ഡല്‍ഹി: ബിജെപിയും ആം ആത്മി പാര്‍ട്ടിയും നേരിട്ട് ഏറ്റുമുട്ടല്‍ നടക്കുന്ന ഡല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.ഫെബ്രുവരി അഞ്ചിന് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി എട്ടിന് വോട്ടെണ്ണുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നടപടികള്‍ എല്ലാ നടപടികളും ഫെബ്രുവരി 10 ഓടെ പൂര്‍ത്തിയാക്കും. 13,033 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്ത് ഉണ്ടാവുക
. മദ്യനയ അഴിമതി കേസടക്കം സജീവ ചര്‍ച്ചയാകുന്ന പ്രതികൂല സാഹചര്യത്തില്‍ ആംആദ്മി പാര്‍ട്ടി മൂന്നാമതും അധികാരം പിടിക്കുമോ എന്നതിലാണ് ആകാംക്ഷ. 70 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ദില്ലിയിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കിയെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചു. മരണ സര്‍ട്ടിഫിക്കറ്റ്, ബൂത്ത് ലെവല്‍ ഓഫീസറുടെ സാക്ഷ്യപത്രം അടക്കം രേഖകള്‍ പരിശോധിച്ചാണ് അന്തിമ തീരുമാനം എടുക്കുകയെന്നും ഹിയറിംഗ് പ്രക്രിയയും വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയുടെ കാലാവധി ഫെബ്രുവരി 23 ന് അവസാനിക്കും.ദില്ലിയില്‍ 1.55 കോടി വോട്ടര്‍മാരാണ് ഉള്ളത്. 84,49,645 പുരുഷ വോട്ടര്‍മാരും, 71,73,952 സ്ത്രീ വോട്ടര്‍മാരും. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ആംആദ്മി പാര്‍ട്ടിക്ക് നിര്‍ണ്ണായകമാണ്. 100 കോടിയുടെ ദില്ലി മദ്യനയ അഴിമതിയും, 46 കോടിയുടെ വസതി മോടിപിടിപ്പിക്കലും അരവിന്ദ് കെജ്രിവാളിനും, ആംആദ്മി പാര്‍ട്ടിക്കുമെതിരെ ബിജെപി ശക്തമായി ഉന്നയിക്കുന്നു. ആരോപണം കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷായടക്കമുള്ള നേതാക്കള്‍ കളം നിറഞ്ഞു കഴിഞ്ഞു.
കര്‍ണ്ണാടക, ഹിമാചല്‍ മോഡലില്‍ പ്യാരി ദീദി യോജന പ്രഖ്യാപിച്ച് 2500 രൂപ സ്ത്രീകള്‍ക്കായി കോണ്‍ഗ്രസും വാഗ്ദാനം ചെയ്യുന്നു. കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കുന്നതോടെ ത്രികോണ മത്സരത്തിന്റെ ചൂടിലേക്ക് ഡല്‍ഹി മാറുകയാണ്.