വാഷിങ്ടൺ: യു.എസിലെ ജൻമാവകാശ പൗരത്വം അവസാനിപ്പിച്ചുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനിടെ സിസേറിയൻ വഴിയുള്ള പ്രസവത്തിന് തിരക്ക് കൂട്ടി ഇന്ത്യൻ ദമ്പതികൾ. ഫെബ്രുവരി 20 ഓടെ യു.എസിലെ ജൻമാവകാശ പൗരത്വം അവസാനിപ്പിക്കുമെന്നാണ് ട്രംപിന്റെ അന്ത്യശാസനം.
തുടർന്ന് നിരവധി ഇന്ത്യൻ ദമ്പതിമാരാണ് പ്രസവം സിസേറിയൻ വഴിയാക്കാൻ ആലോചിക്കുന്നതെന്ന് യു.എസിലെ ഇന്ത്യൻ വംശജയായ ഗൈനക്കോളജിസ്റ്റ് പറഞ്ഞു. ഏതാണ്ട് 20 ഓളം ദമ്പതിമാർ ഈ ആവശ്യമുന്നയിച്ച് സമീപിച്ചതായും ഡോക്ടർ വ്യക്തമാക്കി. പ്രസിഡന്റായി അധികാരമേറ്റയുടൻ എക്സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് ജൻമാവകാശ പൗരത്വം അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഈ ഉത്തരവിൽ ഉടൻ ഒപ്പുവെക്കുകയും ചെയ്തു. ഉത്തരവനുസരിച്ച് ഫെബ്രുവരി 19നുള്ളിൽ യു.എസിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് മാത്രമേ ജൻമാവകാശ പൗരത്വത്തിന് അർഹതയുണ്ടാവുകയുള്ളൂ.
ഇങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് 21വയസ് തികഞ്ഞാൽ മാതാപിതാക്കൾക്കും യു.എസിൽ സ്ഥിരതാമസത്തിനുള്ള അവകാശം ലഭിക്കും. എച്ച് വൺ ബി, എൽ വൺ ബിസയിൽ പതിനായിരക്കണക്കിന് ഇന്ത്യൻ വംശജരാണ് യു.എസിൽ ജോലി ചെയ്യുന്നത്. നിരവധി ഇന്ത്യക്കാർ യു.എസിലെ സ്ഥിര താമസത്തിനായുള്ള ഗ്രീൻ കാർഡ് ലഭിക്കാനുള്ള അപേക്ഷയും നൽകി കാത്തിരിപ്പിലുമാണ്. ജൻമാവകാശ പൗരത്വം ലഭിക്കുന്ന കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്കും യു.എസിൽ താമസിക്കാനുള്ള അനുമതി ലഭിക്കും.
എട്ടും ഒമ്പതും മാസം ഗർഭിണികളായവരാണ് എത്രയും പെട്ടെന്ന് സിസേറിയൻ ചെയ്തു തരുമോയെന്ന് ആവശ്യപ്പെട്ട് വിളിക്കുന്നതെന്ന് ന്യൂജഴ്സിയിലെ ഡോ. എസ്.ഡി. രമ പറയുന്നു. ചിലർക്ക് മാസം തികയാൻ ഒരുപാട് കാലം ശേഷിക്കുന്നുമുണ്ട്. ഏഴാംമാസമായ ഗർഭിണി ഭർത്താവിനൊപ്പമെത്തി പ്രീടേം പ്രസവം ആവശ്യപ്പെട്ട് ഫോമിൽ ഒപ്പുവെച്ചതായി ഡോക്ടർ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ സൂചിപ്പിച്ചു.