ഫ്ലോറിഡ: ഈ വർഷം ചന്ദ്രന്റെ ഭ്രമണപഥം പേടകങ്ങളാൽ നിറയും. പല രാജ്യങ്ങളും ഇതിനോടകംതന്നെ നിരവധി ചാന്ദ്രപദ്ധതികൾ പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കുന്നു.
അക്കൂട്ടത്തിൽ ഏറ്റവും വ്യത്യസ്തമായൊരു ചാന്ദ്രയാത്രക്കാണ് ഇന്ന് തുടക്കമാകുന്നത്. ഒരൊറ്റ വിക്ഷേപണത്തിൽ രണ്ട് വ്യത്യസ്ത രാജ്യങ്ങളുടെ പേടകങ്ങളാണ് ചന്ദ്രനിലേക്ക് കുതിക്കുക. സ്പേസ് എക്സിന്റെ ഫാൽക്കൺ -9 റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് കുതിച്ചുയരുമ്പോൾ അതിൽ ഘടിപ്പിച്ചിരിക്കുന്നത് നാസയുടെയും ജപ്പാന്റെയും ചാന്ദ്രവാഹനങ്ങളാണ്.
ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിൽതന്നെ ആദ്യമായിട്ടാണ് ഇങ്ങനെയൊരു പരീക്ഷണം. നാസക്കുവേണ്ടി അമേരിക്കയിലെ സ്വകാര്യ കമ്പനിയായ ഫെയർ ഫ്ലൈ വികസിപ്പിച്ച ബ്ലൂ ഗോസ്റ്റ്, ജപ്പാനിലെ ഐ സ്പേസിന്റെ ചാന്ദ്രവാഹനമായ ഹകുതോ-ആർ എന്നിവയാണ് ഇന്ന് ചന്ദ്രനിലേക്ക് കുതിക്കുന്നത്. വിക്ഷേപണത്തിന് നേതൃത്വം നൽകുന്നത് നാസയാണെങ്കിലും റോക്കറ്റും വാഹനങ്ങളുമെല്ലാം സ്വകാര്യ കമ്പനികളുടേതാണെന്ന പ്രത്യേകതയും ഈ യാത്രക്കുണ്ട്. ബ്ലൂ ഗോസ്റ്റ് മാർച്ചിൽ ചന്ദ്രനിലിറങ്ങും.
ചന്ദ്രോപരിതലം കുഴിക്കുന്നതടക്കമുള്ള പരീക്ഷണങ്ങളായിരിക്കും ഈ വാഹനം നിർവഹിക്കുക. ഹകുതോയും ഒരു ചാന്ദ്രവാഹനം ചന്ദ്രന്റെ ഉപരിതലത്തിൽ ഇറക്കും.