വ്യാപനത്തിനു പിന്നാലെ വാക്‌സിനെടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ വിലക്കേര്‍പ്പെടുത്താനുള്ള നീക്കമാണ് വാക്‌സിന്‍ വിരുദ്ധരെ പ്രകോപിപ്പിച്ചത്.
ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ നടന്ന പ്രതിഷേധ റാലിയില്‍ മുഖാവരണം ധരിക്കാതെ, കടുത്ത തണുപ്പിനെയും മഴയെയും അവഗണിച്ച് നൂറുകണക്കിന് പേര്‍ പങ്കെടുത്തു. ‘സത്യം’, ‘സ്വാതന്ത്ര്യം’, ‘വാക്‌സിന്‍ പാസ്സ് വേണ്ട’ എന്നിവ എഴുതിയ പ്ലക്കാര്‍ഡുകളും ഉയര്‍ത്തിപ്പിടിച്ചായിരുന്നു റാലി. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ മുദ്രാവാക്യം വിളിച്ചു. വാക്‌സിനെടുക്കാത്തവരുടെ ജീവിതം കൂടുതല്‍ സങ്കീര്‍ണമാക്കി അവരെ വാക്‌സിനെടുക്കാന്‍ നിര്‍ബന്ധിപ്പിക്കുമെന്ന് പ്രസിഡന്റ് പ്രസ്താവന നടത്തിയിരുന്നു.
വെള്ളിയാഴ്ച ഫ്രാന്‍സില്‍ മൂന്നു ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും പ്രവേശിക്കുന്നതിനും ട്രെയിനുകളില്‍ യാത്ര ചെയ്യുന്നതിനും സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കുന്നതിനും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു.
ആസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ പ്രതിഷേധ റാലിയില്‍ 40,000ലധികം പേര്‍ പങ്കെടുത്തു. അടുത്തമാസം മുതല്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ജര്‍മനിയിലെ വിവിധയിടങ്ങളില്‍ നടന്ന റാലികളില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. ഹാംബര്‍ഗില്‍ 16,000 പേര്‍ പങ്കെടുത്തതായി പൊലീസ് അറിയിച്ചു.