വത്തിക്കാന്‍ സിറ്റി: കാലം ചെയ്ത ബനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്ക് പ്രാർത്ഥനാ മന്ത്രങ്ങളോടെ ലോകം വിട ചൊല്ലി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കാര്മികത്വത്തിലായിരുന്നു സംസ്കാര ശുശ്രൂഷ.
ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാണ് വിശ്വാസി സമൂഹത്തിന്റെയും ലോകനേതാക്കളുടെയും സാന്നിദ്ധ്യത്തില്‍ ചടങ്ങുകള്‍ തുടങ്ങിയത്.
ഇറ്റലിയും ജര്‍മ്മനിയും ഉള്‍പ്പെടെ 13 രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാര്‍ ചടങ്ങിനെത്തി. 120 കര്‍ദിനാള്‍മാരും 400 ബിഷപ്പുമാരും ചടങ്ങില്‍ പങ്കെടുത്തു . പ്രാദേശിക സമയം പുലര്‍ച്ചെ നാലുമണി മുതല്‍ ജനം ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. ആദര സൂചകമായി ഇറ്റലി പതാക താഴ്ത്തിക്കെട്ടി.
ആയിരത്തിലധികം ഇറ്റാലിയന്‍ സുരക്ഷാ സേനയെയാണ് സുരക്ഷയ്ക്കായി വിന്യസിപ്പിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഒരു ലക്ഷത്തിലധികം പേരാണ് ആദരാഞ്ജലി അര്‍പ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ബെനഡിക്‌ട് പതിനാറാമന്‍ മാര്‍പ്പാപ്പ മരണമടഞ്ഞത്. 95 വയസ്സായിരുന്നു.
ആധുനിക കാലഘട്ടത്തില്‍ ഇതാദ്യമായാണ് ഒരു എമരിറ്റസ് മാര്‍പാപ്പയുടെ മൃതസംസ്കാരം നടക്കുന്നത്. സംസ്കാര ശുശ്രൂഷകള്‍ ലളിതമായിരിക്കണമെന്ന് ബനഡിക്‌ട് പാപ്പ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പും കെസിബിസി പ്രസിഡന്‍റുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കര്‍ദിനാള്‍മാരായ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഫിലിപ്പ് നേരി ഫെറാവോ, ആന്‍റണി പൂല, സിബിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാവേലിക്കര ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് എന്നിവര്‍ സംസ്കാരശുശ്രൂഷയില്‍ സംബന്ധിച്ചു .