രാമക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നപ്പോള്‍ ആത്മനിവൃതിയില്‍ അലിഞ്ഞ് ആ നിമിഷത്തിന് സാക്ഷ്യം വഹിച്ചവരില്‍ പ്രധാനിയായികരുന്നു കര്‍ണാടക സ്വദേശിയായ ശില്പി അരുണ്‍ യോഗിരാജ്. അയോധ്യ രാമക്ഷേത്രത്തിന്റെ ഗര്ഭഗൃഹത്തില് പ്രതിഷ്ഠിച്ച ശ്രീരാമന്റെ വിഗ്രഹം നിര്‍മ്മിച്ചത് അരുണ്‍ യോഗിരാജ് ആണ്.
”ഈ നിമിഷം ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യന് ഞാനാണെന്ന് കരുതുന്നു. പൂര്‍വികരുടെയും കുടുംബാംഗങ്ങളുടെയും അനുഗ്രഹം എനിക്കുണ്ടായി. ശ്രീരാമന് എല്ലായിപ്പോഴും എന്റെ കൂടെയുണ്ടായിരുന്നു. ഞാനൊരു സ്വപ്നലോകത്തിലാണെന്നാണ് ചിലപ്പോള്‍ തോന്നുന്നത്…” 38കാരനായ അരുണ്‍ യോഗിരാജ് പറയുന്നു.
കൃഷ്ണശിലയില്‍ കൊത്തിയെടുത്തതാണ് 4.24 അടി ഉയരവും 3 അടി വീതിയുമുള്ള അഞ്ച് വയസ്സിലുള്ള രാം ലല്ല. മൈസൂരു എച്ച്.ഡി കോട്ടെയിലെ ചെറു ഗ്രാമമായ ബുജ്ജേ ഗൗധന്പുരയില് വച്ചായിരുന്നു വിഗ്രഹത്തിന്റെ നിര്‍മ്മാണം. ആറ് മുതല്‍ ഏഴ് മാസമെടുത്താണ് അരുണ്‍ ശില്‍പ്പം നിര്‍മ്മിച്ചത്. ഒരു ദിവസം 12 മണിക്കൂറോളമാണ് ശില്‍പ്പത്തിന്റെ പണി പൂര്‍ത്തിയാക്കാനായി അദ്ദേഹം വിനിയോഗിച്ചത്. രാം ലല്ല നൂറ്റാണ്ടുകളോളം കേടുകൂടാതെയിരിക്കുമെന്ന് യോഗിരാജ് പറഞ്ഞു.
അഞ്ച് തലമുറകളായി ശില്‍പ്പകലാ രംഗത്ത് പ്രവര്‍ത്തിക്കുന്ന കുടുംബത്തിലെ അംഗമാണ് അരുണ്‍ യോഗിരാജ്. 11-ാം വയസ്സ് മുതലാണ് അരുണ്‍ ശില്പ്പങ്ങള് നിര്‍മ്മിക്കാന്‍ തുടങ്ങിയത്. എം.ബി.എ ബിരുദദാരിയായ അദ്ദേഹം സ്വകാര്യ കമ്പനിയില്‍ കുറച്ച് കാലം ജോലി നോക്കിയിരുന്നു. അതിന് ശേഷമാണ് മുഴുവന്‍ സമയ ശില്‍പ്പകലയിലേക്ക് അദ്ദേഹം തിരിഞ്ഞത്. 2008 മുതല്‍ യോഗിരാജ് ശില്‍പ്പകലാരംഗത്ത് സജീവമായി പ്രവര്‍ത്തിച്ച് വരുന്നു.
”എന്റെ തീരുമാനത്തില്‍ അമ്മയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ അച്ഛന് എല്ലാവിധ പിന്തുണയും നല്കി. 2014ല്‍ എനിക്ക് സൌത്ത് ഇന്ത്യാസ് യങ് ടാലന്റ് പുരാസ്കാരം ലഭിച്ചിരുന്നു. അതോടെ അമ്മയും എന്റെ തീരുമാനത്തെ അംഗീകരിച്ചു…” അരുണ്‍ പറഞ്ഞു.
200 കിലോയോളം ഭാരമുള്ള ശിലയില്‍ നിന്നാണ് അഞ്ചു വയസുകാരനായ ശ്രീരാമന്റെ രൂപം അരുണ്‍ യോഗിരാജ് കൊത്തിയത്. കൈകകളില്‍ വില്ലും ശരവുമേന്തി താമര പൂവിനുള്ളില്‍ നില്ക്കും വിധമാണ് വിഗ്രഹം. വിഗ്രഹത്തിന്റെ പ്രഭാമണ്ഡലത്തില്‍ ഇരുവശത്തും മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളായ മല്‍സ്യം, കൂര്‍മം, വരാഹം, നരസിംഹം, വാമനന്, പരശുരാമന്, രാമന്, കൃഷ്ണന്, ബുദ്ധന്, കല്‍ക്കി തുടങ്ങിയവരെയെല്ലാം ചിത്രീകരിച്ചിട്ടുണ്ട്.
വിഗ്രഹത്തിന്റെ മുകള്‍ ഭാഗത്താകട്ടെ, സനാതന ധര്‍മ്മവും ഹിന്ദുമതവുമായി ബന്ധപ്പെട്ട വിശുദ്ധ ചിഹ്നങ്ങളായ സ്വാസ്തിക്, ഓം എന്നിവയും സൂര്യനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിഗ്രഹത്തിന്റെ ഒരു കാലിനോട് ചേര്‍ന്ന് ഹനുമാന്, മറ്റൊരു കാലില്‍ ഗരുഡന്. ദശാവതാരങ്ങള്‍ക്കു മുകളില്‍ ഇരുവശത്തുമായി അശ്വിനി ദേവകള്‍, വിഷ്ണുവുമായും ശ്രീരാമനുമായും ബന്ധപ്പെട്ടു നില്ക്കുന്ന ഘടകങ്ങളായ ശംഖ്, ചക്രം, ഗദ, വിഗ്രഹം നില്ക്കുന്ന താമരയ്ക്കു താഴെ ദ്വാരപാലകരായി വിവിധ ദേവതകള്‍ എന്നിവയും കാണാം. വിഗ്രഹത്തിന്റെ വലതുകൈ ആശീര്‍വാദം നല്കുന്ന രീതിയിലാണ്. ആ കൈയില്‍ ഒരു അമ്പ് നല്കിയിരിക്കുന്നു. ഇടതുകൈയില്‍ വില്ലുമുണ്ട്.
2022 സെപ്റ്റംബറില്‍ ഇന്ത്യ ഗേറ്റിനു പിന്നില്‍ അമര്‍ ജവാന് ജ്യോതിയ്ക്ക് സമീപത്ത് സ്ഥാപിച്ച നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 28 അടി ഉയരമുള്ള പ്രതിമ നിര്‍മ്മിച്ചതും അരുണ്‍ യോഗിരാജ് ആയിരുന്നു. സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്ഷികത്തില് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ പ്രതിമ അനാവരണം ചെയ്തത്. അരുണ്‍ യോഗിരാജ് അന്ന് പ്രധാനമന്ത്രിയുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് രാം ലല്ലയുടെ വിഗ്രഹം തയ്യാറാക്കാനുള്ള നിയോഗം ലഭിക്കുന്നത്.
സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിക്കുന്നതിന് മുമ്പ് അരുണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ബോസിന്റെ ഒരു ചെറിയ പ്രതിമ സമ്മാനിച്ചിരുന്നു. ഇതേപ്പറ്റി നരേന്ദ്രമോദി സോഷ്യല്‍ മീഡിയയില്‍ കുറിക്കുകയും ചെയ്തിരുന്നു. കേദാര്‍നാഥില്‍ 12 അടി ഉയരത്തിലുള്ള ശങ്കരാചാര്യ പ്രതിമ രൂപകല്‍പ്പന ചെയ്തതും അരുണ്‍ യോഗിരാജാണ്. അതുകൂടാതെ മൈസൂരിലെ ചുഞ്ചന്‍കാറ്റേയില്‍ 21 അടി ഉയരമുള്ള ഹനുമാന് പ്രതിമയും ഇദ്ദേഹം നിര്‍മ്മിച്ചിരുന്നു. മൈസൂരില്‍ സ്ഥാപിച്ച 15 അടി ഉയരമുള്ള അംബേദ്കര്‍ പ്രതിമ രൂപകല്‍പ്പന ചെയ്തതും അരുണ്‍ ആണ്.
വെളുത്ത മാര്‍ബിളില്‍ കൊത്തിയെടുത്ത സ്വാമി രാമകൃഷ്ണ പരമഹംസരുടെ പ്രതിമ നിര്‍മ്മിച്ചതും അരുണ്‍ ആണ്. മൈസൂരിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ആറടി ഉയരമുള്ള നന്തിയുടെ പ്രതിമ, ബനശങ്കരി ദേവി പ്രതിമ എന്നിവയും അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. കൂടാതെ 14.5 അടി നീളമുള്ള മൈസൂര്‍ മഹാരാജാവായിരുന്ന ജയചാമരാജേന്ദ്ര വോഡയാറിന്റെ പ്രതിമയും അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. വെളുത്ത മാര്‍ബിളിലാണ് ഈ ശില്‍പ്പം അദ്ദേഹം പൂര്‍ത്തിയാക്കിയത്.
ശില്‍പ്പകലയിലെ യോഗിരാജിന്റെ കഴിവ് രാജ്യം അംഗീകരിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളാണ് ഈ മേഖലയില്‍ അദ്ദേഹം വാരിക്കൂട്ടിയത്. കര്‍ണാടക മുഖ്യമന്ത്രിയുടെ അംഗീകാരം, മൈസൂര്‍ ജില്ലാ അതോറിറ്റിയുടെ അംഗീകാരം, ഐക്യരാഷ്ട്ര സഭയുടെ പുരസ്കാരം, കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം എന്നിവയും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.