കല്‍പ്പറ്റ: മാനന്തവാടി പഞ്ചാര കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ രാധയെന്ന വീട്ടമ്മ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി ഈ മേഖലയില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ജനുവരി 24 മുതല്‍ 27 വരെയാണ് നിരോധനാജ്ഞ. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രദേശത്ത് നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. അതിനിടെ കടുവയുടെ ആക്രമണത്തില്‍ രാധയെന്ന 45കാരി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നാളെ യുഡിഎഫ് മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയില്‍ ഹര്‍ത്താല്‍ ആചരിക്കും.
ഇന്ന് രാവിലെയാണ് പഞ്ചാരക്കൊല്ലി സ്വദേശിയായ രാധയെ കടുവ കടിച്ചുകൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. പ്രിയദര്‍ശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പിക്കുരു പറിക്കാന്‍ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് വിവരം. തണ്ടര്‍ബോള്‍ട്ട് സംഘമാണ് മൃതദേഹം ആദ്യം കണ്ടത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം മിന്നു മണിയുടെ അമ്മാവനും പഞ്ചാരക്കൊല്ലിയിലെ വനം വകുപ്പ് താത്കാലിക വാച്ചറുമായ അച്ഛപ്പന്റെ ഭാര്യയാണ് രാധ.
ഇവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 11 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മൃതദേഹത്തില്‍ ഒരു ഭാഗം കടുവ ഭക്ഷിച്ചു. ആറ് മീറ്ററോളം ദൂരം കടുവ മൃതദേഹം വലിച്ചിഴച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. അതേസമയം ആക്രമിച്ച കടുവയെ വെടിവെച്ച് കൊല്ലാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ മന്ത്രി ഒആര്‍ കേളുവിനെതിരെ പ്രതിഷേധം ഉണ്ടായി.