പത്തനംതിട്ട: 18കാരി നിരന്തര ലൈംഗിക പീഡനത്തിന് ഇരയായ കേസിൽ ഇതിനകം 26 പേർ അറസ്റ്റിലായി. കേസിന്റെ വ്യാപ്തി കണക്കിലെടുത്ത് ഡി.ഐ.ജി അനിതാ ബീഗത്തിനെറ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘം രൂപവൽകരിച്ചു. പെൺകുട്ടിയുടെ മൊഴിയിൽ പറയുന്ന ചില ആളുകൾ ജില്ലക്ക് പുറത്താണെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ഈ സാഹചര്യത്തിൽ കൂടുതൽ പ്രതികൾക്കായി ജില്ലക്ക് പുറത്തും അന്വേഷണം നടത്തും. പെൺകുട്ടി ഉപയോഗിച്ച ഫോണിലേക്ക് പ്രതികളിൽ പലരും അശ്ലീല ദൃശ്യങ്ങൾ അയച്ചുവെന്ന് പൊലീസ് കണ്ടെത്തിയിരിക്കുകയാണ്. വാട്സാപ്പിൽ കിട്ടിയ ദൃശ്യങ്ങളിൽ പെൺകുട്ടിയുടെ നഗ്ന വീഡിയോയും ഉൾപ്പെടും. ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് കൂടുതൽ പേർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. അച്ഛന്റെ മൊബൈൽ ഫോണിലൂടെയായിരുന്നു പെൺകുട്ടിയും പ്രതികളുമായുള്ള ആശയ വിനിമയം. കുട്ടിയുടെ രക്ഷിതാക്കൾക്ക് സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയില്ല.
പെൺകുട്ടിക്ക് 13 വയസ്സുള്ളപ്പോൾ കാമുകനായ സുബിൻ മൊബൈൽ ഫോണിലൂടെ അശ്ലീലസന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുക്കുകയും കുട്ടിയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ശേഖരിക്കുകയും ചെയ്തു. തുടർന്ന് 16 വയസ്സായപ്പോൾ ബലാൽസംഗം ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. പിന്നീട് മറ്റൊരു ദിവസവും പീഡിപ്പിച്ചു. പിന്നീട് കൂട്ടുകാരായ മറ്റുപ്രതികൾക്ക് പെൺകുട്ടിയെ കാഴ്ചവെക്കുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. ഇവർ സംഘം ചേർന്ന് തോട്ടത്തിൽവെച്ച് കൂട്ടബലാത്സംഗത്തിന് വിധേയയാക്കിയതായും മൊഴിയിൽ പറയുന്നു. പഠിക്കുന്ന സ്ഥാപനത്തിൽ നടത്തിയ കൗൺസലിങ്ങിലാണ് കുട്ടി ദുരനുഭവങ്ങൾ വെളിപ്പെടുത്തിയത്.