വാഷിങ്ടൻ:ജനുവരി 20ന് മുൻപ് ഇസ്രയേലി ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഹമാസിനെ മുച്ചൂടും മുടിക്കുമെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അന്നാണ് യുഎസിന്റെ 47ാം പ്രസിഡന്റായി ട്രംപ് അധികാരത്തിൽ കയറുന്നത്. ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ പൂർണ നാശമെന്നാണു ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്. ഫ്ലോറിഡയിലെ മാർ അ ലാഗോയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ട്രംപ്.
‘‘ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ പൂർണമായും നശിപ്പിക്കും. നിങ്ങളുടെ അനുരഞ്ജനശ്രമങ്ങളിൽ ഇടപെടണമെന്നു ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ അധികാരത്തിൽ കയറുന്നതിനുമുൻപു ബന്ദികളെ തിരിച്ചെത്തിച്ചില്ലെങ്കിൽ മധ്യപൂർവേഷ്യയിൽ തീമഴ പെയ്യും.
ഇതു ഹമാസിനു ഗുണം ചെയ്യില്ല. ആർക്കും ഗുണം ചെയ്യില്ല. ഇതിൽക്കൂടുതൽ ഞാൻ പറയുന്നില്ല. അവരെ നേരത്തേതന്നെ വിട്ടയയ്ക്കേണ്ടതായിരുന്നു. അവരെ ബന്ദികളാക്കാനേ പാടില്ലായിരുന്നു. ഒക്ടോബർ ഏഴിന് ആക്രമണം നടത്താനേ പാടില്ലായിരുന്നു’’– ഹമാസുമായുള്ള അനുരഞ്ജനശ്രമങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയവേയായിരുന്നു പ്രതികരണം.