തിരുവനന്തപുരം: ഇന്ത്യയില്‍ നടപ്പിലാക്കാവുന്ന പരമാവധി ശിക്ഷയാണ് വധശിക്ഷ. സുപ്രീംകോടതി അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസുകളില്‍ മാത്രമേ വധശിക്ഷ നടപ്പിലാക്കാവൂ എന്ന് മാര്‍ഗ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നാളിതുവരെ വധശിക്ഷയ്ക്ക് വിധേയരാക്കിയത് 26 പേരെയാണ്. 1960-63 കാലഘട്ടങ്ങളില്‍ അഞ്ചുപേരെയാണ് തൂക്കിലേറ്റിയത്. സംസ്ഥാനത്തെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 1991-ല്‍ റിപ്പര്‍ ചന്ദ്രനെ തൂക്കിലേറ്റിയതാണ് അവസാനമായി നടപ്പാക്കിയ വധശിക്ഷ. ചുറ്റിക കൊണ്ട് 14 പേരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലാണ് റിപ്പര്‍ചന്ദ്രനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റിയത്.
പാറശാലയില്‍ കാമുകന് കഷായത്തില്‍ വിഷം ചേര്‍ത്ത് കൊന്ന കേസില്‍ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചിരിക്കെ കേരളം വീണ്ടും തൂക്കുകയറിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ സജീവമാവുകയാണ്. 2023-ല്‍ നിയമസഭയില്‍ കടകംപള്ളി സുരേന്ദ്രന്റെ ചോദ്യത്തിന് മറുപടിയായാണ് സംസ്ഥാനത്ത് ആകെ തൂക്കിലേറ്റിയത് 26 പേരെയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലും, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുമാണ് വധശിക്ഷകള്‍ നടപ്പിലാക്കുന്നത്. പൂജപ്പുരയില്‍ 1979-ല്‍ കളിയിക്കാവിള സ്വദേശി അഴകേശനെയാണ് ഒടുവില്‍ തൂക്കിലേറ്റിയത്. ദുര്‍മന്ത്രവാദത്തിനായി നിരവധി പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതാണ് കേസിലായിരുന്നു വധശിക്ഷ.
കേരള സംസ്ഥാനത്തിന്റെ രൂപീകരണത്തിന് ശേഷം 1958-ലാണ് ആദ്യത്തെ വധശിക്ഷ നടപ്പിലാക്കുന്നത്. മുപ്പത് വര്‍ഷത്തിലധികം കാലമായി കേരളത്തില്‍ വധശിക്ഷ നടപ്പിലാക്കിയിട്ടില്ല. വധശിക്ഷ വിധിക്കുന്നതിലെ മാനദണ്ഡങ്ങള്‍ സുപ്രീം കോടതി കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസുകളില്‍ കുറ്റകൃത്യത്തിന്റെ സ്വഭാവവും, ക്രൂരതയും കണക്കിലെടുക്കുന്നതിനൊപ്പം പ്രതി സ്വയം നവീകരിക്കാനുള്ള സാധ്യതകള്‍ കൂടി പരിശോധിക്കണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കുന്നത്. 1967-72 കാലഘട്ടങ്ങളിലായി മൂന്ന് വധശിക്ഷ നടപ്പിലാക്കിയിട്ടുണ്ട്.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയെ ഒറ്റയ്ക്ക് ഒരു സെല്ലിലാണ് പിന്നീട് പാര്‍പ്പിക്കുക. ആവിശ്യമെങ്കില്‍ പ്രതിക്ക് മാനസികാരോഗ്യ വിദഗ്ധന്റെ സഹായമുറപ്പാക്കണമെന്നും നിയമമുണ്ട്. മറ്റൊരു ജീവിതത്തിലൂടെ കടന്ന് പോകുന്ന പ്രതി മരണത്തിന് തയ്യാറെടുക്കുക എന്നതും പ്രധാനമാണ്. സൂര്യനുദിക്കുന്നതിന് മുന്‍പാണ് വധശിക്ഷ നടപ്പാക്കുക. ശിക്ഷ നടപ്പിലാക്കുന്നതിന് മുന്‍പ് പ്രതിയുടെ ഭാരം കൊലക്കയറിന് അനുയോജ്യമാണോ എന്നും പരിശോധിക്കും. ശിക്ഷയ്ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
കേരളത്തില്‍ വധശിക്ഷ ലഭിക്കുന്ന മൂന്നാമത്തെ സ്ത്രീയാണ് ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ. ഇതിന് മുമ്പ് കോളിളക്കം സൃഷ്ടിച്ച കൊല്ലത്തെ വിധുകുമാരന്‍ തമ്പി വധക്കേസില്‍ 2006 മാര്‍ച്ചിലാണ് ആദ്യമായി ഒരു സ്ത്രീക്ക് വധശിക്ഷയ്ക്ക് വിധിക്കുന്നത്. രണ്ടാമത് വിഴിഞ്ഞം ശാന്തകുമാരി വധക്കേസില്‍ ഒന്നാം പ്രതിയായ റഫീക്ക ബീവിക്കാണ് വധശിക്ഷ ലഭിച്ചത്. റഫീക്കാ ബീവിക്കും ഗ്രീഷ്മയ്ക്കും വധ ശിക്ഷവിധിച്ചത് നെയ്യാറ്റിക്കര അഡീഷണല്‍ സെഷന്‍സ് കോടതി തന്നെയാണ്. മാത്രമല്ല, രണ്ട് കേസിലും അഡിഷണല്‍ ജില്ലാ ജഡ്ജി എഎം ബഷീര്‍ തന്നെയാണ് വിധി പറഞ്ഞതെന്നത് മറ്റൊരു പ്രത്യേകതയും.
2006-ല്‍ ആയിരുന്നു വിധുകുമാരന്‍ തമ്പി വധക്കേസില്‍ പ്രതിയായ ബിനിതയ്ക്ക് വധശിക്ഷയ്ക്ക് വിധിച്ചത്. അന്ന് ബിനിതയ്ക്ക് 35 വയസായിരുന്നു കൊല്ലം ജില്ലാ സെഷന്‍സ് കോടതി വിധിച്ച വധശിക്ഷ പിന്നീട് മേല്‍ക്കോടതി ജീവപര്യന്തമായി കുറച്ചു ബിനിത ഇപ്പോള്‍ അട്ടക്കുളങ്ങര ജയിലിലാണ്. തിരുവനന്തപുരം മിലിട്ടറി ക്യാമ്പിനടുത്ത് കട നടത്തിയിരുന്ന വിധുകുമാരന്‍ തമ്പിയെ ബിനിതയും മിലിട്ടറി ക്യാമ്പിലെ നഴ്സായിരുന്ന കാമുകന്‍ രാജുവും ചേര്‍ന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് കേസ്. മൃതദേഹം കാറിന്റെ ഡിക്കിയില്‍ കിടത്തി കൊണ്ടുപോയി ഊട്ടിക്കടുത്ത് കൊക്കയില്‍ തളുകയായിരുന്നു. ഷാരോണ്‍ കേസില്‍ വധശിക്ഷ വിധിച്ചതോടെ 55 പേരാണ് വധശിക്ഷ കാത്തുകഴിയുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍മാത്രം 25 പേര്‍.