റോം : നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കുടിയേറ്റ നാടുകടത്തല്‍ പദ്ധതികള്‍ക്കെതിരേ രൂക്ഷമായ വിമര്‍ശനങ്ങളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ . മതിയായ രേഖകളില്ലാത്ത കുടിയേറ്റക്കാരെ കൂട്ടത്തോടെ പുറത്താക്കുമെന്ന ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ, ഇറ്റാലിയന്‍ ടെലിവിഷനു നല്‍കിയ അഭിമുഖത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്.
ഇക്കാര്യത്തേക്കുറിച്ച് ടെലിവിഷന്‍ ചാറ്റ് ഷോ അവതാരകന്റെ ചോദ്യത്തിനുള്ള ഉത്തരമായിട്ടായിരുന്നു മാര്‍പാപ്പയുടെ പ്രതികരണം. ‘വാര്‍ത്തകള്‍ ശരിയാണെങ്കില്‍, അത് ഒരു വിപത്തായിരിക്കും. അത് നടക്കില്ല. കാര്യങ്ങള്‍ പരിഹരിക്കാനുള്ള വഴി ഇതല്ല.’ എന്നായിരുന്നു മാര്‍പാപ്പായുടെ വാക്കുകള്‍.
മെക്സിക്കോയുമായുള്ള യുഎസ് അതിര്‍ത്തിയില്‍ വേലി കെട്ടാനുള്ള ട്രംപിന്റെ പദ്ധതിയെ വിമര്‍ശിച്ചുകൊണ്ട്, ”മതിലുകള്‍ക്ക് പകരം സമൂഹങ്ങളില്‍ തമ്മിലുള്ള പാലങ്ങള്‍ നിര്‍മ്മിക്കണം” എന്ന് 2017 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടിരുന്നതും വാര്‍ത്തയായിരുന്നു.