Wednesday, January 15, 2025

HomeNewsKeralaകേസ് ഒതുക്കാൻ കൈക്കൂലിയും ഭീഷണിയും; ഇ‍.ഡി കൊച്ചി യൂണിറ്റിന്റെ പ്രവർത്തനം കേന്ദ്ര നിരീക്ഷണത്തിൽ

കേസ് ഒതുക്കാൻ കൈക്കൂലിയും ഭീഷണിയും; ഇ‍.ഡി കൊച്ചി യൂണിറ്റിന്റെ പ്രവർത്തനം കേന്ദ്ര നിരീക്ഷണത്തിൽ

spot_img
spot_img

കൊച്ചി∙ കള്ളപ്പണ അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ‍.ഡി) കൊച്ചി യൂണിറ്റിന്റെ പ്രവർത്തനം കേന്ദ്ര ധന മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാക്കി. യൂണിറ്റിലെ ചില ഉദ്യോഗസ്ഥരെ കുറിച്ചു തുടർച്ചയായി ലഭിച്ച പരാതികളാണു കാരണം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം(പിഎംഎൽഎ) റജിസ്റ്റർ ചെയ്ത കേസ് ഒതുക്കി തീർക്കാൻ ഇ.ഡി. കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥൻ അടക്കമുള്ളവർ 2 കോടി രൂപ ആവശ്യപ്പെട്ടു സ്ഥിരമായി ഭീഷണിപ്പെടുത്തുന്നു എന്ന കൊല്ലം സ്വദേശി ജയിംസ് ജോർജിന്റെ പരാതിയിൽ കേരള പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു.

ഇ.ഡി ഉദ്യോഗസ്ഥനെന്നു പരിചയപ്പെടുത്തി പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ മോഹനൻ, കൂട്ടാളി ബിബിൻ, അനിൽ, റെയിൽവേ ബോർഡ് അംഗമെന്നു പരിചയപ്പെടുത്തിയ രാഹുൽ എന്നിവരെയാണു സാമ്പത്തിക വഞ്ചനക്കുറ്റത്തിനും ഭീഷണിക്കും പൊലീസ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്.

പരാതിക്കാരന് എതിരെ 2018ൽ റജിസ്റ്റർ ചെയ്ത പിഎംഎൽഎ കേസിന്റെ പേരിൽ 2024 ജനുവരി മുതലാണു പ്രതികൾ ജയിംസ് ജോർജിനെ ഭീഷണിപ്പെടുത്താൻ തുടങ്ങിയത്.

കഴിഞ്ഞ മേയ് മാസം 29നു ഇ.ഡി. കൊച്ചി ഓഫിസിൽ നേരിട്ടു ഹാജരാകാൻ കേസിലെ ഒന്നാം പ്രതി മോഹനൻ ആവശ്യപ്പെട്ടതായി എഫ്ഐആറിൽ പറയുന്നു. മോഹനന്റെ സ്വകാര്യ ഫോൺ നമ്പർ നൽകിയ ശേഷം പുറത്ത് ഒറ്റയ്ക്കു കാണണമെന്ന് ആവശ്യപ്പെട്ടു. അടുത്ത ദിവസം ഫോണിൽ വിളിച്ച് കേസ് കൈകാര്യം ചെയ്യുന്ന ‘മാഡത്തിന്’ 10 ലക്ഷം രൂപ ഉടനടി കൊടുക്കണമെന്ന് ഒന്നാം പ്രതി ആവശ്യപ്പെട്ടതായാണു മൊഴി. ജൂലൈ 12 നു തിരുവല്ലയിലെ ഹോട്ടലിൽ എത്താൻ ആവശ്യപ്പെട്ടു. അവിടെയെത്തിയപ്പോൾ ഇ.ഡി ഉദ്യോഗസ്ഥരെന്നു പരിചയപ്പെടുത്തിയ രണ്ടു പേർ റെയിൽവേ മന്ത്രാലയത്തിന്റെ ബോർഡ് സ്ഥാപിച്ച കാറിലെത്തി. ഓഗസ്റ്റ് 25 നു മുൻപ് 25 ലക്ഷം രൂപ നൽകിയില്ലെങ്കിൽ‌ പിഎംഎൽഎ കേസിൽ ഗുരുതര പ്രത്യാഘാതമുണ്ടാകും എന്നു ഭീഷണിപ്പെടുത്തി.

28നു പ്രതികൾ പരാതിക്കാരന്റെ വീട്ടിൽ നേരിട്ടെത്തി ഫോണിൽ 100 രൂപ നോട്ടിന്റെ ചിത്രം കാണിച്ച് അതിന്റെ നമ്പർ എഴുതിയെടുക്കാൻ ആവശ്യപ്പെട്ടു. അടുത്ത ദിവസം ഇതേ നോട്ടുമായി കാണാനെത്തുന്നയാൾ വശം പണം കൊടുത്തു വിടണമെന്നു നിർദേശിച്ചു. ‘മോഹൻസാറിന്റെ’ നിർദേശപ്രകാരം നൽകേണ്ട തുക ഒരുകോടി അൻപതു ലക്ഷമായി കുറച്ചതായും അതിൽ 25 ലക്ഷം ഉടനെ നൽകാനും നിർദേശിച്ചു.

മൂന്നു മാസത്തിനുള്ളിൽ അടുത്ത 25 ലക്ഷം രൂപ കൈമാറണം. ശേഷിക്കുന്ന ഒരുകോടി രൂപ ആറു മാസത്തിനുള്ളിൽ പിഎംഎൽഎ കേസിലെ തുടർ നടപടികൾ അവസാനിപ്പിക്കുമ്പോൾ നൽകണമെന്നും നിർദേശിച്ചു.

ഭീഷണിപ്പെടുത്തിയ വിബിൻ, അനിൽ, രാഹുൽ എന്നിവർ ഇ.ഡി. ഉദ്യോഗസ്ഥരല്ലെന്നു സംശയം തോന്നിയതിനെ തുടർന്നാണു ജയിംസ് ജോർജ് പൊലീസിനു പരാതി നൽകിയത്. പ്രാഥമിക അന്വേഷണം നടത്തിയ കേരള പൊലീസിന്റെ ഇന്റലിജൻസ് വിഭാഗത്തിനു പരാതിയിൽ കഴമ്പുള്ളതായി ബോധ്യപ്പെട്ടതോടെ വിവരം കേന്ദ്ര അന്വേഷണ ഏജൻസികൾക്കു കൈമാറുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments