വാഷിങ്ടൻ : രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ലഭിക്കുന്ന 19 വ്യക്തികളുടെ പേരുകൾ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു.
മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ, ഫാഷൻ ഡിസൈനർ റാൽഫ് ലോറൻ, ഫുട്ബോൾ സൂപ്പർ താരം ലയണൽ മെസി, മുൻ പ്രതിരോധ സെക്രട്ടറി അന്തരിച്ച ആഷ്ടൺ കാർട്ടർ എന്നിവർ പുരസ്കാര ജേതാക്കളിൽ ഉൾപ്പെടുന്നു.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ കടുത്ത വിമർശകനും നിക്ഷേപകനുമായ ജോർജ് സോറോസിനും അവാർഡ് ലഭിക്കും. പൗരാവകാശ പ്രവർത്തകയായ ഫാനി ലൂ ഹാമർ, അറ്റോർണി ജനറലായും യുഎസ് സെനറ്ററായും സേവനമനുഷ്ഠിച്ച റോബർട്ട് ഫ്രാൻസിസ് കെന്നഡി, പാചക വിദഗ്ധൻ ജോസ് ആൻഡ്രസ്, എയ്ഡ്‌സിനും ദാരിദ്ര്യത്തിനും എതിരെ പോരാടിയ മൈക്കൽ ജെ. ഫോക്സ് ഉൾപ്പെടെയുള്ളവരും പുരസ്കാരം ലഭിച്ചവരുടെ പട്ടികയിലുണ്ട്. വൈറ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ് ജോ ബൈഡൻ പുരസ്‌കാര ജേതാക്കൾക്ക് മെഡലുകൾ സമ്മാനിക്കും.