Saturday, March 15, 2025

HomeMain Storyഭൂമി അര്‍ഹതപ്പെട്ടവര്‍ക്കു കൊടുക്കൂ, അതുകഴിഞ്ഞുമതി വികസനത്തിനെന്ന് ഹൈക്കോടതി

ഭൂമി അര്‍ഹതപ്പെട്ടവര്‍ക്കു കൊടുക്കൂ, അതുകഴിഞ്ഞുമതി വികസനത്തിനെന്ന് ഹൈക്കോടതി

spot_img
spot_img

കൊച്ചി: ചെങ്ങറ ഭൂസമരക്കാര്‍ ഉള്‍പ്പെടെ അര്‍ഹതപ്പെട്ടവര്‍ക്കു ഭൂമി നല്‍കാതെ, ഏറെ സ്ഥലം ഏറ്റെടുക്കേണ്ടിവരുന്ന വിവിധ പദ്ധതികളിലേക്കു നീങ്ങുന്നതു സര്‍ക്കാരിനു വിനാശകരമാകുമെന്നു ഹൈക്കോടതി. ചെങ്ങറ സമരക്കാരുമായി കരാറുണ്ടാക്കിയിട്ടു 2 പതിറ്റാണ്ടാകുന്നു. ഈ പ്രശ്‌നത്തിനു പരിഹാരമാകാതെ സ്ഥലമെടുപ്പും കുടിയൊഴിപ്പിക്കലും ഉള്‍പ്പെട്ട പദ്ധതികളിലേക്കു കടക്കുന്നതു കലഹത്തിനും ആശയക്കുഴപ്പത്തിനും വഴിവയ്ക്കുമെന്നു കോടതി പറഞ്ഞു.

ആദിവാസി ദലിത് മുന്നേറ്റ സമിതിയും പത്തനംതിട്ട സ്വദേശി പി. പി. നാരായണനും മറ്റും നല്‍കിയ ഹര്‍ജികളിലാണു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്. ചെങ്ങറ സമരത്തെത്തുടര്‍ന്ന്, ഭൂരഹിത ആദിവാസികള്‍ക്കും പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും ഭൂമി നല്‍കാന്‍ 2010ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും പലര്‍ക്കും ഭൂമി കിട്ടിയില്ലെന്നും ചിലര്‍ക്കു കിട്ടിയതു വാസയോഗ്യമല്ലെന്നും ആരോപിച്ചായിരുന്നു ഹര്‍ജികള്‍.

ഹര്‍ജിക്കാര്‍ക്കും സമാന സാഹചര്യത്തിലുള്ളവര്‍ക്കും വാസയോഗ്യമായ ഭൂമി എന്നു നല്‍കാനാകുമെന്നു സര്‍ക്കാര്‍ അറിയിക്കണമെന്നു കോടതി നിര്‍ദേശിച്ചു. ഭൂമി അവകാശപ്പെടുന്നവരുടെ ക്ലെയിം പരിഗണിക്കാന്‍ വേണ്ട സമയപരിധിയും അറിയിക്കണം. മുന്‍ വാഗ്ദാനങ്ങള്‍ തൃപ്തികരമായി പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ തുടര്‍ന്നുള്ള ഉത്തരവാദിത്തങ്ങള്‍ എങ്ങനെ നിറവേറ്റുമെന്നു കോടതി ചോദിച്ചു.

ഭൂമി നല്‍കാന്‍ ലാന്‍ഡ് റവന്യു കമ്മിഷണറും മറ്റു റവന്യു ഉദ്യോഗസ്ഥരും ആത്മാര്‍ഥമായി ശ്രമിക്കുന്നുണ്ടെന്നും 4 ജില്ലകളിലായി 36.3438 ഹെക്ടര്‍ ഭൂമി ലഭ്യമാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ ഇതിന്റെ ഇരട്ടി ഭൂമി ആവശ്യമുണ്ടെന്നും ഈ പറയുന്ന ഭൂമി താമസ യോഗ്യമാണോയെന്നു സംശയമുണ്ടെന്നും ഹര്‍ജിഭാഗം അഭിഭാഷകന്‍ പറഞ്ഞു. തുടര്‍ന്നാണ്, വാസയോഗ്യമായ ഭൂമി നല്‍കാന്‍ വേണ്ട സമയപരിധി കോടതി ആരാഞ്ഞത്. കേസ് വീണ്ടും ഫെബ്രുവരി 2നു പരിഗണിക്കും

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments