കൊച്ചി ∙ കാക്കനാട് ജില്ലാ ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. സർക്കാരിനു മറുപടി പറയാൻ സമയം നൽകണമെന്നു പറഞ്ഞാണ് കോടതി കേസ് മാറ്റിവച്ചത്. എന്താണ് ഇത്ര ധൃതിയെന്നും മറ്റ് കേസുകൾ പരിഗണിക്കണമെന്നും കോടതി പറഞ്ഞു. തെളിവുകൾ ഹാജരാക്കിയെങ്കിലും മജിസ്ട്രേറ്റ് അതൊന്നും പരിഗണിച്ചില്ലെന്ന് ബോബിയുടെ അഭിഭാഷകൻ വാദിച്ചു.
അതിനിടെ, പരാതിക്കാരി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം വേട്ടയാടുകയാണെന്നും താൻ നിരപരാധിയാണെന്നും ബോബി ചെമ്മണൂർ ജാമ്യഹർജിയിൽ വ്യക്തമാക്കി.
നടി ഹണി റോസിന്റെ പരാതിയിൽ ബുധനാഴ്ച അറസ്റ്റിലായ ബോബി ചെമ്മണൂരിനെ ഇന്നലെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെ അപ്രതീക്ഷിതമായിരുന്നു മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം. ഇതോടെ മേൽക്കോടതിയെ സമീപിക്കാൻ പോലും സാഹചര്യമില്ലാതെ ബോബി ചെമ്മണൂരിന് ആദ്യ ദിനം കാക്കനാട് ജയിലിൽ കഴിയേണ്ടി വന്നു.
5 റിമാൻഡ് പ്രതികൾ കൂടിയുള്ള എ ബ്ലോക്കിലെ സെല്ലിലായിരുന്നു ബോബി കഴിഞ്ഞത്. എല്ലാവരും സമീപ ദിവസങ്ങളിൽ എത്തിയവരാണ്. പകൽ കാര്യമായി ഭക്ഷണം കഴിക്കാതിരുന്നതിനാൽ ജയിലിൽ കരുതിയിരുന്ന ചോറും ചപ്പാത്തിയും കറിയും കഴിച്ചു. വസ്ത്രം മാറി പുതിയത് ധരിച്ചു. മരുന്നുകളും ബോബി കൈവശം കരുതിയിരുന്നു.
ബോബിയെ ഇന്ന് രാവിലെ ജയിൽ ഡോക്ടർ പരിശോധിച്ചു. ഇന്നലെ രക്തസമ്മർദം താഴ്ന്നതിനെ തുടർന്ന് കോടതി മുറിക്കുള്ളിൽ ബോബി തളർന്നു വീണിരുന്നു. എന്നാൽ വൈകിട്ട് ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് വ്യക്തമായിരുന്നു.