കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ താൽക്കാലിക ഗാലറിയിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യ നിലയിൽ ആശാവഹമായ പുരോഗതി. ഇന്നലെ കൈകാലുകൾ മാത്രം ചലിപ്പിച്ച എം.എൽ.എ ഇന്ന് ശരീരമൊക്കെ ചലിപ്പിച്ചതായി അവരുടെ ഫേസ്ബുക് പേജിലൂടെ അഡ്മിൻ ടീം അറിയിച്ചു. ‘പുതുവത്സരത്തിലെ സന്തോഷ വാർത്ത’ എന്ന കുറിപ്പിലാണ് സെഡേഷനും വെന്റിലേറ്റർ സപ്പോർട്ടും കുറച്ചുവരുന്നതായും ഇവർ അറിയിച്ചത്. എല്ലാവർക്കും പുതുവത്സരാശംസകൾ നേർന്നിട്ടുണ്ടെന്നും പ്രാർത്ഥനകൾ തുടരണമെന്നും കുറിപ്പിൽ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ കൈകാലുകൾ അനക്കുകയും മക്കളെ തിരിച്ചറിയുകയും ചെയ്തിരുന്നു. കുറച്ച് ദിവസം കൂടി വെന്‍റിലേറ്ററിൽ തുടരും. അമ്മ തന്നോട് പ്രതികരിച്ചതായി മകൻ വിഷ്ണുവും ഇന്നലെ പറഞ്ഞിരുന്നു. ആരോഗ്യസ്ഥിതി ആശുപത്രിയിലെ മെഡിക്കല്‍ സംഘവും മെഡിക്കല്‍ കോളജില്‍നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരും ചേര്‍ന്ന സംയുക്തസംഘം വിലയിരുത്തി. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് സംഘവുമായി ആശയവിനിമയം നടത്തി.
അതിനിടെ, നൃത്തപരിപാടിയുടെ സംഘാടകർക്കെതിരെ പൊലീസ് ഗുരുതര വകുപ്പുകൾ ചുമത്തി. കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നാരോപിച്ച് കോൺഗ്രസ് രംഗത്ത് വരികയും ഡി.ജി.പിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതുതായി ഗുരുതര വകുപ്പുകൾ ചുമത്തിയത്. വേദിയിലെ സുരക്ഷാവീഴ്ചകൾ എണ്ണിപ്പറഞ്ഞ് സംയുക്ത പരിശോധന റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്.