എ.എസ് ശ്രീകുമാര്‍
ഇന്ത്യന്‍ പരമ്പരാഗത മൂല്യസംഹിതകളില്‍ കുറിച്ചിടപ്പെട്ടവയും കാലാകാലങ്ങളായി ഒരു സംസ്‌ക്കാരത്തിന്റെ ഭാഗമായി പിന്തുടരപ്പെടുന്നതുമായ ഒന്നാണ് ‘മാതാ പിതാ ഗുരു ദൈവം’ എന്ന തത്വം. മാതാവിനെയും പിതാവിനെയും ഗുരുവിനെയും ദൈവതുല്യരായി കാണണം എന്നാണിതിന്റെ അര്‍ത്ഥം. എന്നാലിവിടെ ഒരു വിദ്യാര്‍ത്ഥി പ്രധാന അധ്യാപകനായ പ്രിന്‍സിപ്പലിനെ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കിയ സംഭവം സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരിക്കുന്നു.
പാലക്കാട് ആനക്കര ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലായിരുന്നു സംഭവം. സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുവാദമില്ല. അത് ലംഘിച്ച് സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതിനെത്തുടര്‍ന്ന് അധ്യാപകര്‍ ഫോണ്‍ പിടിച്ചുവെക്കുകയായിരുന്നു. ഇതിനെച്ചൊല്ലി പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് പ്രിന്‍സിപ്പലിനുനേരെ കൊലവിളി നടത്തിയത്. ഫോണ്‍ പിടിച്ചു വെച്ചതില്‍ പ്രകോപിതനായ വിദ്യാര്‍ത്ഥി, ”കുറേ നാളായി നിങ്ങള്‍ എന്നെ മെന്റല്‍ ഹരാസ് ചെയ്യുന്നു…” എന്ന് പറയുന്നത് വീഡിയോയില്‍ കാണാം.
സ്‌കൂളിന് പുറത്തേക്കിറങ്ങിയാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. സാറിനെ പുറത്ത് കിട്ടിയാല്‍ തീര്‍ക്കും എന്നും കൊന്നിടുമെന്നും വിദ്യാര്‍ത്ഥി ഭീഷണി മുഴക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. അതേസമയം, സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം ഹയര്‍ സെക്കണ്ടറി ജോയിന്റ് ഡയറക്ടറും ബാലാവകാശ കമ്മീഷനും വിശദീകരണം തേടിയതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ അനില്‍കുമാര്‍ വിശദീകരണവുമായി രംഗത്തുവന്നു. വിദ്യാര്‍ത്ഥിക്ക് കൗണ്‍സിലിങ് അടക്കം നല്‍കാന്‍ പി.ടി.എ യോഗം ചേര്‍ന്ന് തീരുമാനിച്ചതായി പ്രിന്‍സിപ്പല്‍ പറഞ്ഞു.
ദൃശ്യങ്ങള്‍ പകര്‍ത്തിയത് കുട്ടിയുടെ വിദേശത്ത് ജോലി ചെയ്യുന്ന പിതാവിന് അയച്ചുകൊടുക്കാനാണെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇദ്ദേഹമടക്കം രണ്ട് പേര്‍ക്ക് മാത്രമാണ് വീഡിയോ അയച്ചുകൊടുത്തത്. സ്‌കൂളിന്റെ ഭാഗത്ത് നിന്ന് വീഡിയോ ചോര്‍ന്നിട്ടില്ല. കുട്ടിയുടെ അച്ഛന്‍ കുട്ടിയുടെ അമ്മയ്ക്ക് വീഡിയോ അയച്ചുകൊടുത്തതായാണ് മനസിലാക്കുന്നത്. അതില്‍ താന്‍ കൂടുതല്‍ ആരോപണം ഉന്നയിക്കുന്നില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
വിദ്യാര്‍ത്ഥി നേരത്തെയും പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നുവെന്നും കുട്ടിയുടെ പെരുമാറ്റത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നും പ്രിന്‍സിപ്പല്‍ ആരോപിക്കുന്നു. മുന്‍പ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയപ്പോഴെല്ലാം കുട്ടിയെ ചേര്‍ത്ത് നിര്‍ത്തുന്ന നിലപാടാണ് തങ്ങള്‍ സ്വീകരിച്ചത്. സംഭവത്തില്‍ വിദ്യാര്‍ത്ഥി മാപ്പ് പറഞ്ഞതായും തൃത്താല പൊലീസ് സ്റ്റേഷനിലെത്തി ഇത് ഒത്തുതീര്‍ത്തതായും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. ഹയര്‍ സെക്കണ്ടറി ജോയിന്റ് ഡയറക്ടര്‍ക്ക് ഇന്ന് തന്നെ വിശദീകരണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഏഴ് ലക്ഷത്തിലധികം കുട്ടികള്‍ പ്ലസ് വണ്‍, പ്ലസ് ടു തലങ്ങളിലായി കേരളത്തിലെ വിദ്യാലയങ്ങളില്‍ ഉണ്ട്. അതില്‍ അപൂര്‍വ്വമായാണ് ഇത്തരം സംഭവം ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങള്‍ പൊതുപ്രവണതയായി ഈ ഘട്ടത്തില്‍ കാണേണ്ടതില്ല. അഭികാമ്യം അല്ല എന്ന് ഇപ്പോഴത്തെ മുതിര്‍ന്നവര്‍ കരുതുന്ന കാര്യങ്ങള്‍ ചെയ്താല്‍ അത്തരം കുട്ടികളെ ശിക്ഷിച്ച് പ്രശ്നം പരിഹരിക്കാന്‍ കഴിയില്ല. അതാണ് ഓരോ സമൂഹത്തിന്റെയും പരിവര്‍ത്തനങ്ങളില്‍ നിന്ന് നാം പഠിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു.
ഇന്നത്തെ ന്യൂ ജനറേഷന്‍ കുട്ടികള്‍ക്ക് മാതാപിതാക്കളോടും അധ്യാപകരോടും പണ്ടത്തെപ്പോലെയുള്ള ആദരവും ബഹുമാനവും ഇല്ലെന്നാണ് പൊതു വികാരം സൂചിപ്പിക്കുന്നത്. മാതാവ്, പിതാവ്, ഗുരു, ദൈവം ഇവരൊക്കെയാണ് ഒരു കുട്ടിയുടെ ജീവിതത്തില്‍ ഏറ്റവുമധികം പ്രധാന്യവും സ്ഥാനവും അര്‍ഹിക്കുന്നവര്. അവര്‍ പറയുന്നത് കേട്ടും അനുസരിച്ചും ജീവിച്ചാല്‍ ജീവിത വഴികളില്‍ വിളക്കായും വെളിച്ചമായും താങ്ങായും തണലായും അവര്‍ പകര്‍ന്നു നല്‍കിയ വാക്കുകളോ അറിവോ തന്നെയാണ് കൂട്ടിന് ഉണ്ടാവുക.
മാതാ പിതാ ഗുരു ദൈവം എന്നതിന് അച്ഛനെയും അമ്മയെയും ഗുരുവിനെയും ദൈവത്തപ്പോലെ കാണണം എന്നു മാത്രമല്ല അര്‍ഥം, മറിച്ച് അച്ഛനും അമ്മയും ഗുരുവും ചേര്‍ന്ന ത്രിത്വമാണ് ഒരു വ്യക്തിയെ സൃഷ്ടിക്കുന്ന ദൈവം എന്നുകൂടിയാണ്. ശരീരം നല്‍കുകയും വ്യക്തിത്വരൂപവത്കരണത്തില്‍ പ്രാഥമികമായ ചില സ്വാധീനങ്ങള്‍ ചെലുത്തുകയും ചെയ്തുകൊണ്ട് സ്രഷ്ടാവ് എന്ന അര്‍ഥത്തില്‍ അച്ഛനമ്മമാര്‍ ആ നിര്‍മാണ പ്രക്രിയയില്‍ പങ്കുചേരുന്നു. ജനിക്കുന്ന കുട്ടിയെ എക്കാലത്തേക്കുമായി സ്വാധീനിക്കുന്ന ഗുരുത്വമുള്ള ഒരു പുറംകക്ഷി മൂന്നാമത്തെ ദൈവമാവുകയും ചെയ്യുന്നു.
അതാണ് ഗുരു. ഗുരുത്വം എന്നത് ശ്രേഷ്ഠതയുടെ പര്യായമാണ്. ഗുരുജനങ്ങളോടുള്ള ആദരവിനെയാണ് ഗുരുത്വം സുചിപ്പിക്കുന്നത്. ഗുരുത്വം ഒരാളെ മഹത്വവല്‍ക്കരിക്കുന്നു. ഗുരുത്വമില്ലായ്മ അഥവാ കുരുത്തക്കേട് എന്നൊക്കെ നാം പ്രയോഗിക്കുന്നത് ഗുരുജനങ്ങളെ നിന്ദിക്കുമ്പോഴും കുടില പ്രവര്‍ത്തികള്‍ ചെയ്യുമ്പോഴുമാണ്.
മലയാളികള്‍ ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി, അഴിമതിയോ വികസനമുരടിപ്പോ ബംഗാളി-ബീഹാറി അധിനിവേശമോ കൊതുകുശല്യമോ തെരുവുപട്ടികളോ അല്ല, ഗുരുത്വമുള്ള ആളുകളുടെ അഭാവം തന്നെയാണ്. വ്യക്തികളില്‍ ഇത് ചെറുപ്പകാലത്തുതന്നെ രൂഢമൂലമാവുന്നു. അതിന്റെ പ്രതിഫലനമാണ് പാലക്കാട് ആനക്കര ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിയില്‍ കണ്ടത്.
”കുട്ടികള്‍ പല കാരണങ്ങളാല്‍ പല തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും വിധേയമാകുന്നുണ്ട്. അത് വിദ്യാഭ്യാസ സ്ഥാപനമോ കുട്ടിയോ മാത്രം വിചാരിച്ചാല്‍ പരിഹരിക്കാന്‍ കഴിയുന്ന കാര്യമല്ല. അത് സാമൂഹികമായി കൂടി പരിഹരിക്കേണ്ടതാണ്. കുട്ടികള്‍ ഈ പ്രായത്തില്‍ ആഗ്രഹിക്കുന്ന സ്വയം പ്രകാശനത്തിനുള്ള അവസരങ്ങള്‍ വീട്ടിലും സമൂഹത്തിലും വിദ്യാലയങ്ങളിലും കുറഞ്ഞു വരുന്നുണ്ടോ എന്നതും അന്വേഷിക്കേണ്ടതുണ്ട്. വിദ്യാഭ്യാസം പരീക്ഷയുടെ വിജയമായി മാത്രം പരിമിതപ്പെടുത്തരുത്…” എന്നാണ് മന്ത്രി വി ശിവന്‍കുട്ടി ഇക്കാര്യത്തില്‍ പ്രതികരിച്ചത്.