കൊച്ചി: പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപ് ഉള്‍പ്പടെയുള്ള പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി.പ്രോസിക്യൂഷന് ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. ഇതോടെ പ്രതികളെ ബുധനാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിക്കുന്നതിന് വേണ്ടിയാണ് പ്രോസിക്യൂഷന് സമയം നീട്ടി ചോദിച്ചത്.
ബുധനാഴ്ചയ്ക്കകം കൂടുതല്‍ ശക്തമായ തെളിവുകള്‍ കണ്ടെത്തി കോടതിക്ക് കൈമാറാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതു മുന്നില്‍ കണ്ടാണ് ഹര്‍ജി പരിഗണിക്കുന്നത് നീട്ടണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടത്.
നേരത്തെ കോടതി അനുമതി പ്രകാരം മൂന്ന് ദിവസം ക്രൈംബ്രാഞ്ച് സംഘം പ്രതികളെ ചോദ്യം ചെയ്തിരുന്നു. ഒറ്റയ്ക്കിരുത്തിയും ഒരുമിച്ചിരുത്തിയും നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികളുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ഉപയോഗിച്ചിരുന്ന ഫോണ്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും പ്രതികള്‍ തയാറായിരുന്നില്ല.