ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ പാക് ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ വീരമൃത്യുവരിച്ച മലയാളി സൈനികന് ശൗര്യചക്ര. കോഴിക്കോട് ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെത്തറ ‘മയൂര’ത്തില്‍ എം. ശ്രീജിത്ത് ഉള്‍പ്പെടെ അഞ്ചുപേരാണ് മരണാനന്തര ബഹുമതിയായി ശൗര്യചക്രയ്ക്ക് അര്‍ഹരായത്.
പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജനറല്‍ ബിപിന്‍ റാവത്ത്, രാധേശ്യാം ഖേംക, കല്യാണ്‍ സിങ്, പ്രഭാ ആത്രെ എന്നിവര്‍ക്ക് പത്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, പശ്ചിമ ബംഗാള്‍ മുന്‍മുഖ്യമന്ത്രിയും സി.പി.എം. നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ, എഴുത്തുകാരി പ്രതിഭാ റായ്, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജിങ് ഡയറക്ടര്‍ സൈറസ് പൂനവാല, മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നഡെല, ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബറ്റിന്റെ സി.ഇ.ഒ സുന്ദര്‍ പിച്ചൈ എന്നിവര്‍ അടക്കം 17 പേര്‍ക്ക് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു.
107 പര്‍ക്കാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. കവി പി.നാരായണകുറുപ്പ്, കളരിയാശാന്‍ ശങ്കരനാരായണ മേനോന്‍ ചുണ്ടിയില്‍, വെച്ചൂര്‍ പശുക്കളെ സംരക്ഷിക്കുന്ന ശോശാമ്മ ഐപ്പ്, സാമൂഹിക പ്രവര്‍ത്തക കെ.വി.റാബിയ എന്നിവര്‍ക്ക് കേരളത്തില്‍ നിന്ന് പത്മശ്രീ പുരസ്‌കാരം ലഭിച്ചു.
മൊത്തം ആറ് ശൗര്യചക്രയാണ് റിപ്പബ്ലിക്ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി പ്രഖ്യാപിച്ചത്. കഴിഞ്ഞ ജൂലായിലാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ നായിബ് സുബേദാര്‍ ശ്രീജിത്ത് (42) വീരമൃത്യു വരിച്ചത്. തിരുവങ്ങൂര്‍ മാക്കാട വല്‍സന്റെയും ശോഭനയുടെയും മകനാണ്. ഭാര്യ: ഷജിന. അതുല്‍ജിത്ത്, തന്മയ ലക്ഷ്മി എന്നിവരാണ് മക്കള്‍. സര്‍വീസിലിരിക്കെ സേനാമെഡലും ശ്രീജിത്തിന് ലഭിച്ചിരുന്നു.
2021 ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണംനേടിയ നീരജ് ചോപ്ര പരമവിശിഷ്ട സേവാമെഡലിന് അര്‍ഹനായി. ഉത്തംയുദ്ധ സേവാമെഡല്‍ ലഭിച്ചവരില്‍ മലയാളികളായ ലഫ്. ജനറല്‍ ജോണ്‍സണ്‍ പി. മാത്യു, ലഫ്. ജനറല്‍ പി. ഗോപാലകൃഷ്ണമേനോന്‍ എന്നിവരും ഉള്‍പ്പെടുന്നു. ലഫ്. ജനറല്‍ എം. ഉണ്ണികൃഷ്ണന്‍ നായര്‍, മേജര്‍ ജനറല്‍ യു. സുരേഷ് കുമാര്‍, മേജര്‍ ജനറല്‍ ഹരിഹരന്‍, മേജര്‍ ജനറല്‍ ആര്‍. രവികുമാര്‍ എന്നിവര്‍ അതിവിശിഷ്ട സേവാമെഡലിനും അര്‍ഹരായി.
മേജര്‍ ജനറല്‍ വിനോദ് ടോം മാത്യു, ബ്രിഗേഡിയര്‍ കൊളങ്കര മോഹന്‍നായര്‍ എന്നിവരടക്കം പത്തുപേര്‍ക്ക് യുദ്ധസേവാമെഡല്‍ ലഭിച്ചു. 81 പേര്‍ ധീരതയ്ക്കുള്ള സേനാമെഡലിനും 40 പേര്‍ വിശിഷ്ടസേവനത്തിനുള്ള സേനാമെഡലിനും അര്‍ഹരായി. മേജര്‍ ജസ്റ്റിന്‍ ജോസഫ്, ക്യാപ്റ്റന്‍ രോഹിത് പി. നായര്‍, മേജര്‍ ജനറല്‍ വിജയ് ഭാസ്‌കരന്‍ നായര്‍ എന്നിവര്‍ക്ക് സേനാമെഡലുണ്ട്. ബ്രിഗേഡിയര്‍മാരായ എം.ആര്‍.കെ. രാജേഷ് പണിക്കര്‍, കെ.എസ്. ജോര്‍ജ്, ബി.കെ. വര്‍ഗീസ്, കേണല്‍ കെ. സലില്‍ കുമാര്‍ എന്നിവര്‍ക്ക് വിശിഷ്ട സേവാമെഡല്‍ ലഭിച്ചു.