കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ചെയര്‍മാന്‍ പിജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് (77) അന്തരിച്ചു.
തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറായാണ് ശാന്ത ജോസഫ് വിരമിച്ചത്.
1971ലായിരുന്നു പിജെ ജോസഫുമായുള്ള വിവാഹം. കേരള കോണ്‍ഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം അപു, യമുന ആന്റണി, പരേതനായ ജോമോന്‍ ജോസഫ് എന്നിവരാണ് മക്കള്‍.
വരാപ്പുഴ മേനാച്ചേരില്‍ കുടുംബാഗമാണ് ഡോ. ശാന്ത. പ്രശസത് സാഹിത്യ നിരൂപകന്‍ എം.പി പോളിന്റെ സഹോദര പുത്രി. ജോസഫിന്റെ മൂത്ത സഹോദരിയുടെ ജൂനിയറായി മെഡിസിന്‍ പഠിച്ച ശാന്തയ്ക്ക് ആദ്യ നിയമനം ലഭിച്ചത് ജോസഫിന്റെ ?ഗ്രാമമായ പുറപ്പുഴയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരുന്നു. അവിടെ ജോലിക്കെത്തിയ ശാന്ത, ജോസഫിന്റെ വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസം തുടങ്ങി.
അന്ന് തേവര എസ്എച്ച് കോളെജില്‍ എം.എ വിദ്യാര്‍ഥിയായിരുന്ന ജോസഫുമായി അടുക്കുകയും അടുപ്പം പ്രണയമായി മാറുകയുമായിരുന്നു. ഒടുവില്‍ വീട്ടുകാരുടെ സമ്മതത്തോടെ പുറപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ വിവാഹിതരായി.
അന്നു മുതല്‍ ഇന്നോളം ജോസഫിന്റെ സുഖദുഃഖങ്ങളില്‍ സഹയാത്രികയായിരുന്നു. രാഷ്ട്രീയത്തിലൊഴികെ എല്ലാ കാര്യത്തിലും തന്റെ അവസാന വാക്കായിരുന്നു ശാന്ത എന്നു പറയുമായിരുന്നു ജോസഫ്.
പി.ജെ ജോസഫിന്റെ ഇളയ മകന്‍ ജോക്കുട്ടന്‍ കഴിഞ്ഞ വര്‍ഷമാണ് നിര്യാതനായത്. ജോക്കുട്ടന്റെ ഓര്‍മ്മയ്ക്കായി ജോക്കുട്ടന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിക്കുകയും, നിര്‍ധനരായവര്‍ക്ക് മാസം ആയിരം രൂപാ വച്ച് 4000 പേര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു.
.