ലണ്ടന്‍ : നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ആശംസാ സന്ദേശമയച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി സര്‍ കിയേര്‍ സ്റ്റാമെര്‍. ട്രംപ് ഭരണത്തില്‍ കീഴില്‍ ബ്രിട്ടന്‍- അമേരിക്ക ബന്ധം കൂടുതല്‍ ഈഷ്മളമായി വളരുമെന്ന് പ്രധാനമന്ത്രി പ്രത്യാശയും പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ കൂട്ടുകെട്ടിന്റെ അടിത്തറ ഉറപ്പിക്കാനുള്ള നടപടികള്‍ തുടരുമെന്നും പ്രധാനമന്ത്രി ആശംസാ സന്ദശത്തില്‍ വ്യക്തമാക്കി. അമേരിക്കന്‍ തിരഞ്ഞെടുപ്പിന് മുന്‍പ് ട്രംപും കിയേര്‍ സ്റ്റാമറും തമ്മില്‍ ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
രണ്ടാം വട്ടവും അമേരിക്കല്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്ന ഡോണള്‍ഡ് ട്രംപ് ആദ്യ ടേമില്‍നിന്നും തികച്ചും വ്യത്യസ്തനാകുമെന്നാണ് പ്രതീക്ഷയെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ട്രംപിന്റെ വിമര്‍ശകനായിരുന്ന സാദിഖ് ഖാനെതിരേ കഴിഞ്ഞ ഭരണകാലത്ത് ട്രംപും നിശിതമായ ഭാഷയിലാണ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നത്. ലണ്ടന്‍ നഗരത്തിലെ തുടര്‍ച്ചയായ കത്തിക്കുത്തുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മേയര്‍ക്കതെതിരേ അദ്ദേഹത്തിന്റെ പരിഹാസം.
”വംശവെറിയുടെ പോസ്റ്റര്‍ ബോയി” എന്നാണ് കഴിഞ്ഞ ഭരണകാലത്ത് സാദിഖ് ഖാന്‍ ട്രംപിനെ വിശേഷിപ്പിച്ചിരുന്നത്. ട്രംപിന്റെ യുകെ സന്ദര്‍ശന വേളയില്‍ അദ്ദേഹത്തെ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിന്നും ലണ്ടന്‍ നഗരത്തില്‍ പ്രതിഷേധ പരിപാടികള്‍ക്ക് അനുമതി നല്‍കിയുമെല്ലാം സാദിഖ് ഖാന്‍ ട്രംപ് വിമര്‍ശകരുടെ നേതൃസ്ഥാനീയനായി മാറിയിരുന്നു. എന്നാല്‍ ഇത്തവണ ട്രംപ് ഭരണത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന പ്രതികരണമാണ് സാദിഖ് ഖാന്‍ നടത്തിയത്.
ഇതിനിടെ ലേബര്‍ നേതാക്കളുടെ പരസ്പര വിരുദ്ധമായ നയതന്ത്ര നിലപാടുകളെ വിമര്‍ശിച്ച് റിഫോം യുകെ- നേതാവ് നൈജല്‍ ഫെറാജ് രംഗത്തെത്തി. യൂറോപ്യന്‍ യൂണിയനുമായി സഹകരണം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ക്ക് അതേസമയം തന്നെ അമേരിക്കയുമായും എങ്ങനെ ബന്ധം ശക്തിപ്പെടുത്താനാകുമെന്നാണ് ഫെറാജിന്റെ ചോദ്യം. ഈ ഒറ്റക്കാരണം കൊണ്ടു മാത്രം അമേരിക്കയുമായുള്ള ചര്‍ച്ചകളില്‍ സ്റ്റാമറിന്റെ നിലപാടുകള്‍ ദുര്‍ബലമാകുമെന്നും ഫെറാജ് വിമര്‍ശിച്ചു. ബ്രിട്ടിഷ് രാഷ്ട്രീയത്തില്‍ ട്രംപിന്റെ ഏറ്റവും വിശ്വസ്തനായ സുഹൃത്താണ് തീവ്ര വലതുപക്ഷ പാര്‍ട്ടിയായ റിഫോം യുകെയുടെ നേതാവ് നൈജല്‍ ഫെറാജ്.