ടെഹ്റാൻ: ഹമാസുമായുള്ള വെടിനിർത്തൽ താൽക്കാലികം എന്നാണ് കണക്കാക്കുന്നതെന്നും ആവശ്യമെങ്കിൽ പോരാട്ടം തുടരാൻ ഇസ്രയേലിന് അവകാശമുണ്ടെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ലബനനിലും സിറിയയിലും ഇസ്രയേലിനുണ്ടായ സൈനിക വിജയമാണ് ഹമാസിനെ വെടിനിർത്തലിന് പ്രേരിപ്പിച്ചത്. മധ്യപൂർവദേശത്തിന്റെ മുഖഛായ ഇസ്രയേൽ മാറ്റി. ഏറ്റവും സാധ്യമായ വെടിനിർത്തൽ കരാർ നടപ്പാക്കാൻ കഴിഞ്ഞുവെന്നും നെതന്യാഹു പറഞ്ഞു.
യുഎസ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പിന്തുണ തനിക്കുണ്ടെന്നും ബുധനാഴ്ച സംസാരിച്ചിരുന്നെന്നും നെതന്യാഹു പറഞ്ഞു. വെടിനിർത്തൽ പ്രാബല്യത്തിൽ വരാൻ 12 മണിക്കൂർ മാത്രം ശേഷിക്കെ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.