കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടു സാക്ഷികളെ വിസ്തരിക്കാനും പ്രതികളുടെ ഫോണ്‍ രേഖകള്‍ വിളിച്ചുവരുത്താനും ഹൈക്കോടതി ഉത്തരവ്.
മൂന്നു സാക്ഷികളെ വീണ്ടും വിസ്തരിക്കാം. അഞ്ച് സാക്ഷികളെ പുതുതായി വിസ്തരിക്കാമെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഉത്തരവില്‍ വ്യക്തമാക്കി.
കേസില്‍ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം വിചാരണക്കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ സാക്ഷികളെ സാക്ഷികളെ രണ്ടാമതു വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി കഴിഞ്ഞതവണ വാദത്തിനിടെ പരാമര്‍ശിച്ചിരുന്നു.
സാക്ഷികളെ വിസ്തരിച്ച് മാസങ്ങള്‍ക്കു ശേഷമാണ് വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. ഇത് പ്രോസിക്യൂഷനു കേസിന് അനുസൃതമായി സാക്ഷിമൊഴികളുണ്ടാക്കാനാണെന്ന് സംശയിക്കുന്നതായും കോടതി പറഞ്ഞു.
പ്രോസിക്യൂഷന്റെ പാളിച്ചകള്‍ മറികടക്കുന്നതിനാകരുത് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നത്. പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍, സത്യം പുറത്തു വരണമെന്നതാണു ലക്ഷ്യമെങ്കില്‍ സാങ്കേതികത്വത്തിന് ഊന്നല്‍ നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. അന്വേഷണ ഉദ്യോഗസ്ഥനും പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും സംഭവിക്കാവുന്ന വിഴ്ചകള്‍ മൂലം സത്യം മൂടിവയ്ക്കപ്പെടരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടക്കുകയാണെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു